KERALANEWS

കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ഏഷ്യാനെറ്റ് പ്രതിനിധിയെ വാർത്താ സമ്മേളനത്തിൽ ക്ഷണിക്കാത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വാർത്താസമ്മേളനത്തിൽ ഏഷ്യാനെറ്റ് പ്രതിനിധിയെ ക്ഷണിക്കാത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. മുരളീധരന്റെ നടപടി സത്യപ്രതിജ്ഞാലംഘനമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ചുമതലകള്‍ സ്‌നേഹമോ വിദ്വേഷമോ കൂടാതെ നിറവേറ്റും എന്ന സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം മന്ത്രിയായത് എന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഔദ്യോഗികവാര്‍ത്താ സമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോള്‍ മന്ത്രി അവരോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. ചിലരെ വിലക്കിയപ്പോള്‍ മന്ത്രി അവരോട് വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബത്തിലെ ജന്മദിനാഘോഷമോ വിവാഹമോ പോലുള്ള സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്ടമുള്ളവരെ വിളിക്കുകയും ഇഷ്ടമില്ലാത്തവരെ വിലക്കുകയും ചെയ്യാനാകൂ. മന്ത്രി വിളിക്കുന്ന വാര്‍ത്താസമ്മേളനം ഔദ്യോഗികപരിപാടിയാണ്. മന്ത്രിക്ക് ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ വേണ്ടി വിളിക്കുന്ന ഔദ്യോഗികപരിപാടി. ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന പരിപാടി. അതില്‍ പങ്കെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അര്‍ഹത അവകാശമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ചില ഔദ്യോഗികപരിപാടികളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. മന്ത്രിസഭായോഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാറില്ലല്ലോ. എന്നാല്‍, ഒരു പത്രസമ്മേളനം വിളിക്കുന്നു, അതില്‍ ചിലരെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി പറയുന്നു. ഇവിടെയാണ് വി. മുരളീധരന് ചുവടുപിഴയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തില്‍പ്പറഞ്ഞാല്‍ തറുതല രീതിയാണിത്. പെട്രോളിയം വില വര്‍ധനവ് സംബന്ധിച്ച് പണ്ടു നടത്തിയ വിശദീകരണത്തിനു സമാനമായ ഒരു ജല്പനമാണിതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധിയുടെ നിസ്സഹകരണസമരത്തെ ഉദ്ധരിച്ചാണ് തന്റെ നടപടി മന്ത്രി ന്യായീകരിച്ചത്. സ്വയരക്ഷയ്ക്കായി മന്ത്രി മുരളീധരന്‍ മഹാത്മാഗാന്ധിയെ ഉപയോഗിക്കുന്നതില്‍ത്തന്നെ ഒരു പിശകില്ലേ എന്നു ചിലര്‍ക്ക് തോന്നിയേക്കാം. അതവിടെ നില്ക്കട്ടെ. അധികാരത്തോടു നിസ്സഹകരിച്ച മഹാത്മാവിന്റെ സമരമുറയെവിടെ അധികാരമദം പ്രദര്‍ശിപ്പിക്കുന്ന മന്ത്രിയുടെ ജനാധിപത്യബോധമില്ലായ്മ എവിടെ! -ജോൺ ബ്രിട്ടാസ് ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close