KERALANEWSTop News

കേരളത്തിൽ ഇടപെടാനുറച്ച് ബിജെപി ദേശീയ നേതൃത്വം; പാർട്ടിയെ ബുത്തുതലത്തിൽ ശക്തമാക്കും; മൂന്നു മേഖലകളായി തിരിച്ചുള്ള സംഘടനാ പ്രവർത്തനം ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും; സമൂഹ മാധ്യമങ്ങളുടെ ചുമതലയും പണി അറിയുന്നവരെ ഏൽപ്പിക്കും

ന്യൂഡൽഹി: കേരളത്തിലെ ബിജെപി സംഘടനാ സംവിധാനത്തിൽ അടിമുടി അഴിച്ചുപണിയാനൊരുങ്ങി ദേശീയ നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനും പാർട്ടി നേതൃത്വത്തിനെതിരെ ഉയരുന്ന സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളെയും തുടർന്നാണ് ദേശീയ നേതൃത്വം കേരളത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകാൻ ഒരുങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും ഇനി കേരളത്തിലെ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങൾ. സംസ്ഥാന അധ്യക്ഷന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചുള്ള സംവിധാനമാകും നിലവിൽ വരിക എന്നാണ് ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന,

കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾ താഴെ തട്ടിൽ സജീവമാക്കാനാണ് ദേശീയ നേതൃത്വം പദ്ധതി തയ്യാറാക്കുന്നത്. സമ്മേളനങ്ങളിലൂടെ ചുമതലക്കാരെ നിയമിച്ച് പൂർണമായും കേഡർ സ്വഭാവം തിരിച്ചുപിടിച്ചാകും പ്രവർത്തനം. തിരുവിതാംകൂർ, മലബാർ, വടക്കേ മലബാർ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിക്കും. ഓരോ മേഖലക്കും ദേശീയ നേതൃത്വം നിശ്ചയിക്കുന്ന ചുമതലക്കാരാകും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. വടക്കേ മലബാറിന്റെ ചുമതല കർണാടകയിൽ നിന്നുള്ള നേതാവിനും മലബാറിൽ ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിക്കും തിരുവിതാംകൂറിൽ നിർമ്മല സീതാരാമനുമാകും ചുമതല എന്നാണ് ലഭിക്കുന്ന സൂചന.

ദേശീയ നേതൃത്വത്തിന്റെ പ​ദ്ധതി അനുസരിച്ച് ബൂത്ത് കമ്മിറ്റികൾക്കാകും അധികാരങ്ങൾ. ഫണ്ടുകൾ ബൂത്ത് തലത്തിൽ എത്തുന്നു എന്നത് ഉറപ്പാക്കും. പ്രാദേശികമായി കാമ്പയിനുകൾ ഏറ്റെടുക്കുകയും മുഴുവൻ സമയ പ്രവർത്തകർക്ക് ഉപജീവന മാർ​ഗങ്ങൾ കണ്ടെത്തി നൽകുകയും ചെയ്യും. ആർഎസ്എസ് പ്രവർത്തകരെ കൂടുതലായി പാർട്ടി ചുമതലകളിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ചും ആലോചനകൾ നടക്കുന്നുണ്ട്. ബൂത്ത്, വാർഡ്, പഞ്ചായത്ത്, നിയമസഭ, പാർലമെന്റ് എന്നിങ്ങനെ കമ്മിറ്റികൾ നിലവിൽ വരും. ജില്ലാ- സംസ്ഥാന സമിതികളിലെ അം​ഗങ്ങൾക്കാകും ഈ കമ്മിറ്റികളുടെ ചുമതല. മുഴുവൻ സമയ പ്രവർത്തകരെ വിവിധ പ്രദേശങ്ങളിലെ സംഘടനാ പ്രവർത്തനങ്ങൾക്കായി മാറിമാറി നിയോ​ഗിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാർട്ടി പ്രതിനിധികൾക്ക് തങ്ങളുടെ പ്രദേശങ്ങളിൽ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കാൻ സൗകര്യം ഒരുക്കും. എംപി ഫണ്ടുകളും പാർട്ടി ജനപ്രതിനിധികളുടെ പ്രദേശങ്ങളിൽ എത്തുന്നു എന്നും നേതൃത്വം ഉറപ്പ് വരുത്തും. കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള വ്യക്തി​ഗത ആനുകൂല്യങ്ങൾ തങ്ങളുടെ പ്രദേശങ്ങളിലെ അർഹരായവരിൽ എത്തിക്കാൻ ബൂത്ത് തല പ്രവർത്തകരെ പ്രത്യേക പരിശീലനം നൽകാനും ബിജെപി പദ്ധതി തയ്യാറാക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സഹായം നൽകാൻ കഴിഞ്ഞാൽ ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനാകും എന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

