Breaking NewsKERALANEWSTrending

കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത് പതിനാല് മണിക്കൂറോളം; പിടിച്ചെടുത്ത 40 ലക്ഷം രൂപ ഭൂമി ഇടപാടിനുള്ളതെന്ന് വിജിലൻസ്; പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായുള്ളതെന്ന് വിശദീകരിച്ച് മുസ്ലീം ലീ​ഗ് നേതാവും

കോഴിക്കോട്: മുസ്ലീം ലീ​ഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടത്തിയത് പതിനാല് മണിക്കൂറോളം. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വിജിലന്‍സിന്റെ റെയ്ഡ് രാത്രി പതിനൊന്ന് മണിയോടെയാണ് അവസാനിച്ചത്. വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയന്‍ തന്നോട് പകപോക്കുകയാണെന്നായിരുന്നു കെ എം ഷാജിയുടെ പ്രതികരണം. അതേസമയം, ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത 40 ലക്ഷം രൂപ സംബന്ധിച്ച് വ്യത്യസ്ത വിശദീകരണവുമാണ് വിജിലന്‍സും കെഎം ഷാജിയും നൽകുന്നത്.

തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിവിധ ആളുകളില്‍നിന്ന് സംഭാവനയായി സ്വീകരിച്ച പണമാണ് ഇതെന്നാണ് ഷാജിയുടെ പ്രതികരണം. എന്നാല്‍, തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചതല്ല പണം എന്നാണ് വിജിലന്‍സ് പറയുന്നത്.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടായ പല ചെലവുകളും ഇനിയും തീര്‍ത്തിട്ടില്ല. പാനൂര്‍ കൊലപാതകമടക്കമുള്ള തിരക്കുകളിലായതിനാല്‍ പണം കൊടുത്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി മാറ്റി വെച്ച പണമാണ് ഇത്. തന്റെ വീട്ടില്‍ ഈ പണമുണ്ടെന്ന കാര്യം വിജിലന്‍സിന് മുന്‍കൂട്ടി അറിയാമായിരുന്നു. തന്നെ കുടുക്കണമെന്ന ദുരുദ്ദേശത്തോടെയാണ് റെയ്ഡ് നടന്നത് എന്നുമാണ് കെഎം ഷാജി പറയുന്നത്.

എന്നാല്‍, ബന്ധുവിന്റെ ഭൂമിയിടപാടിന് വേണ്ടി കരുതിയ പണമാണ് ഇതെന്നും രേഖയുണ്ടെന്നും ഷാജി പറഞ്ഞെന്നായിരുന്നു വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചത്. രേഖകള്‍ ഹാജരാക്കാന്‍ ഒരുദിവസത്തെ സമയം വേണമെന്ന് ഷാജി ആവശ്യപ്പെട്ടെന്നും വിജിലന്‍സ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പണം തെരഞ്ഞെടുപ്പ് ആവശ്യത്തിന് കരുതിയതല്ലെന്ന് ഷാജി പറഞ്ഞെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇക്കാര്യം നിഷേധിച്ചാണ് കെഎം ഷാജിയുടെ പ്രതികരണം.

ഇന്നലെ രാവിലെയാണ് കെഎം ഷാജിയുടെ കോഴിക്കോട്ടേയും കണ്ണൂരിലെയും വീടുകളില്‍ വിജിലന്‍സ് സംഘമെത്തിയത്. കണ്ണൂരിലെ വീട്ടില്‍നിന്നാണ് 40 ലക്ഷം രൂപ അന്വേഷണ സംഘം പിടിച്ചെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന്. വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് നടപടികള്‍.

കോഴിക്കോട്ടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. വീടിന്റെ മൂന്നാംനില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

ഇതിന് പുറമേ കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. 2011 മുതല്‍ 2020 വരെയുള്ള വരുമാനത്തിലാണ് വരവില്‍ കൂടുതല്‍ വരവുള്ളത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍, 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ കാലത്തുണ്ടായെന്നാണ് കണ്ടെത്തല്‍. ഇത് വരവിനേക്കാള്‍ 116 ശതമാനം അധികമാണ്. പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസും നിലനില്‍ക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close