INSIGHTNEWSTrending

കേരളത്തിൽ ആദ്യം ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി; നവകേരളത്തിന്റെ നിർമ്മാണത്തിന് അടിത്തറയിട്ട ഭരണകർത്താവ്; ലാളിത്യം കൊണ്ട് വിസ്മയം സൃഷ്ടിച്ച രാഷ്ട്രീയക്കാരൻ; സമാനതകളില്ലാത്ത സഖാവ് സി അച്ചുതമേനോൻ

തിരുവനന്തപുരം: ഇഎംഎസിന്റെ നേതൃത്വത്തിലുള്ള നാലാം മന്ത്രിസഭ രാജിവെച്ചതിന് പിന്നാലെ കോൺ​ഗ്രസ് പിന്തുണയോടെയാണ് സിപിഐ നേതാവ് സി അച്ചുതമേനോൻ അധികാരത്തിൽ എത്തുന്നത്. രാജ്യസഭാംഗവും സി.പി.ഐ. നേതാവുമായ സി.അച്ചുതമേനോൻ 1969 നവംബർ ഒന്നിന് മുഖ്യമന്ത്രിയായി. എട്ടംഗ മന്ത്രിസഭയിൽ സി.പി.ഐ.യെക്കൂടാതെ ഐ.എസ്.പി., ആർ.എസ്.പി., ലീഗ്, കേരള കോൺഗ്രസ് എന്നീ കക്ഷികളും അംഗമായി. മാർച്ചിൽ അച്ചുതമേനോൻ മന്ത്രിസഭ നിയമസഭയിൽ വിശ്വാസവോട്ട് നേടി. ഈ സമയത്ത് കോൺഗ്രസ് ഇന്ദിരാ കോൺഗ്രസ് സംഘടന കോൺഗ്രസ് എന്ന് രണ്ടുവിഭാഗം രൂപപ്പെട്ടിരുന്നു. ഇന്ദിരാ കോൺഗ്രസിലെ അംഗങ്ങൾ വിശ്വാസപ്രമേയത്തെ അനുകൂലിച്ചു. കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് ഈ ചന്ദ്രശേഖരൻ നായർ രാജിവച്ചു. അവിടെ സംസ്ഥാന നിയമസഭയിലേക്ക് അച്ചുതമേനോൻ മത്സരിച്ചു ജയിച്ചു. പക്ഷെ ഐ.എസ്.പി.യിലെ പ്രശ്നങ്ങൾ അച്ചുതമേനോൻ മന്ത്രിസഭയിൽ പ്രശ്നം സൃഷ്ടിച്ചു. മുൻമന്ത്രി പി.കെ. കുഞ്ഞിന്റെ പേരിലുള്ള അന്വേഷണ നടപടികൾ ഹൈക്കോടതി റദ്ദുചെയ്തതിനെ തുടർന്ന് അദ്ദേഹത്തെ മന്ത്രിയാക്കാനും, എൻ.കെ. ശേഷനെ മന്ത്രിസഭയിൽ നിന്നും പിൻവലിക്കാനുമുള്ള തീരുമാനമാണ് പ്രശ്നം വഷളാക്കിയത്.

മന്ത്രിസ്ഥാനം രാജിവച്ച ശേഷൻ രണ്ട് എം.എൽ.എ.മാരോടൊപ്പം പി.എസ്.പി.യായി. ഒടുവിൽ പ്രശ്നം നേരിടാൻ നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന തീരുമാനത്തിൽ ഭരണമുന്നണി എത്തി. ആഗസ്റ്റ് നാലിന് കേരളം വീണ്ടും പ്രസിഡന്റ് ഭരണത്തിലായി. സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.ഐ. (എം), എസ്.എസ്.പി., ഐ.എസ്.പി., കെ.ടി.പി., കെ.എസ്.പി., ഇടതുപക്ഷ മുന്നണിയും കോൺഗ്രസ്, സി.പി.ഐ., മുസ്ലീം ലീഗ്, പി.എസ്.പി., ആർ.എസ്.പി. എന്നീ കക്ഷികൾ ചേർന്ന് കോൺഗ്രസ് ഐക്യമുന്നണിയായും, കേരള കോൺഗ്രസ്സും സംഘടന കോൺഗ്രസ്സും പ്രത്യേക ജനാധിപത്യ മുന്നണിയായും മത്സരിച്ചു. കോൺഗ്രസ് 32, സി.പി.ഐ. 16, മുസ്ലീം ലീഗ് 12, ആർ.എസ്.പി. 6, പി.എസ്.പി. 3, സി.പി.എം. 32, എസ്.എസ്.പി. 7, ഐ.എസ്.പി. 3, കെ.ടി.പി. 2, കെ.എസ്.പി. 2, കേരള കോൺഗ്രസ് 14, സംഘടനാ കോൺഗ്രസ് 4 ഇതായിരുന്നു ഫലം. ഇതേത്തുടർന്ന് അച്ചുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായി. കേരളത്തിൽ ആദ്യമായി ഭരണത്തുടർച്ച നേടുന്ന മുഖ്യമന്ത്രിയായി അച്ചുതമേനോൻ മാറി.

