INSIGHTNEWS

കേരളത്തിലെ തെക്കുവടക്ക് യാത്രകള്‍ എന്തിന്? ആര്‍ക്കു വേണ്ടി..

അനു അന്ന ജേക്കബ്ബ്

അഘോഷങ്ങളും ആരവങ്ങളുമായി കേരളത്തിന്റെ സ്വന്തം നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുകയായി ആര് ഭരിക്കും? ആര് നിലനില്‍കുമെന്ന ചോദ്യം ബാക്കി നില്‍ക്കെ രാഷ്ട്രിയ നേതാക്കളെല്ലാം ഫുള്‍ അക്ടിവായി രംഗത്തുണ്ട്. ഇനി കുറച്ചു കാലത്തേക്ക് പുറത്തിറങ്ങി നടക്കുമ്പോള്‍ നമ്മുടെ നാട്ടുകാരൊന്നു പ്രത്യേകം സൂക്ഷിക്കണം. കാരണം, നമ്മുടെ വിവിധ മുന്നണികളുടെ കേരള യാത്രകള്‍ തെക്കുവടക്ക് നടന്നുകൊണ്ടിരിക്കുകയാണ്. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മാവേലി വരുന്നതാണ് ഓണമെങ്കില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ ഇപ്പോഴത്തെ ഭരണാധികാരികളും നാളെത്തെ ഭരണാധികാരികളും ഒന്നിച്ചു വരുന്നതാണ് ഈ യാത്രാകാലം. ഊഞ്ഞാലുകളും പൂക്കളങ്ങളും പൂവിളികളുമായിട്ടാണ് മലയാളികള്‍ മാവേലിയെ വരവേല്‍ക്കാറുള്ളത്. രാഷ്ട്രീയക്കാരുടെ യാത്രകള്‍ക്കും പൂക്കള്‍ക്കു കുറവുണ്ടാകാറില്ല. മുക്കിനു മുക്കിനു ബിവറേജസ് ഉള്ളതിനാല്‍ പൂവിളികള്‍ക്കും ഊഞ്ഞാലാട്ടങ്ങള്‍ക്കും ഇതുവരെ പഞ്ഞം കണ്ടിട്ടുമില്ല. അത്ര കടുത്ത മുദ്രാവാക്യങ്ങള്‍ തന്നെയാണ് ഓരോ ജാഥയും പങ്കുവയ്ക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വഴി കൃത്യമായി അറിയാമെങ്കില്‍ ആര്‍ക്കും കേരള യാത്രകള്‍ നടത്താം എന്നതാണ് യാഥാര്‍ത്ഥ്യം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഹൈവേയിലൂടെ നടത്തിയാല്‍ കമ്പനി പറയുന്ന മൈലേജും പിക് അപ്പും കിട്ടും. യാത്ര പോകുന്നവര്‍ കൂടെ വരുന്നവര്‍ കാറ്റു കുത്തിവിടാതെ ശ്രദ്ധിക്കണമെന്നു മാത്രം.

കോണ്‍ഗ്രസിനു വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര അവസാനത്തിലെക്ക് എത്തുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെ എ വിജയരാഘവന്റെ വടക്കന്‍ കേരളയാത്രയും. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ ബിനോയി വിശ്വം നയിക്കുന്ന തെക്കന്‍ കേരളയാത്രയും പുരോഗമിക്കുകയാണ്. ഒരെണ്ണം കേരളത്തിന്റെ ഐശ്വര്യത്തിനും മറ്റു രണ്ടെണ്ണം നാട്ടില്‍ നടന്ന വികസനം നാട്ടാരെ അറിയിക്കാനുമാണ്. ഇനിയൊരെണ്ണം നമ്മുടെ ബിജെപി വകയാണ്. അതാകട്ടെ പേര് വിജയ യാത്ര എന്നു തന്നെ ! ബിജെപിയുടെ വിജയ യാത്ര ഇന്ന് കാസര്‍കോട് നിന്ന് തുടങ്ങുകയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്ര ഉദ്ഘാടനം ചെയ്യുക. ഇതിനൊപ്പം തന്നെ ഇടതുമുന്നണിയുടെ യാത്ര ഒന്നു വടക്കു നിന്നും മറ്റൊന്നു മധ്യകേരളത്തില്‍ നിന്നും ആരംഭിച്ചു കഴിഞ്ഞു.

