KERALA

കേരളത്തില്‍ മയക്കുമരുന്ന് നിര്‍മാണം നടക്കുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: കേരളം നേരിടുന്ന ഏറ്റവും വലിയപ്രശ്‌നങ്ങളില്‍ ഒന്നാണ് മയക്കുമരുന്ന്. പുതുതലമുറ ഇതിന് അടിമയാകുന്നത് മാത്രമല്ല ഇന്നത്തെ പ്രശ്‌നം, കേരളം ഇതിന്റെ നിര്‍മ്മാണത്തിലും മുന്‍പന്തിയില്‍ തന്നെയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
പഞ്ചാബിലെ അമൃത്സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്നത് കൊച്ചിയിലാണ്. കള്ളക്കടത്തിനായി ഡ്രഗ് മാഫിയകള്‍ ഉപയോഗിക്കുന്ന പ്രധാന സഞ്ചാരപഥം കൊച്ചി നഗരമായതിനാലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഇവിടെ സുലഭമായതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ നിര്‍മ്മാണവും വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍ . ആല്‍ക്കഹോള്‍ & ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്ത്യ, നടത്തിയ പഠനപ്രകാരം കേരള ജനസംഖ്യയില്‍ 31 ശതമാനം പുരുഷന്മാരും മൂന്ന് ശതമാനം സ്ത്രീകളും മദ്യം ഉപയോഗിക്കുവരാണ്. ഇവരില്‍ ആറ് ശതമാനം മദ്യത്തിന് അടിമകളുമാണ്. 25,000 പേര്‍ മയക്കുമരുന്ന് ശീലമുള്ളവരാണ്. പ്രായപൂര്‍ത്തിയായവരില്‍ 37 ശതമാനം പേര്‍ ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണ്. 21 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗത്തില്‍ 1,000 ശതമാനത്തിന്റെ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് കാണിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തൊഴിലാളികള്‍ കേരളത്തിലെത്തിയതോടെയാണ് ലഹരി പദാര്‍ത്ഥങ്ങളുടെ കള്ളക്കടത്തും അനധികൃത വില്‍പ്പനയും വര്‍ധിച്ചത്. ഇതര സംസ്ഥാനക്കാരില്‍ ബഹുഭൂരിപക്ഷവും ഏതെങ്കിലും തരത്തിലുള്ള ലഹരി പദാര്‍ത്ഥം ഉപയോഗിക്കുന്നവരാണ്.

ബാല-കൗമാര-യൗവ്വനങ്ങള്‍ ലഹരിയിലമരുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ് ഇരുളടഞ്ഞു പോകുന്നത്. മദ്യപാന ശീലത്തേക്കാള്‍ പത്തിരട്ടി അപകടകാരികളായ മയക്കുമരുന്നുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. 25-30 കൊല്ലം മുമ്പ് വല്ലപ്പോഴും ഒക്കെയാണ് ഒരു കിലോഗ്രാം കഞ്ചാവ് പോലീസ്/എക്സൈസ് സംഘങ്ങള്‍ക്ക് കിട്ടിയിരുന്നതെങ്കില്‍, ഇന്ന് തൊണ്ടി മുതലായി ഓരോ കേസിലും അമ്പതും നൂറുമൊക്കെ കിലോഗ്രാമാണ് ലഭിക്കുന്നത്. 2019 മാര്‍ച്ചില്‍ മാത്രം 722 കേസുകള്‍ കഞ്ചാവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്തു. ആകെ പിടിച്ചെടുത്ത കഞ്ചാവ് 237 കിലോഗ്രാമായിരുന്നു. ലഹരി വസ്തുക്കള്‍ സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. എന്‍ഡിപിഎസ് ആക്ട് പ്രകാരം 2017 ല്‍ 9,242 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിന്നിട്ട വര്‍ഷത്തില്‍ ലഹരി മരുന്നുകളുടെ കടത്തുമായി ബന്ധപ്പെട്ട് അര ലക്ഷം പേരെയാണ് കേരളത്തില്‍ അറസ്റ്റ് ചെയ്തത്. കേസുകളുടെ എണ്ണം 12,000 ആയിരുന്നു. 1,000 കോടി രൂപയുടെ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. 500 കോടി രൂപയുടെ ഹാഷീഷ് ഓയിലും ഒരു ലക്ഷം കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയിട്ടുണ്ട്.ലഹരി വസ്തുക്കളുടെ കടത്തലുകളോടൊപ്പം നിര്‍മ്മാണവും കൂടിയപ്പോള്‍ കേരളത്തിന്റെ ഭാവി എന്താകുമെന്നത് ആശങ്കപ്പെടേണ്ട ഒന്നുതന്നെയാണ്.


Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close