ആറു വർഷവും അഞ്ചു മാസവും 18 ദിവസവും ദൈർഘ്യമുള്ള നിയമസഭയായിരുന്നു നാലാം കേരള നിയമസഭ. സി. അച്യുതമേനോൻ മുഖ്യമന്ത്രിയും ഇഎംഎസ് നമ്പൂതിരിപ്പാട് പ്രതിപക്ഷ നേതാവുമായിരുന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ 18 മാസങ്ങൾ അധികമായി അധികാരത്തിൽ തുടരാനായ സർക്കാർ. 1970 ഒക്ടോബർ നാലിനു അധികാരത്തിലെത്തിയ മന്ത്രിസഭ 1975 ഒക്ടോബറിൽ കാലാവധി പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ സഭയുടെ കാലാവധി മൂന്നു ഘട്ടങ്ങളിലായി 1977 മാർച്ച് 21 വരെ നീട്ടിക്കൊടുത്തു

സി.പി.ഐ., മുസ്ലീം ലീഗ്, ആർ.എസ്.പി., പി.എസ്.പി. എന്നീ പാർട്ടികളുടെ പ്രതിനിധികൾ ഉൾക്കൊണ്ട ഈ മന്ത്രിസഭയിൽ 1971 സെപ്റ്റംബറിൽ കോൺഗ്രസ് ചേർന്നു. കെ. കരുണാകരൻ, കെ.ടി. ജോർജ്, ഡോ. കെ.ജി. അടിയോടി, വക്കം പുരുഷോത്തമൻ, വെള്ള ഈച്ചരൻ എന്നിവരായിരുന്നു കോൺഗ്രസ് മന്ത്രിമാർ. മന്ത്രിസഭ പുനഃസംഘടനയെത്തുടർന്ന് സി.പി.ഐ. മന്ത്രിമാരായ എൻ.ഇ. ബലറാം, പി.എസ്. ശ്രീനിവാസൻ, പി.കെ. രാഘവൻ എന്നിവർ രാജിവച്ചു. പകരം എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ് എന്നിവർ മന്ത്രിമാരായി. 1972 ഏപ്രിൽ മൂന്നിന് ധനമന്ത്രി കെ.ടി. ജോർജ് അന്തരിച്ചു. വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ്കോയ പാർലമെൻറിൽ മത്സരിക്കാൻ 1973 മാർച്ച് ഒന്നാം തീയതി രാജിവച്ചു. ഇതേത്തുടർന്ന് ചാക്കേരി അഹമ്മദ്കുട്ടി വിദ്യാഭ്യാസമന്ത്രിയായി.

1975 ഡിസംബർ 26-ാം തീയതി ആർ. ബാലകൃഷ്ണപിള്ള മന്ത്രിയായി. 1976 ജൂണിൽ അദ്ദേഹം രാജിവച്ചതിനെ തുടർന്ന് കെ.എം. ജോർജ് മന്ത്രിയായി. അതേവർഷം ഡിസംബറിൽ അദ്ദേഹം മരിച്ചു. പിന്നീട് 1977 ജനുവരിയിൽ പി. നാരായണക്കുറുപ്പ് മന്ത്രിയായി. 1976 ജനുവരി 19ന് പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരൻ അന്തരിച്ചതിനെത്തുടർന്ന് കെ. പങ്കജാക്ഷൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അടിയന്തിരാവസ്ഥക്കാലത്തിലൂടെയാണ് അച്ചുതമേനോൻ മന്ത്രിസഭ കടന്നുപോയത്.

