Covid UpdatesKERALA

കേരളത്തില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ്, എട്ട് കേസുകള്‍ കാസര്‍കോട്ട് നിന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 21 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. എട്ട് പേര്‍ കാസര്‍കോട്, 5 പേര്‍ ഇടുക്കി, 2 പേര്‍ കൊല്ലം എന്നിങ്ങനെയും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണു രോഗം. ഇക്കൂട്ടത്തില്‍ കൊല്ലത്തെ 27 വയസുള്ള ഗര്‍ഭിണിയായ സ്ത്രീയുമുണ്ട്. രോഗബാധിതരില്‍ രണ്ട് പേര്‍ ഡല്‍ഹി നിസാമുദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 286 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 256 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.1,65,934 പേര്‍ ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 1,65,297 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. 145 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8456 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 7622 എണ്ണം നെഗറ്റീവ് റിസല്‍ട്ടാണ്. ഇന്നു പൊസീറ്റീവായതടക്കം ഇതുവരെ രോഗബാധിതരായ 200 പേര്‍ വിദേശത്തു നിന്നും വന്നതാണ്. അതില്‍ ഏഴ് പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം ബാധിച്ച 76 പേര്‍ക്ക് രോഗം കിട്ടി. ഇന്നു രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ നിസാമൂദിനില്‍ പോയവരാണ് ഇതില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നാണ് വന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി രണ്ട് രോഗികളുടെ ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെഗറ്റീവായിട്ടുണ്ട്. ഇന്നത്തെ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധന നടപടികള്‍ വിശദീകരിച്ചിട്ടുണ്ട്. വിദേശത്തെ മലയാളികള്‍ക്ക് അതതു രാജ്യങ്ങളില്‍ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു. ഇവിടെ നിന്നും വിദേശത്തു പോയി ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് വ്യക്തിഗത സുരക്ഷാഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം വിദേശത്തു കൊവിഡ് അല്ലാത്ത കാരണം കൊണ്ട് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് തിരികെ കൊണ്ടു വരാനുള്ള തടസങ്ങള്‍ നീക്കാന്‍ ഇടപെടണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Back to top button
Close