Breaking NewsKERALANEWSTop News

കേരളത്തിൽ ബിജെപി പ്രവർത്തിക്കുന്നത് വെറും 20 ശതമാനം ബൂത്തുകളിൽ; മണ്ഡലം തലത്തിലെ നേതാക്കൾ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നു; ബിജെപി സംസ്ഥാന ഭാരവാഹി യോ​ഗത്തിൽ മണ്ഡലം കമ്മിറ്റികൾക്ക് രൂക്ഷ വിമർശനം

കാസർകോട്: കേരളത്തിൽ വെറും 20 ശതമാനം ബൂത്തുകളിൽ മാത്രമേ ബിജെപിയുടെ പ്രവർത്തനമുള്ളെന്ന് സംസ്ഥാന ഭാരവാഹി യോ​ഗത്തിൽ വിമർശനം. മണ്ഡലം കമ്മിറ്റികൾ പലപ്പോഴും ഉപരി കമ്മിറ്റികൾക്ക് നൽകുന്നത് ഊതിപ്പെരുപ്പിച്ച റിപ്പോർട്ടുകളാണെന്നും യോ​ഗത്തിൽ വിമർശനം ഉയർന്നു. നേതാക്കളായി തുടരാൻ താഴെ തട്ടിൽ ശക്തമായ പ്രവർത്തനം നടത്തുന്നു എന്ന് മണ്ഡലം നേതാക്കൾ പലപ്പോഴും ജില്ലാ- സംസ്ഥാന നേതൃത്വങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നേതാക്കളിൽ പലരും ചൂണ്ടിക്കാട്ടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻ നായർ, ജെ.പ്രമീളാദേവി, കെ.എസ്.രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ സംഘടനാ ദൗർബല്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് യോ​ഗത്തിൽ സംസാരിച്ചത്. മണ്ഡലം കമ്മിറ്റികളാണ് കള്ളക്കണക്കുകൾ തയ്യാറാക്കുന്നതെങ്കിൽ, അതിന്റെ നിജസ്ഥിതി പരിശോധിക്കാൻ പോലും മെനക്കാടാതെ ആ റിപ്പോർട്ടുകൾ അതേപടി സംസ്ഥാന നേതൃത്വത്തിന് കൈമാറുക എന്ന ​നിലപാടാണ് ജില്ലാ കമ്മിറ്റികൾ സ്വീകരിക്കുന്നതെന്നും യോ​ഗത്തിൽ വിമർശനം ഉയർന്നു.

നായർ മാട്രിമോണി, ഈഴവ മാട്രിമോണി എന്നനിലയിലുള്ള സ്ഥാനാർഥിനിർണയം തിരഞ്ഞെടുപ്പിൽ ദോഷമായെന്ന് അഭിപ്രായമുയർന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തില്‍ ഓഡിറ്റിംഗ് വേണമെന്നും യോഗത്തില്‍ ഒരുവിഭാ​ഗം നേതാക്കൾ ആവശ്യമുയര്‍ത്തി. ഫണ്ട് എങ്ങനെ വിനിയോഗിക്കപ്പെട്ടു എന്നത് സംബന്ധിച്ച് വ്യക്തമായ കണക്ക് അവതരിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്‍ഡിഎ ഘടകക്ഷികള്‍ക്കും പണമാണ് ലക്ഷ്യമെന്നും മുന്നണിക്കോ പാര്‍ട്ടിക്കോ ഗുണകരമായ രീതിയില്‍ ഘടകക്ഷികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ലക്ഷദ്വീപ് ജനതയെ ഭീകരവാദികളായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ് പറഞ്ഞു. ഇസ്‌ലാം മതവിശ്വാസികൾ ഇന്ത്യയിൽ ജീവിക്കരുതെന്നു പറയുന്നവർ ഹിന്ദു അല്ലെന്ന ആർ.എസ്.എസ്. അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് അദ്ദേഹം ഇതുപറഞ്ഞത്.

തിരഞ്ഞെടുപ്പുസമയത്ത് മലപ്പുറത്ത് ഹിന്ദു ഐക്യവേദി ഹലാൽ വിരുദ്ധജാഥ നടത്തിയതിനെ ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി വിമർശിച്ചു. സ്ഥാനാർഥിയായിരുന്ന തന്നെ, ഈ ജാഥയിൽ പ്രസംഗിക്കാൻ ക്ഷണിച്ചത് അനൗചിത്യമായെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക ഹിന്ദുത്വമാകാമെന്നും എന്നാൽ മത ഹിന്ദുത്വം അംഗീകരിക്കപ്പെട്ടില്ലെന്നും പൊതുവേ അഭിപ്രായമുയർന്നു. പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നായിരുന്നു മറ്റൊരു വിമർശനം. ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന ഭാരവാഹികൾക്ക് (പ്രഭാരിമാർ) റോളില്ലെന്ന് സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി പറഞ്ഞു. താഴേത്തട്ടുവരെയുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേട്ടശേഷം തിരുത്തൽ നടപടികളെടുക്കാമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മറുപടി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close