നവകേരളത്തെ നിർമ്മിച്ച ആറു വർഷങ്ങൾ

കേരള ചരിത്രത്തിലെ ദീർഘദർശിയായ മുഖ്യമന്ത്രിയായിട്ടാണ് അച്യുതമേനോനെ വിലയിരുത്തപ്പെടുന്നത്. ലളിത ജീവിതം കൊണ്ടും ഉന്നതമായ ആദർശനിഷ്ടകൊണ്ടും കറകളഞ്ഞ വ്യക്തിത്വ വിശേഷങ്ങൾ കൊണ്ടും കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത നേതാവ്. അഴിമതിയും പ്രമത്തതയും അടക്കം എല്ലാത്തരം അധികാര തിന്മകളിൽ നിന്നും അകന്നുനിന്ന വ്യക്തിത്വം. വിപുലമായ സ്വീകാര്യത. മൃദുഭാഷിയെങ്കിലും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത പ്രകൃതം. അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ട നാട്ടിൽ അത്തരം എല്ലാ സ്ഥാപനവൽക്കരണങ്ങളിൽ നിന്നും സമദൂരം പാലിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ മന്ത്രിസഭയിലുണ്ടായിരുന്നവരും അനുഭവ പരിചയവും വി്ട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും ഭരണ നൈപുണിയും ഒക്കെ ഒത്തുചേർന്നവരായിരുന്നു.

കേരള നിയമസഭയുടെ നിയമനിർമാണങ്ങളുടെ ചരിത്രത്തിലെ സവിശേഷ ഘട്ടമാണ് രണ്ടാം അച്യുതമേനോൻ സർക്കാരിന്റെ കാലം. സംസ്ഥാനത്തെ ആദ്യകാല നിയമങ്ങളിൽ ഏറിയവയും ഈ മന്ത്രിസഭയുടെ കാലത്തുണ്ടായവയാണ്. അവയിൽ എടുത്തു പറയേണ്ടവയാണ് നാലു സർവകലാശാല നിയമങ്ങൾ-കൊച്ചി സർവകലാശാല നിയമം, കേരള കാർഷിക സർവകലാശാല നിയമം, കേരള സർവകലാശാല നിയമം, കോഴിക്കോട് സർവകലാശാല നിയമം എന്നിവ. ചില പുതിയ സർവകലാശാലകൾ ആരംഭിക്കുന്നതിനും നിലവിലെ സർവകലാശാല ഭരണത്തിനു വിശാല അടിത്തറ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതായിരുന്നു ഇവ. ഈ ബില്ലുകളെല്ലാം സഭയിൽ പൈലറ്റ് ചെയ്തത് മുഖ്യമന്ത്രി തന്നെ ആയിരുന്നു. ആ ബില്ലുകളിൽ ഏറ്റവും കൂടുതൽ ഭേദഗതികൾ കൊണ്ടുവന്നതാവട്ടെ സിപിഎം അംഗങ്ങളായ സി.ബി.സി വാര്യരും എം. തോമസുമായിരുന്നു. അവയിൽ ഏറിയ പങ്കും സ്വീകരിക്കപ്പെട്ടു. എം. തോമസ് കൊണ്ടുവന്ന ഭേദഗതികളെല്ലാം തന്നെ സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറായി എന്നതും അക്കാലത്തെ സഭാ പ്രവർത്തനത്തിന്റെ സവിശേഷതയായി കണക്കിലെടുക്കണം.

സംസ്ഥാനത്തെ കർഷകത്തൊഴിലാളി നിയമത്തിന്റെ മാഗ്നകാർട്ട എന്നു വിശേഷിപ്പിക്കപ്പെട്ട 1974 കർഷകത്തൊഴിലാളി നിയമത്തിനു ജന്മം നൽകിയതും ഈ സഭ തന്നെ. കേരള ശിശു നിയമം, കേരള റൂറൽ ഡെവലപ്‌മെന്റ് ബോർഡ് നിയമം, ഹിന്ദു കൂട്ടുകുടുംബ സമ്പ്രദായവും അടിമവേല സമ്പ്രദായവും അവസാനിപ്പിച്ചുകൊണ്ടുള്ള നിയമങ്ങൾ തുടങ്ങി ശ്രദ്ധേയങ്ങളായ ഒട്ടേറെ നിയമ നിർമാണങ്ങൾ ഇക്കാലയളവിലുണ്ടായി. പണിയെടുത്തില്ലെങ്കിൽ ശമ്പളമില്ലെന്ന ഡയസ്‌നോൺ നിയമമടക്കം ഒട്ടേറെ സുപ്രധാന നിയമനിർമാണങ്ങൾ നടത്തിയതിന്റെ പേരിൽ അഭിനന്ദനങ്ങൾ പോലെ തന്നെ വിമർശനങ്ങളും ഉണ്ടായി. ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് അവതരിപ്പിക്കപ്പെട്ട ഭൂപരിഷ്‌ക്കരണ നിയമവുമായി ബന്ധപ്പെട്ട് പല നിർണായക നടപടികളും സർക്കാർ കൈക്കൊണ്ടു. കേരള ഭൂപരിഷ്‌ക്കരണ ഭേദഗതി നിയമത്തിന് ആദ്യ അച്യുതമോനോൻ സർക്കാരിന്റെ കാലത്താണ് കേന്ദ്രം അനുമതി നൽകിയതെങ്കിലും 1972ലെ കേരള ഭൂപരിഷ്‌കരണ (ഭേദഗതി) ആക്ട് രൂപപ്പെടുത്തിയതും തുടർ സർക്കാരായിരുന്നു.

