Breaking NewsINDIANEWSTop News

കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങളുടെ ​ഗുണമറിഞ്ഞ് കർഷകർ; വിളകളുടെ താങ്ങുവില നേരിട്ട് കർഷകരുടെ അക്കൗണ്ടുകളിൽ; ലക്ഷങ്ങൾ ബാങ്കിലെത്തുമ്പോൾ നാലര മാസം പിന്നിടുന്ന സമരം എങ്ങനെ അവസാനിപ്പിക്കും എന്നറിയാതെ പ്രക്ഷോഭകർ

ജലന്ധര്‍: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷക പ്രക്ഷോഭം തുടരുമ്പോഴും പുതിയ നിയമത്തിന്റെ ​ഗുണഫലം അറി‍ഞ്ഞ് കർഷകർ. തങ്ങളുടെ വിളകളുടെ വില നേരിട്ട് ബാങ്കുകളിൽ എത്തുന്നതായി പഞ്ചാബിലെ കർഷകർ വ്യക്തമാക്കുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ​ഗോതമ്പ് വിളവെടുത്ത കർഷകരാണ് തങ്ങൾക്ക് താങ്ങുവില നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ എത്തിയതായി വ്യക്തമാക്കുന്നത്.

താങ്ങുവില കൈമാറാനായി അടുത്തിടെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പഞ്ചാബ് സര്‍ക്കാരിനോട് കര്‍ഷകരുടെ ഭൂരേഖകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രേഖകൾ നൽകാൻ പ‍ഞ്ചാബ് സർക്കാർ തയ്യാറായിരുന്നില്ല. പകുതിയിലധികം പേരും കൃഷി ചെയ്യുന്നര്‍ മാത്രമെന്നും സ്വന്തമായി ഭൂമിയില്ലാത്തവരെന്നുമായിരുന്നു പഞ്ചാബ് നല്‍കിയ മറുപടി. തുടര്‍ന്ന് ഹരിയാനയുടെ മാതൃകയില്‍ കൃഷി ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കുന്ന മാതൃക പഞ്ചാബ് സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ ചന്തയില്‍ കൊണ്ടുവരുന്ന വിളയുടെ അളവ് അനുസരിച്ച് ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കുന്നത്.

15 വര്‍ഷമായി കൃഷി ചെയ്യുന്നു. ഇക്കാലയളവിലെ ഏറ്റവും വലിയ സന്തോഷമുള്ള നിമിഷത്തിലാണ് താനെന്ന് രാജ്പുരയ്ക്ക് സമീപമുള്ള നില്‍പൂര്‍ ഗ്രാമത്തിലെ ദാലിപ് കുമാര്‍(39) പറയുന്നു. ഫോണില്‍ ലഭിച്ച രണ്ടു സന്ദേശങ്ങളാണ് സന്തോഷത്തിന് കാരണം. രാജ്പുര ചന്തയില്‍ വിറ്റ 171 ക്വിന്റല്‍ ഗോതമ്പിന്റെ താങ്ങുവില(എംഎസ്പി) 1.90 ലക്ഷവും 1.48 ലക്ഷവും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചത് അറിയിച്ചുളള സന്ദേശങ്ങളായിരുന്നു ഇത്. പത്തേക്കര്‍ കൃഷിയിടത്തിലെ വിളവാണ് ചന്തയിലെത്തിച്ചത്. നാല്‍പത് ഏക്കറില്‍ കൃഷി ചെയ്യുന്ന ഇദ്ദേഹം ബാക്കിയുള്ള ഗോതമ്പ് സംഭരണത്തിനായി വരും ദിവസങ്ങളില്‍ എടുക്കും.

ഒരു ക്വിന്റലിന് 1,975 രൂപയാണ് താങ്ങുവില. ഒരുമിച്ച് ഇത്രയും തുക കയ്യില്‍ കിട്ടുക ഇതാദ്യമായിരിക്കുമെന്ന് ദാലിപ് കുമാര്‍ പറയുന്നു. ‘ ഇത് മികച്ച സംവിധാനമാണ്. ഞങ്ങളുടെ വിളകളുടെ പണം ഞങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ലത് മറ്റെന്താണ്?’- അദ്ദേഹം ചോദിക്കുന്നു. ‘നേരത്തേ, വിളകള്‍ ചന്തയില്‍ എത്തിച്ചശേഷം അര്‍ഹ്തിയാസ്(ഇടനിലക്കാര്‍) ഞങ്ങള്‍ക്ക് ചെക്ക് തന്നു. എല്ലാം ഇടനിലക്കാരുടെ കയ്യിലായിരുന്നു. കണക്കുകള്‍ തീര്‍ക്കാന്‍ സമയമെടുക്കും. നേരത്തെയുണ്ടായിരുന്ന വായ്പ തിരിച്ചുനല്‍കിയാലും പണം നല്‍കുന്നത് നീട്ടാനായി എന്തെങ്കിലും കാരണം എപ്പോഴും കണ്ടെത്തും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോതമ്പിന്റെ താങ്ങുവില നേരിട്ട് അക്കൗണ്ടിലേക്ക് എത്തിയ പഞ്ചാബിലെ ആദ്യ മൂന്ന് കര്‍ഷകരില്‍ ഒരാളാണ് ദാലിപ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പഞ്ചാബ് സര്‍ക്കാര്‍ നേരിട്ട് പണം കൈമാറുന്ന സംവിധാനം നടപ്പാക്കിയത്. രാഷ്ട്രീയമായും സാമ്പത്തികമായും ശക്തരായ അര്‍ഹ്തിയാസ് കൂട്ടായ്മകള്‍ നീക്കത്തെ ശക്തമായി എതിര്‍ത്തു. 12 ഏക്കര്‍ ഗോതമ്പുപാടത്തെ മൂന്ന് ഏക്കര്‍ വിള വിറ്റതിന് 1.56 ലക്ഷം രൂപ അക്കൗണ്ടില്‍ ലഭിച്ചുവെന്ന് റോപാര്‍ ജില്ലയിലെ ചംകൗര്‍ സാഹിബിലെ ഭുരാര ഗ്രാമത്തിലുള്ള 49-കാരനായ തര്‍ലോച്ചന്‍ സിംഗ് പറയുന്നു.

