KERALA

കേരളത്തില്‍ പ്രഖ്യാപിച്ച മുഴുവന്‍ ദേശീയപാതാ വികസന പദ്ധതികളും അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കും

തിരുവനന്തപുരം: സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ കേരളത്തില്‍ പ്രഖ്യാപിച്ച മുഴുവന്‍ ദേശീയപാതാ വികസന പദ്ധതികളും അടുത്ത സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കുമെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി. തിരുവനന്തപുരം ജില്ലയുടെ ഗതാഗതവികസനത്തില്‍ നിര്‍ണായകമായ കഴക്കൂട്ടം മുക്കോല ബൈപ്പാസിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഭൂമിയേറ്റെടുക്കലിന് ഏറ്റവും ചെലവ് കേരളത്തിലാണെന്നും, പ്രശ്‌നങ്ങള്‍ സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് പരിഹരിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. അതിനിടെ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം തുടരുമെന്ന് വയല്‍ക്കിളികള്‍ പ്രഖ്യാപിച്ചു.കഴക്കൂട്ടം മുതല്‍ മുക്കോല വരെയുളള 26.7 കിലോമീറ്റര്‍ ദേശീയപാതയാണ് പൂര്‍ത്തിയായത്. 43 കിലോമീറ്റര്‍ ദൂരത്തിലുളള കഴക്കൂട്ടം കാരോട് പദ്ധതിയുടെ ആദ്യഘട്ടമാണിത്. നാല് വരിപ്പാതയും സര്‍വീസ് റോഡുമടക്കം 45 മീറ്ററാണ് ദേശീയപാത. 2008ല്‍ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയ പദ്ധതിയാണിത്. 2010 ല്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. നിര്‍മ്മാണം തുടങ്ങിയത് 2015 ല്‍. മൂന്ന് പാലങ്ങളും അടിപ്പാകളും അടങ്ങുന്നതാണ് പദ്ധതി. 1120.86 കോടി ചെലവിട്ടാണ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്.കഴക്കൂട്ടം മുക്കോല ബൈപാസ് റോഡിനും ചാക്ക മേല്‍പ്പാലത്തിനുമായി 800 കോടി ചെലവിട്ടു. കാല്‍നടക്കാര്‍ക്കായി ഏഴ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടെങ്കിലും നാലെണ്ണമേ പൂര്‍ത്തിയായിട്ടുളളൂ. മുക്കോല മുതല്‍ കാരോട് വരെയുളള 16.5 കിലോമീറ്ററുളള രണ്ടാംഘട്ടം അടുത്തവര്‍ഷം പൂര്‍ത്തിയാകും. തിരുവല്ലത്ത് ടോള്‍പ്ലാസയുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു. വിഴിഞ്ഞം തുറമുഖം, കോവളം ബീച്ച്, അന്താരാഷ്ട്ര വിമാനത്താവളം, ടെക്‌നോപാര്‍ക്ക് എന്നീ മേഖലകള്‍ക്കെല്ലാം പ്രയോജനം കിട്ടുന്ന റോഡ് പദ്ധതിയാണിത്.അതേസമയം, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പൊതുഗതാഗതം ഉള്‍പ്പടെ കൂടുതല്‍ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തമനുവദിക്കാന്‍ കേരളം തയാറാവണമെന്ന് നിര്‍ദേശവും നിതിന്‍ ഗഡ്കരി നല്‍കി. വലിയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദേശീയപാതാ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുന്നതെന്ന് മുഖ്യമന്ത്രി. പ്രഖ്യാപനം നടക്കുന്ന അതിനിടെ, കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നിതിന്‍ ഗഡ്കരിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു. സമരം തുടരുമെന്നാണ് പ്രഖ്യാപനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close