തിരുവനന്തപുരത്തെ ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്‌ററഡീസ് (സിഡിഎസ്), കാർഷിക സർവകലാശാല, കേരള വനഗവേഷണ കേന്ദ്രം, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് തുടങ്ങി നാടിന് അഭിമാനിക്കാൻ ഉതകുന്ന ഒട്ടേറെ സ്ഥാപനങ്ങളും ഈ സർക്കാരിന്റെ കാലത്ത് നിലവിൽ വന്നു. ഡോ.കെ.എൻ. രാജിനെപ്പോലുള്ള രാജ്യാന്തരരംഗത്ത് സ്വീകാര്യരായ ഉന്നത മലയാളി വ്യക്തിത്വങ്ങളെ ഇവിടേക്കു കൊണ്ടുവന്നു സിഡിഎസ് പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് അവരോധിക്കാനും സാധിച്ചു.

മൂന്നാമതും ഭരണത്തുടർച്ച

അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെര‍ഞ്ഞെടുപ്പിലും കേരളത്തിൽ സിപിഐ- കോൺ​ഗ്രസ് മുന്നണി അധികാരം നിലനിർത്തി. അടിയന്തിരാവസ്ഥ പിൻവലിച്ചശേഷമുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും പാർലമെന്റ് തെരഞ്ഞെടുപ്പും നടന്നത് അച്ചുതമേനോന്റെ കാലത്താണ്. എന്നാൽ തെരഞ്ഞെടുപ്പിൽ അച്ചുതമേനോൻ മത്സരിച്ചില്ല. കോൺഗ്രസ് – സിപിഐ ബാന്ധവത്തെ തുടർന്നുണ്ടായ മുന്നണിയും സർക്കാരും ഒരു പതിറ്റാണ്ടോളം സിപിഎമ്മിനെ അധികാരത്തിൽ നിന്നും അകറ്റി നിർത്തി.

അടിയന്തരാവസ്ഥയുടെ കിരാതനാളുകളെ തുടർന്നെത്തിയ 1977ലെ തെരഞ്ഞെടുപ്പിൽ രാജ്യം മുഴുവൻ ഇന്ദിരാ വിരുദ്ധ- കോൺഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോഴും കേരളം ഭരണ മുന്നണിയ്‌ക്കൊപ്പം നിലകൊണ്ടു. ഭരണകക്ഷി സംഖ്യത്തിന് 111 സീറ്റും 51.96 ശതമാനം വോട്ടും ലഭിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനുശേഷം ആദ്യമായി സിപിഐ സിപിഎമ്മിനേക്കാൾ സീറ്റുകൾ നേടിയ തെരഞ്ഞെടുപ്പും ഇതായിരുന്നു. സിപിഎമ്മിന് 17 സീറ്റുകൾ ലഭിച്ചപ്പോൾ സിപിഐക്കു 23 സീറ്റുകൾ കിട്ടി. അച്യുതമേനോൻ സർക്കാരിന്റെ പ്രതിച്ഛായയും ഗുണാത്മകമായ സാമൂഹിക ഇടപെടലുകളും ഇതിനു സഹായിച്ചതായി പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഞ്ചാം നിയമസഭ നിലനിന്ന 1977-79 കാലത്ത് നാലു മുഖ്യമന്ത്രിമാരാണ് ഉണ്ടായത്-കെ. കരുണാകരൻ, എ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ, സി.എച്ച്. മുഹമ്മദ് കോയ എന്നിവർ ഇക്കാലയളവിൽ കേരളം ഭരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close