Breaking NewsKERALANEWSTrending

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇടതുമുന്നണിയ്ക്ക് ഭരണത്തുടര്‍ച്ച;രണ്ടാമൂഴത്തിലെത്തുന്നത് തിളക്കമാര്‍ന്ന വിജയവുമായി ;ഇത് ഭരണ മികവിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം

ഉറപ്പാണ് ഇടതു പക്ഷം എന്ന സമാനതകളില്ലാത്ത സമവാക്യം മലയാളികളും ഏറ്റെടുത്തു. സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിക്കുമ്പോള്‍ സിപിഎമ്മിനും അതിന്റെ അമരക്കാരനും അഭിമാനത്തിന്റെ കൊടുമുടി കയറ്റം. ചരിത്രം വാണ്ടും ആവര്‍ത്തിക്കുമ്പോള്‍ മാറാത്ത രാഷ്ട്രിയ പശ്ചാത്തലത്തിന് ഒരൊറ്റ നിറം മാത്രം.ചോര ചുവപ്പ്.വിവാദങ്ങളേയും വെല്ലുവിളികളേയും നേരിട്ട് വിജയചരിത്രം ആവര്‍ത്തിക്കുന്നു പിണറായി വിജയന്‍ എന്ന കേരളത്തിന്റെ ക്യാപ്റ്റന്‍.സര്‍ക്കാരിന്റെ കരുതലെന്നും നിലപാടെന്നുമൊക്കെ പലതരത്തില്‍ പറയാമെങ്കിലും ഒരൊറ്റ പേരില്‍ ആ ചര്‍ച്ചകളെല്ലാം ചെന്ന് അവസാനിക്കും; പിണറായി വിജയന്‍.140 മണ്ഡലങ്ങളിലും പിണറായി വിജയന്‍ നേരിട്ട് മത്സരിക്കുകയായിരുന്നു. തദ്ദേശീയമായി അടിവേരുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുപോലും അവരെല്ലാവരും വോട്ടര്‍മാരോട് എടുത്തെടുത്ത് പറഞ്ഞു; പിണറായി വിജയന് തുടര്‍ഭരണം. അതിന് ശക്തിപകരാന്‍ വേണ്ടി തങ്ങളെ ജയിപ്പിച്ചുവിടണമെന്ന്.പിണറായി വിജയനൊപ്പം സിപിഎം അതിന്റെ എല്ലാ സംവിധാനങ്ങളും പുറത്തെടുത്ത് ഒരുമിച്ചു നിന്നു. ചില കല്ലുകടികളുണ്ടായി, പൊട്ടിത്തെറികളും പിണങ്ങിപ്പോകലുകളുമുണ്ടായി. പക്ഷേ അതെല്ലാം പരിഹരിച്ച് മുന്‍പെങ്ങുമില്ലാത്തവണ്ണം തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎമ്മിനായത് ജന ഹൃദയങ്ങള്‍ തങ്ങള്‍ തൊട്ട് അറിഞ്ഞു എന്നതിന്റെ ആത്മ വിശ്വാസത്തില്‍ തന്നെയാണ്.

ഇ.എം.എസ്സിനോ കരുണാകരനോ കഴിയാത്ത തുടര്‍ഭരണം എന്ന സ്വപ്നമാണ് പിണറായി ഉറപ്പാക്കിയത്.നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 99സീറ്റുകളില്‍ എല്‍.ഡി.എഫ്. മുന്നേറിയിരിക്കുകയാണ്. തുടര്‍ഭരണമെന്ന എല്‍.ഡി.എഫ്. പ്രതീക്ഷയിലേക്ക് ഇനി മിനിറ്റുകള്‍ മാത്രം ബാക്കി. ഒരു അട്ടിമറികള്‍ക്കും സാധ്യതയില്ലാതെ എല്‍.ഡി.എഫ്. രണ്ടാം വട്ടവും വിജയം ഉറപ്പിച്ചു.

ഘടകക്ഷികളുമായി തമ്മില്‍ തല്ലില്ലാത്ത തെരഞ്ഞെുപ്പ് കാലം കൂടിയായിരുന്നു എല്‍ഡിഎഫിനിത്. സിപിഐയുടെ സഹകരണം പൂര്‍ണമായി നേടിയെടുക്കാന്‍ പിണറായി വിജയനായി. ജോസ് കെ മാണിയെക്കൊണ്ട് ജോസ് കെ മാണിയ്ക്ക് ഉപോയഗമുണ്ടായില്ലെങ്കിലും, ഇടതുമുന്നണിക്ക് ഉപയോഗമുണ്ടായി.വിവാദങ്ങളില്‍ കടിച്ചു തൂങ്ങാതെയായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.പറഞ്ഞു പഴകി തേഞ്ഞുപോയ ശബരിമലയുമായി ബിജെപിയും യുഡിഎഫും കടന്നാക്രമണം നടത്തിയിട്ടും വീണില്ല. ചില ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ പുറത്തുവന്നെങ്കിലും പറഞ്ഞു വിലക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു.വികസനമായിരുന്നു അജണ്ട, സ്‌കൂളുണ്ടാക്കിയതും ആശുപത്രി കെട്ടിയതും തല ചായ്ക്കാന്‍ കൂരവെച്ചുകൊടുത്തതും വിശപ്പടക്കാന്‍ കിറ്റ് നല്‍കിയതും പറഞ്ഞ് പിണറായി വിജയനും കൂട്ടരും ജനങ്ങളിലേക്കിറങ്ങി. ആയിറക്കം മലയാളിമനസ്സുകള്‍ ഏറ്റെടുക്കയും ചെയ്തു.