ചെന്നിത്തലയുടെ യാത്ര പാതിവഴി പിന്നിട്ടപ്പോള്‍തന്നെ എന്‍സിപി രണ്ടായി ഒരു കക്ഷണം കാപ്പന്‍ യുഡിഎഫിലെത്തിക്കഴിഞ്ഞു. കാപ്പന്റെ വരവ് യുഡിഎഫ് പാലായില്‍ വലിയ ആഘോഷമാക്കിയിട്ടുണ്ട്. കാപ്പന് പുറമെ കൂടുതല്‍ നേതാക്കളെ മുന്നണിയിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രതിപക്ഷം. അതുപോലെയതന്നെയാണ് എ വിജയരാഘവന്റെയും ബിനോയി വിശ്വത്തിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വികസന സന്ദേശ യാത്രകള്‍..രണ്ടും തുടങ്ങിയിട്ടേയുള്ളൂ…ഈ യാത്രകളൊക്കെ ഒരു അന്ത്യത്തിലെത്തിയിട്ട് യാത്ര തുടങ്ങാനാണ് ബിജെപിയുടെയും കെ സുരേന്ദ്രന്റെയും പദ്ധതി.
പറയുമ്പോള്‍ കേരള യാത്രയുടെ പ്രയോജനവും പറയാതെ പോകാനാവില്ല. ഒന്നു യാത്രയുടെ ചെലവ് ജനം വഹിച്ചോളും. കുലുക്കമില്ലാത്ത എ.സി വാഹനം നേതാവിനെ വഹിക്കുന്നതിനാല്‍ ക്ഷീണവും തോന്നില്ല. മാലയുമായി തൊള്ളകീറി യാത്രയ്ക്കു പിന്നാലെ പായുന്ന അണികള്‍ക്കു ക്ഷീണം തോന്നാമെങ്കിലും അതു വലിയ വിപ്ലവത്തിനുവേണ്ടിയാണെന്നു ഓര്‍ക്കുമ്പോള്‍ ഒരു സമാധാനമൊക്കെയുണ്ട്. വോട്ടു തന്നവരെയൊക്കെ അഞ്ചുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒന്നു കണ്ടില്ലെങ്കില്‍ അതിന്റെ കുറവ് വോട്ടര്‍മാര്‍ക്കല്ലേ. അതുകൊണ്ട് മാത്രം പിന്നെ വന്ന വഴി മറക്കരുതെന്നല്ലേ ആപ്തവാക്യം ഉള്ളതുകൊണ്ടുമാണ്. ഇനി വരാനുള്ളതു വഴിയില്‍ തങ്ങുകേല, അതു ഐശ്വര്യ കേരളമായാലും വികസന സന്ദേശമായാലും വിജയ യാത്രയായാലും.

പണ്ട് പാര്‍ട്ടികള്‍ ബന്ദും ഹര്‍ത്താലും നടത്തുന്നതുപോലെ തന്നെയാണ് കേരളയാത്രകളും ! നേതാവ് അങ്ങ് പ്രഖ്യാപിച്ചാല്‍ അണികളങ്ങ് ഏറ്റെടുത്തുകൊള്ളും. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും നേതാക്കന്‍മാര്‍ ഓര്‍ക്കാതെ പോകുന്ന ഒന്നുണ്ട്. കോവിഡിന്റെ കാര്യം ദിവസേന കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനം രാജ്യത്തുതന്നെ ഒന്നാം സ്ഥാനത്തെക്ക് ഉയരുകയാണ്. യാത്രകളിലെ ആള്‍ക്കൂട്ടവും ആവേശവും കോവിഡ് പരത്തുമെന്ന് ആദ്യമൊക്കെ പറഞ്ഞ ആരോഗ്യമന്ത്രി കെകെ ഷൈലജയും ഇപ്പോള്‍ നിശബ്ദയാണ്. കാരണം മറ്റൊന്നുമല്ല തങ്ങളുടെ പാര്‍ട്ടിക്കാരും യാത്ര തുടങ്ങിയിട്ടുണ്ട്. അപ്പോള്‍ പിന്നെ ഒന്നും പറയാനില്ലന്ന് പറയണം..കേരള യാത്രകള്‍ വിജയിക്കട്ടെ……ഒരു കാര്യം കൂടി..തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ എത്തുമ്പോഴെങ്കിലും ഒന്നു ഓര്‍ക്കണം…എന്തിനായിരുന്നു ഈ യാത്രകളെന്ന്……

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close