പുതിയ സംവിധാനത്തില്‍ തൃപ്തനാണെന്നും ഇത് ഇടനിലക്കാരുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും 20 വര്‍ഷത്തിലേറെയായി കര്‍ഷകനായ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗോതമ്പ് കൃഷി ചെയ്തിരിക്കുന്ന 25-ലെ 20 ഏക്കറിലെ വിളവ് എടുത്തുവെന്നും പ്രദേശത്തെ വലിയ മണ്ഡിയായ ഖന്ന ചന്തയില്‍ വിറ്റുവെന്നും ലുധിയാനയിലുള്ള ഗുല്‍സര്‍ സിംഗ്(50) പറയുന്നു. തുക ബാങ്കിലെത്തിയെന്നും വിദ്യാഭ്യാസമില്ലാത്തതിനാല്‍ എത്രയെന്ന് നാളെ മകന്‍ എത്തിയശേഷമേ അറിയാന്‍ കഴിയൂവെന്നും അദ്ദേഹം പറയുന്നു.

കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതും വിളകള്‍ക്ക് മികച്ച വില ഉറപ്പു നല്‍കുന്നതിനുമാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. എന്നാൽ, ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്.

കാര്‍ഷിക ബിൽ

കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയാണ് കേന്ദ്രം ലോക്സഭയിൽ ഒരുമിച്ച് അവതരിപ്പിച്ചത്. ഈ വര്‍ഷം ഇതേ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് ഓര്‍ഡിനൻസുകള്‍ക്ക് പകരമാണ് പുതിയ ബില്ലുകള്‍. കര്‍ഷകരുടെ അഭിവൃദ്ധിയ്ക്കു വേണ്ടിയാണ് പുതിയ ബില്ലുകള്‍ പാസാക്കുന്നതെന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാര്‍ സഭയെ അറിയിച്ചത്. വിളകളുടെ താങ്ങുവില അടക്കമുള്ളവയെ ഇത് ബാധിക്കില്ലെന്നു മന്ത്രി ആവര്‍ത്തിച്ചു.

കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കാര്‍ഷികവിളകള്‍ വിൽക്കാനുള്ള ചന്തകൾക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകള്‍ വിൽക്കാൻ സ്വാതന്ത്ര്യം നല്‍കുന്നതാണ് കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020. രണ്ടാമത്തെ ബിൽ കര്‍ഷകര്‍ക്ക് വിളകള്‍ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറിൽ ഏര്‍പ്പെടാൻ സ്വാതന്ത്ര്യം നല്‍കുന്നതാണ്. ഉത്പാദനം മെച്ചപ്പെടുത്താൻ കൂടുതൽ മാര്‍ഗങ്ങള്‍ സ്വീകരിക്കാനോ വിളകള്‍ക്ക് മികച്ച വില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകരെ സഹായിക്കുന്നതാണ്പുതിയ ബിൽ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ബില്ലുകള്‍ക്കെതിരെ പ്രതിഷേധവും

കാർഷിക നിയമങ്ങൾ പാസാക്കിയതിന് പിന്നാലെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. ഡൽഹിയുടെ അതിർത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ നടക്കുന്ന പ്രക്ഷോഭം നാലര മാസം പിന്നിട്ടു.

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യുകയുമായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാൽ പുതിയ ബില്ലുകളുടെ വരവോടെ ഈ സംവിധാനം അവസാനിക്കുമെന്നതാണ് ഉയരുന്ന ആരോപണം. കാര്‍ഷിക വിള വിപണന സമിതികള‍ുടെ പരമ്പരാഗത ചന്തകള്‍ക്ക് പുറത്ത് വിപണനം നടത്താനും സംസ്ഥാനാന്തര ഇടപാടുകള്‍ നടത്താനും കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ ബിൽ എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും പതിറ്റാണ്ടുകളായി നിലവിലുള്ള താങ്ങുവില ഇല്ലാതാകുമെന്നതാണ് കര്‍ഷക സംഘടനകളുടെ ആശങ്ക. വിളകളുടെ ഉത്പാദനം ആരംഭിക്കുന്നതിനു മുൻപു തന്നെ വിളകള്‍ വാങ്ങുന്ന സ്വകാര്യ കമ്പനികളുമായി കരാറിൽ ഏര്‍പ്പെടാനും വില നിശ്ചയിക്കാനും പുതിയ ബിൽ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.

അതിനിടെ, കർഷക പ്രക്ഷോഭത്തിനു പരിഹാരം കാണാൻ ചർച്ചകൾ പുനരാരംഭിച്ചേക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കേന്ദ്ര സർക്കാർ ക്ഷണിച്ചാൽ ചർച്ചയ്ക്കു തയാറാണെന്നു കർഷക സംഘടനാ നേതാവ് രാകേഷ് ടികായത് പറഞ്ഞു. എന്നാൽ, വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കും. ചർച്ച പുനരാരംഭിക്കുന്നതിനോടു കൃഷി മന്ത്രാലയവും അനുകൂലമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close