കേരളത്തിൽ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

*23 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 17 പേർ വിദേശത്തു നിന്നും എത്തിയവർ
സംസ്ഥാനത്ത് 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ദിവസത്തിലെ ഏറ്റവും അധികം കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 21 പേർക്കും തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കും വിദേശത്തു നിന്ന് വന്ന 17 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ 12ഉം കാസർകോട് ഏഴും കോഴിക്കോട്, പാലക്കാട് ജില്ലകളിൽ അഞ്ച് പേർക്ക് വീതവും തൃശൂർ, മലപ്പുറം ജില്ലകളിൽ നാലു പേർക്ക് വീതവും കോട്ടയത്ത് രണ്ടു പേർക്കും കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം.
കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയും കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകനുമാണ് രോഗം ബാധിച്ചത്. വെള്ളിയാഴ്ച മലപ്പുറത്ത് രണ്ടു പേർ രോഗമുക്തരായി. മുംബയിൽ നിന്ന് ചാവക്കാടെത്തിയ 73 വയസുള്ള ഖദീജക്കുട്ടി കോവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ചിരുന്നു. കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേർ വീതം ചികിത്സയിലുണ്ട്. പാലക്കാട് 26, കാസർകോട് 21, കോഴിക്കോട് 19, തൃശൂർ 16 എന്നിവിടങ്ങളിലാണ് നിലവിൽ കൂടുതൽ പേർ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 28 ഹോട്ട്സ്പോട്ടുകളുണ്ട്.
ഇതുവരെ കേരളത്തിൽ 732 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 216 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 84258 പേർ നിരീക്ഷണത്തിലുണ്ട്. 51310 സാമ്പിളുകൾ പരിശോധിച്ചതിൽ ഫലം ലഭിച്ച 49535 നെഗറ്റീവാണ്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗങ്ങളുടെ 7072 സാമ്പിളുകൾ പരിശോധിച്ചതിൽ ഫലം ലഭിച്ച 6630 എണ്ണം നെഗറ്റീവായി.
വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ സന്നാഹം വലിയ രീതിയിൽ വർധിപ്പിക്കണമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. എന്നാൽ ഒരു മലയാളിക്ക് മുന്നിലും കേരളം വാതിൽ കൊട്ടിയടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.