കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണില്ല: രാേഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് മന്ത്രിസഭ വിലയിരുത്തിയത്. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം. ഇവിടെ കടകള്‍ തുറക്കുന്നത് ഉള്‍പ്പടെയുളള കാര്യങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം. നേരത്തേ നടന്ന സര്‍വ കക്ഷിയോഗത്തിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന അഭിപ്രായമായിരുന്നു ഉയര്‍ന്നത്. ധനബില്ലിന് പകരമുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി അയക്കാനും മന്ത്രിസഭ തീരുമാനിച്ചു.ഓണ്‍ലൈനിലായിരുന്നു സ്പെഷ്യല്‍ മന്ത്രിസഭായോഗം ചേര്‍ന്നത്.
ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ യോഗം ചേര്‍ന്നത്. ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതിനാല്‍, മന്ത്രിസഭ ചേര്‍ന്നേ പറ്റൂ എന്ന സാഹചര്യത്തിലാണ് ഓണ്‍ലൈനായി മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചത്. തലസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പല മന്ത്രിമാര്‍ക്കും യോഗത്തില്‍ എത്തിച്ചേരാനാവില്ല. പകുതി മന്ത്രിമാരെങ്കിലും പങ്കെടുത്തില്ലെങ്കില്‍ യോഗത്തിന് നിയമ സാധുതയുണ്ടാവില്ല. അതിനാലാണ് വീഡിയോ കോണ്‍ഫറന്‍സ് ആലോചിച്ചത്. ക്വാറം തികയ്ക്കാന്‍ ഡിജിറ്റല്‍ ഹാജര്‍ കൂടി ഉള്‍പ്പെടുത്താമെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ നല്കി.തലസ്ഥാനത്തിന് പുറത്ത്, മന്ത്രിസഭായോഗം മുമ്പ് ചേര്‍ന്നിട്ടുണ്ട്. പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭ യോഗം ചേര്‍ന്നത്. എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ആലുവ ഗസ്റ്റ്ഹൗസിലും മന്ത്രിസഭായോഗം ചേര്‍ന്നു.