Breaking NewsKERALANEWSTrending

കേരളത്തിലും സഹസ്രദളപത്മം ഇതൾ വിരിച്ചു; ആയിരം ഇതളുകളുള്ള പൂവ് ദേവീദേവന്മാരുടെ ഇരിപ്പിടം; പുരാണങ്ങളില്‍ വിവരിക്കുന്ന പുഷ്പം വിരിഞ്ഞത് തൃപ്രയാർ സ്വദേശി പ്രേംകുമാറിന്റെ വീട്ടുകുളത്തിൽ

തൃപ്രയാര്‍: കേരളത്തിലും സഹസ്രദളപത്മം ഇതൾ വിരിച്ചു. തൃപ്രയാര്‍ പ്രയാഗയില്‍ പ്രേംകുമാറിന്റെ വീട്ടുകുളത്തിലാണ് കാഴ്ച്ച വസന്തമൊരുക്കി ആയിരം ഇതളുകളില്‍ ഭംഗി നിറച്ച് താമരപ്പൂ വിരിഞ്ഞത്. ദേവീദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളൂ. ഒന്നരമാസംമുമ്പാണ് താമര കുളത്തില്‍ നട്ടത്.

സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും സരസ്വതിദേവിയും ഒക്കെ സഹസ്രദളപത്മത്തില്‍ വസിക്കുന്നുവെന്നാണ്(ആയിരം ഇതളുള്ള താമര) വിശ്വാസം. പുരാണങ്ങളിലും ഇതിഹാസങ്ങളിലും എല്ലാം ഇതേകുറിച്ച് പറയുന്നുമുണ്ട്. ദക്ഷിണചൈനയിലെ ഗാങ്ഷു പ്രവിശ്യയിലെ വളരെചെറിയ ഒരു സ്വകാര്യ നഴ്‌സറിയിൽ കഴിഞ്ഞ വർഷം ഈ പൂവ് കണ്ടെത്തിയിരുന്നു. ചൈനീസ് സയന്‍സ് അക്കാദമിയില്‍ താമരകളെക്കുറിച്ചുള്ള ഗവേഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന പ്രൊഫ. ഡെയ്കി ടിയാന്‍ ആണ് 2008ല്‍ ഇത് കണ്ടെത്തുന്നത്. ഒരുവര്‍ഷത്തെ വിശദമായ പഠനത്തിനുശേഷം 2009ല്‍ ഇതിനെ അദ്ദേഹം രജിസ്റ്റര്‍ ചെയ്യുകയും 2010ല്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ലില്ലി ആന്‍ഡ് വാട്ടര്‍ ഗാര്‍ഡനിങ് സൊസൈറ്റി ഇതിന് രജിസ്‌ട്രേഷന്‍ അനുവദിക്കുകയും ചെയ്തു. ഗാങ്ഷു അള്‍ട്ടിമേറ്റ് 1000 പെറ്റല്‍ ലോട്ടസ് അഥവാ ഷിസും ക്വിയാങ്ബാന്‍ എന്ന പേരിലാണ് സഹസ്രദളപത്മം ചൈനയില്‍ അറിയുന്നത്. 1000 മുതല്‍ 1600 വരെ ഇതളുകളാണ് ഇതിനുള്ളത്.

ഉഷ്ണമേഖലാ ഇനത്തില്‍പ്പെട്ട താമരകളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതിശക്തമായ ശൈത്യകാലമുള്ളത് താമര പൂവിടുന്നതിന് തടസമാണ്. ഇന്ത്യ, ശ്രീലങ്ക മേഖലകളില്‍ കാണുന്ന ഇന്ത്യന്‍ ഇനങ്ങള്‍ വര്‍ഷംമുഴുവന്‍ പൂക്കുന്നതാണ്. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണിങ്ങനെ കാണാന്‍ കഴിയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close