കേരളത്തില്‍ വീണ്ടും കോവിഡ് മരണം, മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം ഹംസക്കോയ

മലപ്പുറം: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട് ഹംസക്കോയ. ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നല്കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ.
മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. 10 ദിവസം മുമ്പ് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ.
ഇയാളുടെ ഭാര്യ മകന് മകന്റെ ഭാര്യ രണ്ടു കൊച്ചുമക്കള്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഇദ്ദേഹത്തിന് ഹൃദ്രോഗവും ന്യുമോണിയും ഉണ്ടായിരുന്നു. കഴിഞ്ഞ 21 നാണ് ഇവര്‍ മുംബൈയില്‍ നിന്നും റോഡ് മാര്‍ഗ്ഗം മലപ്പുറത്ത് എത്തിയത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 30 ാം തീയതി മുതലാണ് ശ്വാസംമുട്ടല്‍ തുടങ്ങിയത്. ഉടന്‍ തന്നെ ക്രിട്ടിക്കല്‍ കെയര്‍ സെന്ററിലേക്ക് മാറ്റി. ഇതിനിടയില്‍ ന്യൂമോണിയയായി മാറുകയായിരുന്നു.
രണ്ടു ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഇയാളുടെ ഭാര്യ, മകന്, മകന്റെ ഭാര്യ, മൂന്നു വയസ്സും മൂന്നര മാസം പ്രായവുമുള്ളതുമായ മകന്റെ കുട്ടികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ ടീമില്‍ അടക്കം കളിച്ചിട്ടുള്ള മോഹന്‍ബഗാന്റെ മുന്‍ താരവുമായ ആളായിരുന്നു ഹംസക്കോയ. സന്തോഷ്ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കായി കളിച്ചിട്ടുണ്ട്.