
തൃശ്ശൂർ: നിർമാണത്തിൽ വ്യാപകമായ അപാകത കണ്ടെത്തിയ ചെമ്പൂച്ചിറ ഗവ. ഹയർ സെക്കന്ററി സ്കൂൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സന്ദർശിച്ചു. ധനമന്ത്രി തോമസ് ഐസക്കും വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥും പറയുന്ന കിഫ്ബി വിപ്ലവത്തിന്റെ ഒന്നാംതരം മാതൃകയാണ് ചെമ്പൂച്ചിറ സ്കൂൾ എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ കുട്ടികളെ എന്ത് വിശ്വസിച്ചാണ് ഇത്തരം സ്കൂളിലേക്ക് അയക്കേണ്ടത്? എന്ത് സുരക്ഷിതത്വമാണ് അവർക്കുള്ളത്? ബീമുകളെല്ലാം വളഞ്ഞിരിക്കുകയാണ്. കൈകൊണ്ട് മാന്തിയാൽ പൊളിയുന്ന രീതിയിലാണ് സിമന്റ് ഉപയോഗിച്ചിരിക്കുന്നത്. അധികം പലിശയ്ക്ക് വായ്പ്പയെടുത്ത് ഭീകരമായ കൊള്ളയാണ് കിഫ്ബിയുടെ മറവിൽ നടക്കുന്നത്. ശരിയായ രീതിയിൽ അന്വേഷിച്ചാൽ ധനമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കുടുങ്ങും. പാലാരിവട്ടം പാലം പോലെ പൊളിഞ്ഞുവീഴുന്ന തരത്തിലാണ് സ്കൂൾ നിർമ്മാണം.
സർക്കാരിനെ രക്ഷിക്കാനുള്ള റിപ്പോർട്ടാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. സിമന്റിന്റെയും കമ്പിയുടേയും ഉപയോഗം സംബന്ധിച്ച് അന്വേഷണം നടത്തണം. ഏത് കൊട്ടുകുട്ടിക്കും വ്യക്തമാകുന്ന തരത്തിലാണ് അഴിമതി നടന്നിരിക്കുന്നത്. ഇതിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി എ.ആർ ഹരി, എസ്.സി മോർച്ചാ സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, പുതുക്കാട് മണ്ഡലം പ്രസിഡന്റ് എ.വി രാജേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.