Breaking NewsKERALANEWSTop News

കെ എം മാണി മരിച്ചിട്ടും സിപിഎമ്മിന്റെ പക അടങ്ങുന്നില്ല; നാണം കെട്ട് കേരള കോൺ​ഗ്രസ് എം ഇനിയും മുന്നണിയിൽ തുടരണോ എന്ന ചോദ്യം ശക്തമാകുന്നു; ജോസ് കെ മാണിയും കൂട്ടരും നേരിടുന്നത് വലിയ പ്രതിസന്ധി

കോട്ടയം: കെ എം മാണി അഴിമതിക്കാരനെന്ന് ഇന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തോടെ പ്രതിസന്ധിയിലായത് കേരള കോൺ​ഗ്രസ് എം. ഇടത് മുന്നണിയിലെ ഘടക കക്ഷിയായി തുടരുകയും, സംസ്ഥാന സർക്കാരിൽ അധികാരം കയ്യാളുകയും ചെയ്യുമ്പോൾ തന്നെ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ പരമോന്നത നീതിപീഠത്തിന് മുന്നിൽ തങ്ങളുടെ പരമോന്നത നേതാവ് കൊടിയ അഴിമതിക്കാരൻ എന്ന് പറഞ്ഞത് ഒരിക്കലും അം​ഗീകരിക്കാനാകില്ല എന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും. പ്രവർത്തകരുടെയും വികാരം ഇത് തന്നെയാണ് എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന്റെ അറിവോടെ അല്ലാതെ അഭിഭാഷകൻ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കില്ലെന്നും ഇവർ പറയുന്നു. ഇതോടെയാണ് തങ്ങളെ ഒപ്പം കൂട്ടി ചതിക്കുകയായിരുന്നോ സിപിഎം എന്ന ചിന്ത കേരള കോൺ​ഗ്രസ് എം നേതാക്കളിൽ ശക്തമാകുന്നത്.

നിലവിൽ കേരള കോൺ​ഗ്രസ് എമ്മിന് മുന്നിൽ രണ്ടേ രണ്ട് മാർ​ഗങ്ങളേയുള്ളൂ. തങ്ങളുടെ പരമോന്നത നേതാവ് അഴിമതിക്കാരനെന്ന് സുപ്രീംകോടതിയിൽ പോലും പറഞ്ഞ സിപിഎമ്മിന് വിധേയരായി അധികാരത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിച്ച് തുടരുക എന്നതാണ് ഒന്നാമത്തെ മാർ​ഗം. തങ്ങളുടെ നേതാവ് അഴിമതിക്കാരനല്ലെന്നും അങ്ങനെ നിലപാടെടുത്ത സിപിഎമ്മുമായി ഇനി ഒത്തുപോകാനാകില്ലെന്നും തുറന്ന് പറഞ്ഞ് മുന്നണി വിടുക എന്നതാണ് രണ്ടാമത്തെ മാർ​ഗം. സിപിഎമ്മും ഇതു തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന നിലപാടിലാണ് കേരള കോൺ​ഗ്രസ് നേതാക്കൾ. അല്ലെങ്കിൽ അനവസരത്തിലെ ഈ പരാമർശം ഒഴിവാക്കപ്പെടുമായിരുന്നു എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കുറ്റ്യാടി സീറ്റ് പിടിച്ചെടുത്തതും, പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി തോറ്റതും സിപിഎമ്മിന്റെ കൗശലമായിരുന്നു എന്ന വികാരം ഇപ്പോഴും കേരള കോൺ​ഗ്രസ് നേതാക്കളിലും അണികളിലും ശക്തമാണ്. ഇതിനിടെയാണ് പാർട്ടിയെ ആകെ നാണം കെടുത്തുന്ന നിലയിലുള്ള ഇന്നത്തെ സംഭവവും. കെ എം മാണി മരിച്ചിട്ടും സിപിഎമ്മിന്റെ ഉള്ളിലെ പക അടങ്ങുന്നില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ സംഭവം എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ അപമാനവും പേറി മുന്നണിയിൽ തുടരണമോ എന്ന ചോദ്യം നിരവധി നേതാക്കളാണ് ഉയർത്തുന്നത്.

