KERALATrending

കേരളത്തിന് അഭിമാനിക്കാം: 105 വയസുകാരി അസ്മാ ബീവിക്ക് കോവിഡ് രോഗമുക്തി

കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ ആസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 90 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. സംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്.

ജൂലൈ 20ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് പനിയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം പ്രായാധിക്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചു. ഇവരുടെ പരിചരണത്തിനായി പ്രത്യേക ശ്രദ്ധയും നല്‍കിയിരുന്നു. പല സമയത്തും ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ചികിത്സയും പരിചരണവും ഒപ്പം രോഗിയുടെ മനോബലവും ഫലം കണ്ടു. രോഗമുക്തി നേടിയതോടെ വളരെയധികം സന്തോഷത്തോടെയാണ് ആസ്മ ബീവി ആശുപത്രി വിട്ടത്.

കോവിഡ് പ്രതിരോധത്തില്‍ ശാസ്ത്രീയ മാര്‍ഗമാണ് കേരളം സ്വീകരിക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ അതീവ ജാഗ്രതയും പരിചരണവുമാണ് നല്‍കുന്നത്. പ്ലാസ്മ തെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സാ രീതിയിലൂടെ നിരവധിയാളുകളുടെ ജീവന്‍ രക്ഷിച്ച് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞു. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 70 വയസിന് മുകളിലുള്ള നിരവധിയാളുകളേയാണ് രക്ഷിക്കാനായതെന്നതും അഭിമാനകരമാണ്.

Show More

Related Articles

Back to top button
Close