തൃശ്ശൂരില്‍ പത്മജയുടെ സ്ഥാനാര്‍ത്ഥിത്വവും ആത്യന്തികമായി ഇടതുമുന്നണിയെ സഹായിച്ചു. പത്മജ നേടിയ വോട്ടുകളാണ് അവിടെ സി.പി.ഐക്ക് വിജയം സമ്മാനിച്ചത്. ബി.ജെ.പിയുടെ തുറുപ്പ് ചീട്ടായിരുന്ന ഇ. ശ്രീധരനെ വീഴ്ത്തിയത് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണെന്നും മറക്കരുത്. രണ്ടിടത്ത് മത്സരിച്ച ബി.ജെ.പി. പ്രസിഡന്റ് കെ സുരേന്ദ്രന്റെ തോല്‍വിയിലും കോണ്‍ഗ്രസിന് നിര്‍ണ്ണായക പങ്കുണ്ട്.

എല്‍.ഡി.എഫ്. പിടിച്ചെടുത്ത മണ്ഡലങ്ങള്‍

*കണ്ണൂര്‍: കണ്ണൂരില്‍ അഴീക്കോട് സീറ്റ് യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ്. പിടിച്ചെടുത്തു. സിറ്റിങ് എം.എല്‍.എയും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയുമായ കെ.എം. ഷാജിയെയാണ് സി.പി.എമ്മിന്റെ കെ.വി. സുമേഷ് പരാജയപ്പെടുത്തിയത്.

*കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഐ.എന്‍.എല്‍. സ്ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവില്‍ എല്‍.ഡി.എഫിന് വിജയം സമ്മാനിച്ചു. മുസ്‌ലിം ലീഗിലെ നൂര്‍ബിന റഷീദ് ആയിരുന്നു അഹമ്മദ് ദേവര്‍കോവിലിന്റെ പ്രധാന എതിരാളി. ഇവിടെ കഴിഞ്ഞ തവണ എം.കെ. മുനീര്‍ ആണ് വിജയിച്ചത്‌.

*എറണാകുളം: കുന്നത്തുനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ പി.വി. ശ്രീനിജന്‍ സിറ്റിങ് എം.എല്‍.എ. വി.പി. സജീന്ദ്രനെ പരാജയപ്പെടുത്തി.

*പാലാക്കാട്: എല്‍.ഡി.എഫിന്റെ എം.ബി.രാജേഷും യു.ഡി.എഫിന്റെ വി.ടി. ബല്‍റാമും തമ്മിലുള്ള കടുത്ത പോരാട്ടമായിരുന്നു തൃത്താലയില്‍ നടന്നത്. രാജേഷ് ബല്‍റാമിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു.

*തൃശ്ശൂര്‍: വടക്കാഞ്ചേരി മണ്ഡലം സേവ്യര്‍ ചിറ്റിലപ്പിള്ളിയിലൂടെ എല്‍.ഡി.എഫ്. പിടിച്ചെടുത്തു. യു.ഡി.എഫിന്റെ അനില്‍ അക്കരെയെ ആണ് സേവ്യര്‍ പരാജയപ്പെടുത്തിയത്.

*എറണാകുളം: കളമശ്ശേരി മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ പി. രാജീവ് വിജയിച്ചു. സിറ്റിങ് എം.എല്‍.എ. വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ വി.ഇ. അബ്്ദുള്‍ ഗഫൂറിനെ പരാജയപ്പെടുത്തിയത്.

*തിരുവനന്തപുരം: ഇടതു തരംഗത്തില്‍ യു.ഡി.എഫിന് നഷ്ടമായ പ്രമുഖ മണ്ഡലമാണ് അരുവിക്കര. യു.ഡി.എഫ്. സിറ്റിങ് എം.എല്‍.എ. കെ.എസ്. ശബരീനാഥനെ എല്‍.ഡി.എഫിന്റെ ജി. സ്റ്റീഫന്‍ പരാജയപ്പെടുത്തി.

*നേമം: എല്‍.ഡി.എഫ്. പിടിച്ചെടുത്ത മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗ്ലാമര്‍ ഉള്ളത് നേമത്തിനാണ്. എന്‍.ഡി.എയുടെ ഏക സിറ്റിങ് സീറ്റായ നേമം വി.ശിവന്‍കുട്ടിയിലൂടെ എല്‍.ഡി.എഫ്.പിടിച്ചെടുത്തു.

*തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലം എല്‍.ഡി.എഫിന്റെ ആന്റണി രാജു പിടിച്ചെടുത്തത് സിറ്റിങ് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.എസ്. ശിവകുമാറിനെ പരാജയപ്പെടുത്തിയാണ്. നടന്‍ കൃഷ്ണകുമാറാണ് മണ്ഡലത്തില്‍ എന്‍.ഡി.എയ്ക്കു വേണ്ടി കളത്തിലിറങ്ങിയത്.

*ഇടുക്കി: ഇടുക്കി മണ്ഡലം ഇത്തവണ ചുവപ്പിച്ചത് യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫിലെത്തിയ റോഷി അഗസ്റ്റിനാണ്. 1996-നു ശേഷം ഇതാദ്യമായാണ് മണ്ഡലം ചുവക്കുന്നത്. യു.ഡി.എഫിന്റെ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് റോഷി പരാജയപ്പെടുത്തിയത്.

*കോട്ടയം: പൂഞ്ഞാര്‍പുലി പി.സി. ജോര്‍ജിനെ പരാജയപ്പെടുത്തി എല്‍.ഡി.എഫിലെ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മണ്ഡലം പിടിച്ചെടുത്തു.

*ചങ്ങനാശ്ശേരി: ജോബ് മൈക്കിളിലൂടെ എല്‍.ഡി.എഫ്. മണ്ഡലം പിടിച്ചു. വി.ജെ. ലാലി യു.ഡി.എഫിനു വേണ്ടിയും ജി. രാമന്‍നായര്‍ എന്‍.ഡി.എയ്ക്കു വേണ്ടിയും മത്സരിച്ചിരുന്നു.

*കാഞ്ഞിരപ്പള്ളി: ഇത്തവണ എല്‍.ഡി.എഫിനു വേണ്ടി കളത്തിലിറങ്ങിയ എന്‍.ജയരാജ് യു.ഡി.എഫിന്റെ ജോസഫ് വാഴയ്ക്കനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു.

യു.ഡി.എഫ്. പിടിച്ചെടുത്ത മണ്ഡലങ്ങള്‍

*വയനാട്: കല്‍പറ്റ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ടി.സിദ്ദിഖ് എല്‍.ഡി.എഫിന്റെ എം.വി. ശ്രേയാംസ്‌കുമാറിനെ പരാജയപ്പെടുത്തി കല്‍പ്പറ്റ മണ്ഡലം തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ സി.പി.എമ്മിലെ സി.കെ. ശശീന്ദ്രനാണ് വിജയിച്ചിരുന്നത്.

*കോഴിക്കോട്: വടകരയില്‍ യു.ഡി.എഫിന്റെ കെ.കെ. രമ എല്‍.ഡി.എഫിന്റെ മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി

*കൊടുവള്ളി: എല്‍.ഡി.എഫ്. സിറ്റിങ് എം.എല്‍.എ. കാരാട്ട് റസാഖിനെ യു.ഡി.എഫിന്റെ എം.കെ. മുനീര്‍ പരാജയപ്പെടുത്തി.

*എറണാകുളം: മൂവാറ്റുപുഴയില്‍ എല്‍.ഡി.എഫിന്റെ എല്‍ദോ എബ്രഹാമിനെ യു.ഡി.എഫിന്റെ മാത്യു കുഴല്‍നാടന്‍ വീഴ്ത്തി മണ്ഡലം പിടിച്ചു.

*തൃശ്ശൂര്‍: ചാലക്കുടി മണ്ഡലം യു.ഡി.എഫിനു വേണ്ടി സനീഷ് കുമാര്‍ പിടിച്ചെടുത്തു. ഡെന്നീസ് കെ. ആന്റണിയായിരുന്നു എല്‍.ഡി.എഫിനു വേണ്ടി കളത്തിലിറങ്ങിയത്. ബി.ഡി. ദേവസ്സിയായിരുന്നു സിറ്റിങ് എം.എല്‍.എ.

*കൊല്ലം:കുണ്ടറ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ ജെ. മേഴ്‌സിക്കുട്ടിയമ്മയെ യു.ഡി.എഫിന്റെ പി.സി. വിഷ്ണുനാഥ് പരാജയപ്പെടുത്തി.

*കരുനാഗപ്പള്ളി: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ആര്‍ രാമചന്ദ്രനെ യു.ഡി.എഫിന്റെ സി.ആര്‍. മഹേഷ് പരാജയപ്പെടുത്തി.

*കോട്ടയം: പാലാ സീറ്റ് മാണി സി. കാപ്പന്‍ നിലനിര്‍ത്തി. 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി കാപ്പന്‍ മത്സരിച്ചു വിജയിച്ചിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്‍.ഡി.എഫ്. പ്രവേശവും പാലാ സീറ്റ് തര്‍ക്കത്തിനെയും തുടര്‍ന്ന് കാപ്പന്‍ യു.ഡി.എഫില്‍ എത്തുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close