കെ എം മാണി അഴിമതിക്കാരനെന്നാണ് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചത്. അന്നത്തെ ധനമന്ത്രിയായിരുന്ന കേരള കോൺ​ഗ്രസ് എം നേതാവ് കെ എം മാണി അഴിമതിക്കാരനായിരുന്നു എന്നും അതിനാലാണ് എംഎൽഎമാർക്ക് സഭക്കുള്ളിൽ അക്രമം കാണിക്കേണ്ടി വന്നത് എന്നുമായിരുന്നു സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട്. നിയമസഭാ കയ്യാങ്കളി കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കവേയായിരുന്നു സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്.

മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ അഡ്വ. രഞ്ജിത്ത് കുമാർ ആണ് സംസ്ഥാന സർക്കാരിനുവേണ്ടി ഇന്ന് ഹാജരായത്. സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കവെയാണ് കെ എം മാണി കൊടിയ അഴിമതിക്കാരനെന്ന് അദ്ദേഹം പറഞ്ഞത്.

കേരള കോൺ​ഗ്രസ് എം കൂടി അധികാരം പങ്കിടുന്ന സർക്കാരാണ് തങ്ങളുടെ ആരാധ്യനായ നേതാവ് അഴിമതിക്കാരനാണെന്ന് പരമോന്നത നീതിപീഠത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കാലം മാറിയതോടെ കേരള കോൺ​ഗ്രസ് എം ഇടത് പാളയത്തിൽ എത്തുകയും കെ എം മാണിയുടെ മകൻ ജോസ് കെ മാണി ഇടത് മുന്നണിയുടെ നേതാവായി ഇരിക്കുകയും ചെയ്യുമ്പോഴാണ് മാണി കൊടിയ അഴിമതിക്കാരനെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്.

കേരള കോൺ​ഗ്രസ് എമ്മിനുള്ളിലും ഇടത് മുന്നണിയിലും ഇന്നത്തെ സംഭവം വലിയ വാദപ്രതിവാദങ്ങൾക്കാകും വഴിയൊരുക്കുക. തങ്ങൾ കൂടി കക്ഷിയായുള്ള സർക്കാർ ഇത്തരത്തിൽ മാണിയെ അധിക്ഷേപിച്ചതിനെതിരെ പാർട്ടിക്കുള്ളിൽ വികാരം ശക്തമാകും. ഇത് മുന്നണിക്കുള്ളിലും വലിയ പൊട്ടിത്തെറിക്കാകും വഴിയൊരുക്കുക.

കേസ് തീർപ്പാക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി, പ്രതികൾ വിചാരണ നേരിടണം എന്ന് വിധിച്ചിരുന്നു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തിൽ കോടതി ഇടപെടരുത് എന്നുമാണ് സർക്കാരിന്റെ ആവശ്യം. കേസിലെ പ്രതികളായ വി ശിവൻകുട്ടി, ഇ പി.ജയരാജൻ, കെ ടി ജലീൽ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹർജികളും ഒന്നിച്ചാണ് കോടതി ഇന്ന് പരിഗണിച്ചത്.

കേസ് ബുധനാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. നിയമസഭയിൽ എം.എൽ.എമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റം എന്നായിരുന്നു കോടതിയുടെ പരാമർശം. ബഡ്ജറ്റ് തടയാൻ ശ്രമിച്ചതിൽ എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും കോടതി ചോദിച്ചു. ഇതിനിടെയായിരുന്നു കെ എം മാണി കൊടിയ അഴിമതിക്കാരനെന്ന സർക്കാർ നിലപാട് അഭിഭാഷകൻ വ്യക്തമാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close