INSIGHTKERALANEWS

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കിട്ട് രാഹുല്‍ ! പ്രസംഗം വിവാദമാക്കി ബിജെപി ദേശീയ നേതൃത്വം, ഒന്നും പറയാനില്ലാതെ ട്രോളുമായി സിപിഎം, രാഹുലിന്റെ കേരളാ സന്ദര്‍ശനം ചര്‍ച്ചയാകുമ്പോള്‍ !

മെഹ്മൂദ് പികെ


സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവുംതുടര്‍ ന്നുണ്ടായ ഓരോ ഇടപെടലുകളുമാണ്. പതിവിലും വ്യത്യസ്തമായ രീതികളായിരുന്നു രാഹുലിന്റെ ഈ വരവിലുണ്ടായിരുന്നത്. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഈ വരവില്‍ രാഷ്ട്രീയ പ്രസക്തിയും ഏറെയാണ്.


ദേശീയ തലത്തില്‍ വിവാദമായത് ഐശ്വര്യ കേരള യാത്രയുടെ സമാപന വേദിയില്‍ നടത്തിയ പ്രഭാഷണമാണ്.വടക്കേ ഇന്ത്യയിലേയും തെക്കെ ഇന്ത്യയിലേയും രാഷ്ട്രീയത്തെ താരതമ്യം ചെയ്തുള്ള രാഹുലിന്റെ പരാമര്‍ശമാണ് ദേശീയ തലത്തില്‍ വിവാദമാക്കിയത്. ‘ആദ്യ 15 വര്‍ഷം ഞാന്‍ വടക്ക് ഇന്ത്യയില്‍ എംപിയായിരുന്നു. അവിടെ ഞാന്‍ വ്യത്യസ്തമായ രാഷ്ട്രീയം കണ്ടിരുന്നു. കേരളത്തിലേക്ക് വരുന്നത് പുതിയ അനുഭവമായിരുന്നു. പ്രശ്‌നങ്ങളിലാണ് ജനങ്ങള്‍ക്ക് താല്‍പര്യമെന്ന് ഞാന്‍ മനസിലാക്കി.’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.ഈ പരാമര്‍ശത്തിനെതിരെ വിഭജിച്ചു കാണുന്നു എന്നാരോപിച്ച് ബിജെപിയും പിന്നീട് കോണ്‍ഗ്രസ് നേതാക്കന്മാരും രംഗത്തെത്തി.സമ്മതിദായകരുടെ വിവേകത്തെ ബഹുമാനിക്കണമെന്നും ആര്‍ക്ക് വോട്ട് ചെയ്യണമെന്നും എന്തുകൊണ്ട് വോട്ട് ചെയ്യണമെന്നും സമ്മതിദായകര്‍ക്ക് അറിയാമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.


ശംഖുമുഖത്തെ പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിന് പുറമെ സംസ്ഥാന സര്‍ക്കാറിനെയും വിമര്‍ശിച്ചിരുന്നു.സ്വര്‍ണ്ണക്കടത്ത് കേസിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മെല്ലപ്പോക്കും സിപിഎം ബിജെപി അന്തര്‍ധാരയാണെന്ന തോതില്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും വിമര്‍ശനമുന്നയിച്ചു.
സംസ്ഥാന സര്‍ക്കാരിനെപ്പറ്റി നടത്തിയ ആക്ഷേപങ്ങള്‍ തരംതാണതായി പോയെന്നും കള്ളക്കടത്ത് കേസ് സംബസിച്ചും, തൊഴില്‍ പ്രശ്നം സംബന്ധിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സിനെ സംബന്ധിച്ചായിരിക്കുമെന്നും സിപിഎം തിരിച്ചടിച്ചു. . ഇടതുപക്ഷത്തെ വേട്ടയാടുന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വേഗത പോരെന്ന വിമര്‍ശനമാണ് രാഹുല്‍ഗാന്ധിക്കുള്ളത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യമെടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നതും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും സിപിഎം വിമര്‍ശിച്ചു.


പ്രഭാഷണങ്ങള്‍ക്കപ്പുറം രാഹുല്‍ ഗാന്ധിയുടെ ഈവരവില്‍ വ്യത്യസ്തമായത് ഇടപെടലുകളാണ്.വയനാട് മണ്ഡലത്തിലെ ആദിവാസി വിഭാഗത്തോടുള്ള പ്രത്യേക ചര്‍ച്ചയും അവരോടുള്ള ചോദ്യോത്തര വേളയും വ്യത്യസ്തമാക്കി.പിന്നീട് തിരുവനന്തപുരത്തെത്തിയ രാഹുല്‍ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരപ്പന്തലിലെത്തിച്ചേരുകയും അവരുടെ പരിഭവങ്ങള്‍ ഓരോന്നും കേട്ട് മനസ്സിലാക്കാനും തയ്യാറായി.രാഹുലിന്റെ ഓരോ നീക്കങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.


ഈ വരവിലെ അവസാനത്തെ പരിപാടിയായിരുന്നു കൊല്ലത്തെ മത്സ്യത്തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച.കൂടിക്കാഴ്ചക്കപ്പുറം രാഷ്ട്രീയ പ്രാധാന്യവും ഏറെയായിരുന്നു. രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്ര കൊല്ലം ജില്ലയിലെത്തിയപ്പോള്‍ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ പുറത്തു കൊണ്ടുവരികയും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ മുറിവേല്‍പ്പിക്കുന്ന കരാറിനെതിരെ ശക്തമായ വികാരം ഉണര്‍ത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം രാഹുല്‍ കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ആഴക്കടലിലേക്ക് യാത്ര ചെയ്ത് അവരുടെ ബുദ്ധിമുട്ടേറിയ ജീവിതം നേരിട്ട് കാണുകയും ചെയ്തു.
ഉള്‍ക്കടലിലേക്കുള്ള യാത്രയ്ക്കിടെ രാഹുല്‍ തൊഴിലാളികളുമായി ചങ്ങാത്തത്തിലായി. അവരിലൊരാളായി അവരുടെയും കുടുംബത്തിന്റെയും ക്ഷേമം ചോദിച്ചറിഞ്ഞു.

ഉള്‍ക്കടലില്‍ എത്തിയപ്പോള്‍ വലയടിക്കാന്‍ തുടങ്ങി. വല കെട്ടാന്‍ വേണ്ടി തൊഴിലാളിസുഹൃത്തുക്കളില്‍ ഒരാള്‍ കടലിലേക്കു ചാടി. അയാളെന്തിനാണ് കടലില്‍ ചാടിയതെന്നു രാഹുല്‍ ചോദിച്ചു. വലകെട്ടാന്‍ ഇങ്ങനെ ഇറങ്ങുന്നത് ഒരു രീതിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ എങ്കില്‍ ആ സുഹൃത്തിനെ സഹായിക്കാന്‍ ഞാനും ചാടുന്നു എന്നുപറഞ്ഞ് രാഹുലും കടലിലേക്ക് ഊളിയിട്ടു ചാടി.സഹ പ്രവര്‍ത്തകരും സുരക്ഷ ഉദ്യോഗസ്ഥരും ഒരു നിമിഷം സ്തംഭിച്ചു.
കടലിലെ ചാട്ടവും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള സൗഹൃദങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ ട്രോളും പതിവ് കാഴ്ചയായി. തമിഴ് നാട്ടിലെ കുക്കിംങ് യൂറ്റൂബര്‍മാര്‍ക്കൊപ്പമുള്ള ഷോ വൈറലായത് പോലെ ഇതും വൈറലായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close