സോഷ്യൽ മീഡിയയിലും പിടിവീഴും

കേരളത്തിലെ ബിജെപി പ്രവർത്തകരുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളിലും നേതൃത്വത്തിന്റെ നിരീക്ഷണം ഉണ്ടാകും. പാർട്ടിയുടെ ഔദ്യോ​ഗിക പേജുകളും ​ഗ്രൂപ്പുകളും അല്ലാതെ പാർട്ടിയുടെയും പോഷക സംഘടനകളുടെയും പേരിലുള്ള പേജുകളും ​ഗ്രൂപ്പുകളും പാർട്ടി പേജുകളിലേക്ക് ലയിപ്പിക്കാൻ ആവശ്യപ്പെടും. അം​ഗീകരിക്കാത്ത പേജുകളെ പാർട്ടിയുടെ പേര് ഉപേക്ഷിക്കാൻ ആവശ്യപ്പെടും. അതും അം​ഗീകരിക്കാത്ത പേജുകൾ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കും. ഔദ്യോ​ഗിക പേജുകളിലും ​ഗ്രൂപ്പുകളിലും വരുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയ സെല്ലിന്റെ പരിശോധനക്ക് ശേഷം മാത്രമേ അപ്രൂവ് ചെയ്യുകയുള്ളൂ. ഇം​ഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യമുള്ളവരും സാങ്കേതിക പരിജ്ഞാനം ഉള്ളവരെയുമാകും സോഷ്യൽ മീഡിയ സെല്ലിൽ ഉൾപ്പെടുത്തുക.

ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടും

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഹിന്ദു ഏകീകരണത്തിലൂടെ ഭരണം പിടിക്കാനാകില്ലെന്ന തിരിച്ചറിവിലാണ് ബിജെപി ദേശീയ നേതൃത്വം. ഈ അവസ്ഥയിൽ ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ പ്രത്യേക പദ്ധതികളും ദേശീയ നേതൃത്വം മുന്നോട്ട് വെക്കും. അന്ധമായ മുസ്ലീം- ക്രിസ്ത്യൻ വിരോധം പ്രചരിപ്പിക്കുകയോ പ്രസം​ഗിക്കുകയോ വേണ്ടെന്ന നിർദ്ദേശമാണ് നേതൃത്വം മുന്നോട്ട് വെക്കുന്നത്. അതേസമയം, ഈ വിഭാ​ഗങ്ങളോട് ദേശീയ മുഖ്യധാരയിലേക്ക് വരാൻ ആഹ്വാനം ചെയ്യും. നിലവിൽ പാർട്ടിയിലുള്ള ന്യൂനപക്ഷ നേതാക്കൾക്കാകും ഈ ചുമതല നൽകുക. ന്യൂനപക്ഷ വിഭാ​ഗത്തെ പാർട്ടിയിലേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ, ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടികളെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാ​ഗമാക്കുന്നതും ആലോചനയിലുണ്ട്. വരുന്ന അഞ്ചു വർഷം കൊണ്ട് പാർട്ടിയുടെ ജനകീയ അടിത്തറ ശക്തമാക്കി കേരളത്തിൽ ഭരണം പിടിക്കുക എന്നതാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.

ഡൽഹിയിലെത്തിയ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നും നാളെയുമായി ദേശീയ നേതാക്കളെ കണ്ട് കേരളത്തിലെ സ്ഥിതി​ഗതികൾ വിലയിരുത്തും. പാർട്ടിക്കെതിരായ പല വാർത്തകളും മാധ്യമസൃഷ്ടി മാത്രമാണെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ഇക്കാര്യം സുരേന്ദ്രൻ ദേശീയ നേതാക്കളെയും ധരിപ്പിക്കും. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് പുത്തൻ ആശയങ്ങൾ നടപ്പാക്കാനാകും ദേശീയ നേതൃത്വം നിർദ്ദേശിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close