
മീഡിയമംഗളം നെറ്റ് വര്‍ക്ക്
സമകാലിക കേരളം കണ്ട ഏറ്റവും അഭിശപ്തദിവസങ്ങളിലൊന്നാണ് 2020 ഓഗസ്റ്റ് ഏഴ്. കേരളം ചരിത്രത്തില്‍ ഒരിക്കലും കാണാത്ത ദുരന്തങ്ങളെയാണ് ഈ ഒരൊറ്റ ദിവസം നേരിട്ടത്. ലോകം മുഴുവന്‍ കോവിഡ് 19 ബാധയാല്‍ വലയുമ്പോള്‍ കേരളം അശനിപാതം പോലെ വന്ന മൂന്നു ദുരന്തങ്ങളെ ഒരൊറ്റ ദിവസം ഏറ്റുവാങ്ങി അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി.
ഓഗസ്റ്റ് ഏഴ് വെളളിയാഴ്ച പുലര്‍ന്നതു തന്നെ മൂന്നാറില്‍ ഉറങ്ങിക്കിടന്ന ഒരു പ്രദേശത്തെ അമ്പതോളം പേരെ വിഴുങ്ങിയമര്ന്ന ദാരുണമായ ഉരുള്‍പൊട്ടലിന്റെ അശുഭ വാര്‍ത്തയിലേക്കാണ്. കനത്ത മഴയിലും തുടര്‍ച്ചയായുള്ള മലയിടിച്ചിലിലും ദുരന്തഭൂമിയില്‍ എത്തിച്ചേരാന്‍ പോലും സാധിക്കാതെ ഭരണാധികാരികളും ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തകരും പോലും പതറിപ്പോയ അനുഭവം. വൈദ്യുതിബന്ധവും മൊബൈല്‍ ഫോണ്‍ ബന്ധവും നിലച്ചതോടെ ദുരന്തഭൂമി ഒറ്റപ്പെട്ട അവസ്ഥ. ഇനിയും മണ്ണിനടിയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇതെഴുതുമ്പോള്‍ പോലും പുറം ലോകത്തിനു വ്യക്തമായിട്ടില്ല. നിലമ്പൂര്‍ കവളപ്പാറയില്‍ 44 വീടുകളും ക്ഷേത്രവുമടങ്ങുന്ന ഒരു ഗ്രാമമൊട്ടാകെ അപ്രത്യക്ഷമാക്കിക്കൊണ്ട് 59 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ സംഭവിച്ചിട്ട് നാളെ (ശനിയാഴ്ച) ഒരു വര്‍ഷം തികയാനിരിക്കെയാണ് മൂന്നാറില്‍ അത്രതന്നെ ഗൗരവവും വ്യാപ്തിയുമുള്ള ഉരുള്‍പൊട്ടല്‍ ആവര്‍ത്തിക്കുന്നത്.
ഉച്ചയോടെയാണ് പ്രളയം മധ്യകേരളത്തെയും ഉത്തരകേരളത്തെയും ബാധിക്കുന്ന വാര്‍ത്തകള്‍ വന്നുതുടങ്ങിയത്. 2018 മുതലുള്ള വെള്ളപ്പൊക്കങ്ങളില്‍ തുടര്‍ച്ചയായി മുങ്ങുന്ന ഈരാറ്റുപേട്ട, റാന്നി അടക്കമുള്ള പ്രദേശങ്ങള്‍ അപ്പാടെ വെള്ളത്തിലായി. മീനച്ചില്‍, അച്ചന്‍കോവില്‍, മണിമല ആറുകള്‍ കരകവിഞ്ഞ് പത്തനംതിട്ട, കോട്ടയം ആലപ്പുഴ ജില്ലകളിലെ നല്ലൊരു വിഭാഗം പ്രദേശങ്ങളും പ്രളയബാധിതമായി. വയനാട്ടിലും ഇടുക്കിയിലും കാലാവസ്ഥ താണ്ഡവം വിതച്ചു. കൃഷിനാശം വ്യാപകമായി. ജനം ദുരിതത്തിലായി
രണ്ടു ദുരന്തങ്ങള്‍ക്കു മുന്നില്‍ അന്തം വിട്ടു നില്ക്കുന്ന മലയാളിയുടെ മനസു മരവിപ്പിച്ചുകൊണ്ടാണ് രാത്രിയോടെ കരിപ്പൂരിലെ വിമാനാപകട വാര്‍ത്ത വരുന്നത്.
കൂടുതല്‍ വായിക്കുക

മംഗലാപുരത്ത് പത്തു വര്‍ഷം മുമ്പ് നടന്നതിന്റെ തനിയാവര്‍ത്തനം. ആകെ വ്യത്യാസം അത്രത്തോളം മരണങ്ങളുണ്ടായില്ല എന്നതു മാത്രം.
ഇതില്‍ മിക്ക ദുരന്തങ്ങളും അല്പമെങ്കിലും കരുതലും മുന്‍കൂട്ടിയുള്ള ആസൂത്രണവും മുന്‍ ദുരന്തങ്ങളില്‍ നിന്നു പാഠമുള്‍ക്കൊണ്ടുള്ള മുന്നൊരുക്കങ്ങളും ഉണ്ടായിരുന്നെങ്കില്‍ തടയാനാവുമായിരുന്നവയാണെന്നാണ് ശരാശരി മലയാളിയുടെ മനസ്. പ്രകൃതിചൂഷണത്തിന്റെയും കയ്യേറ്റങ്ങളുടെയും ഫലശ്രുതിയായി ആവര്‍ത്തിക്കുന്ന മനുഷ്യനിര്‍മ്മിത പ്രളയങ്ങളുടെയും ഉരുള്‍പൊട്ടലുകളുടെയും പശ്ചാത്തലത്തില്‍ സജ്ജമാക്കി എന്നു ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചു പറയുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണ് ഈ ദുരന്തങ്ങള്‍ കാണിച്ചു തരുന്നത്. മനുഷ്യജീവന് യാതൊരു വിലയും കല്പിക്കാത്ത ആസുത്രണങ്ങളും മുന്നൊരുക്കങ്ങളും പ്രകൃതിയുടെ മുന്നറിയിപ്പില്ലാത്ത കലിതുള്ളലില്‍ നിഷ്ഫലമാവുന്ന കാഴ്ച.
കൂടുതല്‍ വായിക്കുക

അതുപോലെ തന്നെയാണ് കരിപ്പൂരിലെ വിമാനദുരന്തത്തിന്റെ കാര്യവും.മംഗലാപുരം വിമാനാപകടം സംഭവിച്ചപ്പോള്‍ തന്നെ ടേബിള്‍ ടോപ്പ് റണ്‍വേയുടെ പരിമിതിയും അപകടസാധ്യതയുമെല്ലാം വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. വലിയ വിമാനങ്ങള്‍ക്ക് ഈ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ റണ്‍വേ വികസനത്തിനായി വിമാനത്താവളം കുറച്ചുനാള്‍ അടച്ചിടുക പോലും ചെയ്തു. പ്രകൃതി മുന്നറിയിപ്പുകള്‍ ഏറെ തന്നിട്ടും പാഠമുള്‍ക്കൊള്ളാത്ത മനുഷ്യനു നേരെ അത് ആഞ്ഞടിക്കുമ്പോള്‍ ദുഃഖവെള്ളിയാഴ്ചകള്ക്കു മുന്നില്‍ നിസ്സഹായരായി പതറി നില്ക്കാന് മാത്രമേ സാധാരണക്കാര്‍ക്കു സാധിക്കുന്നുള്ളൂ.