INDIANEWSTop News

കേന്ദ്രത്തിന്റെ വാക്സിൻ നയങ്ങൾ പ്രഥമദൃഷ്ട്യാ ഏകപക്ഷീയവും യുക്തിരഹിതവുമെന്ന് സുപ്രീം കോടതി; രൂക്ഷ വിമർശനം

ന്യൂ ഡൽഹി:കേന്ദ്രത്തിന്റെ വാക്സിൻ നയങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പ്രഥമദൃഷ്ട്യാ തന്നെ ഏകപക്ഷീയവും യുക്തിരഹിതവുമായ നയങ്ങളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്നും സര്‍ക്കാര്‍ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്ന് കയറുമ്പോള്‍ മൂകസാക്ഷി ആയി ഇരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പ്രസ്താവിച്ചു. . 18-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍ പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കണം എന്ന കേന്ദ്രനയത്തെയാണ് കോടതി പ്രധനമായി വിമർശിച്ചത്.

വാക്‌സിന്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട ഫയല്‍ നോട്ടിങ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ നീക്കി വച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റില്‍ നീക്കി വച്ച 35000 കോടി രൂപ 44 വയസിന് താഴെ ഉള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ഉപയോഗിച്ച് കൂടേ എന്നും സുപ്രീം കോടതി ചോദിച്ചു.

ഇതുവരെ വാങ്ങിയ വാക്‌സിന്റെ മുഴുവന്‍ വിശദാംശങ്ങളും കോടതിക്ക് കൈമാറണം. കോവാക്‌സിന്‍, കോവിഷീല്‍ഡ്, സ്പുട്‌നിക് തുടങ്ങിയ വാക്‌സിനുകള്‍ വാങ്ങിയതിന്റെ വിശദാംശങ്ങളാണ് കൈമാറേണ്ടത്. എത്ര ശതമാനം ജനങ്ങള്‍ക്ക് വാക്‌സിന്‍ കുത്തിവച്ചു എന്ന് അറിയിക്കണം. നഗരങ്ങളിലും ഗ്രാമങ്ങളിലും എത്ര പേര്‍ക്ക് പേര്‍ക്ക് വീതം വാക്‌സിന്‍ നല്‍കി എന്ന് അറിയിക്കണം. ഇന്ത്യയിൽ ലഭ്യമായ വാക്സിനുകളുടെ വില അവരുടെ അന്താരാഷ്ട്ര വിലയുമായി താരതമ്യപ്പെടുത്തി അറിയിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ 31 വരെയുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയും കോടതിക്ക് കൈമാറണം. മൂന്നാം തരംഗത്തില്‍ കുട്ടികളില്‍ വ്യാപന സാധ്യത കണക്കിലെടുത്തുള്ള മുന്‍കരുതലുകള്‍ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് സാമ്പത്തികമായി പ്രയാസം ഉണ്ടാകില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശദീകരണം ശരിയാണോ എന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. ജൂൺ 30ന് കേസിൽ കോടതി വീണ്ടും വാദം കേൾക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close