INDIANEWS

കേന്ദ്രമന്ത്രിസഭ ഉടന്‍ , കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം പരിഗണനയില്‍

ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിലും അടുത്തവര്‍ഷം നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും കേന്ദ്രമന്ത്രിസഭ ഉടന്‍ പുന:സംഘടിപ്പിച്ചേക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിദ്ധ്യം അറിയിക്കാനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തരംഗമുണ്ടാക്കുകയുമാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. കേരളത്തിലെ പികെ കൃഷ്ണദാസ് അടക്കമുള്ളവര്‍ പുതിയതായി മന്ത്രിസഭയിലേക്ക് എത്തിയേക്കും എന്നാണ് വിവരം.ബീഹാറിലും മദ്ധ്യപ്രദേശിലും മറ്റിടങ്ങളിലും വന്‍ വിജയം നേടിയതിന് പിന്നാലെയാണ് കേന്ദ്രം മന്ത്രിസഭാ പുന:സംഘടിപ്പിക്കാനൊരുങ്ങുന്നത്. ബിജെപിയ്ക്ക് വേരുകളില്ലാത്ത കേരത്തിലും തമിഴ്നാട്ടിലും സാന്നിദ്ധ്യം അറിയിക്കുകയും പശ്ചിമബംഗാള്‍ അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ തരംഗം ഉണര്‍ത്തുകയുമാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ഈ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇവിടുത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മന്ത്രി സഭ പുന:സംഘടിപ്പിക്കലും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പരിഗണിക്കലുമെല്ലാം ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് നടപടികള്‍.

വി. മുരളീധരന് പുറമേ കേരളത്തില്‍ നിന്നും മറ്റൊരാളെ കൂടി മന്ത്രിസഭയിലേക്ക പരിഗണിക്കാനുള്ള നീക്കമുണ്ട്. പി.കെ. കൃഷ്ണദാസിന്റെ പേര് ഉള്‍പ്പെടുത്തിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടിനാണ് മേല്‍ക്കൈ. അടുത്ത വര്‍ഷം ആദ്യം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നീക്കം ഗുണം ചെയ്യുമെന്ന് ഉറപ്പിച്ചാണ് നീക്കം. ബീഹാറിന് ശേഷം ബിജെപി പിടിച്ചടക്കാന്‍ ലക്ഷ്യമിടുന്ന സംസ്ഥാനം ബംഗാള്‍ ആണെന്നത് നേരത്തേ തന്നെ ബിജെപി കേന്ദ്രങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. ബീഹാറില്‍ പോലും പ്രചരണത്തിന് ഇറങ്ങാതെയാണ് അമിത് ഷാ ഇവിടെ എത്തിയിരിക്കുന്നത്.പശ്ചിമബംഗാളാണ് ബിജെപി കണ്ണുവെച്ചിരിക്കുന്ന പ്രധാന സംസ്ഥാനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇവിടെ മിന്നുംപ്രകടനം കാഴ്ചവെക്കാനായിരുന്നു. ബാബുല്‍ സുപ്രിയോ, ദേബശ്രീ ചൗധരി എന്നിവരെ കൂടാതെ ഒരാളെക്കൂടി പരിഗണിക്കുന്നത്. ബര്‍ദ്മാന്‍ ദുര്‍ഗാപൂരിലെ എംപി എസ്.എസ്.അലുവാലിയ, നടനും ഹൂഗ്ലി എംപിയുമായ ലോക്കറ്റ് ചാറ്റര്‍ജി, രാജ്യസഭാ എംപി രൂപ ഗാംഗുലി എന്നിവരില്‍ ആരെങ്കിലും വരും. ഷാനവാസ് ഹുസൈന്‍, മീനാക്ഷി ലേഖി, ജി.വി.എല്‍ നരസിംഹ റാവു എന്നിവര്‍ക്കും സാധ്യതയുണ്ട്.

വടക്കുകിഴക്കന്‍ ജനതയെ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ട് അസമീസ് നേതാവ് ഹിമന്ദ ബിശ്വ ശര്‍മ്മയെ ടീമിലെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഹിമന്ദയുടെ കോണ്‍ഗ്രസില്‍ നിന്നുള്ള ചാട്ടം അസമില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിയ്ക്ക് കിട്ടുന്ന ശക്തമായ ലിങ്കുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ബിശ്വ ശര്‍മ്മ. ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ സംസ്ഥാനങ്ങളിലെ നേതാക്കളെ കൂടി പരിഗണിച്ചേക്കും. മദ്ധ്യപ്രദേശില്‍ നിന്നും ജ്യോതിരാദിത്യസിന്ധ്യേ, അസമിലെ ഹിമന്ദ ബിശ്വാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മന്ത്രി സഭയിലെത്തും.മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കി മറുപക്ഷത്ത് എത്തിയയാളാണ് ജ്യോതിരാദിത്യ സിന്ധ്യേ. മദ്ധ്യപ്രദേശില്‍ ബിജെപിയ്ക്ക് അധികാരം തിരിച്ചുപിടിക്കാന്‍ സഹായകരമായ സിന്ധ്യേയ്ക്ക് കേന്ദ്രത്തില്‍ ഗൗരവമായ കസേരയാണ് ബിജെപി കരുതിയിരിക്കുന്നത്.

ബീഹാറില്‍ എന്‍ഡിഎയ്ക്ക് ഭരണ തുടര്‍ച്ച നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സുശീല്‍കുമാര്‍ മോഡിക്കും കസേര ഒരുങ്ങിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയില്‍ നിന്നും സുശീല്‍കുമാറിനെ മാറ്റി നിര്‍ത്തിയതിന് കാരണം ഇതാണെന്നാണ് സൂചന. മോഡിയെ വേണ്ട രീതിയില്‍ പരിഗണിക്കണമെന്ന് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്രമന്ത്രിസഭയില്‍ ഇപ്പോള്‍ ബിജെപി ഇതരനായി ഒരാള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെ ബീഹാറില്‍ സഖ്യകക്ഷിയായ നിതീഷിന്റെ ജെഡിയുവില്‍ നിന്നും ഒരാളെ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

നേരത്തേ കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടു പോയിരുന്നു. ഇതിന് പകരം പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവിനെ പരിഗണിച്ചേക്കുമെന്നും എല്‍ജെപിയുടെ രാം വിലാസ് പാസ്വാന്‍ മരണമടഞ്ഞതിന് പിന്നാലെ വന്ന ഒഴിവിലേക്ക് മകന്‍ ചിരാഗിനെ ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. യുപിയിലെ അപ്നാദളിനും മന്ത്രിസഭയില്‍ കസേര കിട്ടിയേക്കാന്‍ സാധ്യതയുണ്ട്്. ആകെയുള്ള രണ്ടു എംപി മാരില്‍ അനുപ്രിയ പട്ടേലിനെയാണ് ആലോചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close