Breaking NewsINDIANEWSTrending

കേരളത്തിലെ ബിജെപിയിൽ അടിമുടി അഴിമതി; നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവെക്കണമെന്നും പ്രധാനമന്ത്രിക്ക് റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കൾക്കിടയിൽ അഴിമതി വ്യാപകമാണെന്നും ബുത്തു തലം മുതൽ നേതൃമാറ്റം വേണമെന്നും ആവശ്യപ്പെടുന്ന റിപ്പോർട്ട് പുറത്ത്. പ്രധാനമന്ത്രിക്ക് സ്വതന്ത്ര നിരീക്ഷകർ നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കം തങ്ങൾക്ക് ലഭിച്ചു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. കാമരാജ് പദ്ധതി ബിജെപിയിലും വേണമെന്നും ആവശ്യപ്പെടുന്നതായും ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

തോൽവിക്ക് വി മുരളീധരനുൾപ്പടെ ഉത്തരവാദിത്തമുണ്ടെന്നും സ്വതന്ത്ര നിരീക്ഷകർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പ് നേതാവായി മാത്രമാണ് മുരളീധരൻ പെരുമാറുന്നത്. നേതാക്കളുടെ പ്രവർത്തനവും വിലയിരുത്താൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ അഴിമതി വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാൻ പണം വാങ്ങിയ സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തിൽ ബൂത്തുതലത്തിൽ തെരഞ്ഞെടുപ്പ് വേണം എന്നമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശമെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന സമിതി യോ​ഗത്തിലും നേതാക്കൾ തമ്മിൽ നടന്നത് പരസ്പരം പഴിചാരലാണ്. ഇന്നലെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എതിർ ​ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ചു. ചില നേതാക്കൾ ഒറ്റുകാരെ പോലെ പ്രവർത്തിച്ചു എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം. പാർട്ടിയെ സിപിഎമ്മും കേരളത്തിലെ മാധ്യമങ്ങളും വളഞ്ഞിട്ട് ആക്രമിക്കുന്ന സമയത്ത് ചില നേതാക്കളുടെ നിസം​ഗത ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നും വിമർശനം ഉയർന്നു. തോൽവിയെക്കാൾ പാർട്ടിയെ ബാധിച്ചത് നേതാക്കളുടെ നിലപാടുകളാണെന്നും ഈ മനോഭാവം മാറാതെ പാർട്ടിക്ക് രക്ഷയില്ലെന്നും ആരോപണം ഉയർന്നു.

തോൽവിയേക്കാൾ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചത് പ്രതിസന്ധിഘട്ടത്തിൽ കൂടെയുള്ളവർ ചതിച്ചതാണ്. പലരും മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിക്കൊടുത്തു. പത്രങ്ങളിൽ വരുന്ന വാർത്ത നിഷേധിക്കാൻ ചിലർ തയ്യാറായില്ല തുടങ്ങിയ വിമർശനങ്ങൾ ഉയർന്നു. സംസ്ഥാന വക്താക്കൾക്കെതിരേയും വിമർശനം ഉയർന്നു. വക്താക്കൾ സ്വന്തം ഇമേജ് മാത്രം നോക്കുന്നു, പാർട്ടി പ്രതിരോധത്തിലായപ്പോൾ ചാനൽ ചർച്ചയിൽ പങ്കെടുക്കാതെ മാറി നിന്നു, ഫെയ്‌സ്ബുക്കിൽ സ്വന്തം ഫോട്ടോകൾ ദിവസവും ഇട്ടവർ പാർട്ടി പ്രതിരോധത്തിലായപ്പോൾ നിശ്ശബ്ദരായി എന്നൊക്കെയായിരുന്നു വിമർശനം.

കോർ കമ്മറ്റിയംഗങ്ങളെല്ലാം മത്സരിച്ചതും പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്നാണ്. തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് ലഭിച്ചില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ക്രൈസ്തവ വോട്ട് വളരെ കുറച്ചുമാത്രമേ ലഭിച്ചുള്ളൂ. തോൽവി പരിശോധിക്കാൻ സംസ്ഥാന നേതാക്കൾ മണ്ഡലങ്ങളിലേക്കിറങ്ങും. അതേസമയം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കേന്ദ്രനേതൃത്വത്തിന്റെ പൂർണ പിന്തുണയെന്നാണ് പ്രഭാരി സി.പി. രാധാകൃഷ്ണന്റെ വാക്കുകളിൽ പ്രകടമായത്. സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടി പ്രതിപക്ഷത്തിന്റെ റോളിലാണ് പ്രവർത്തിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി. എന്നാൽ പരാജയം ചർച്ച ചെയ്യാതെ നേതൃത്വം ഒളിച്ചോടുന്നു എന്നായിരുന്നു ഒരുവിഭാഗത്തിന്റെ വിമർശനം. വിമത പ്രവർത്തനം അനുവദിക്കില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close