Breaking NewsKERALANEWS

കേരളപ്പിറവി ദിനത്തില്‍ നന്മയുടെ സന്ദേശമുയര്‍ത്തി ഒരു കൂട്ടം മനുഷ്യര്‍

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വിസ്തൃതമായ നെയ്യാറ്റിന്‍കര ചെങ്കല്‍ വലിയകുളം 27 ഏക്കര്‍ വിസ്തൃതിയില്‍ ഒരുകാലത്തു പടര്‍ന്നു കിടന്നിരുന്നതില്‍ നിന്ന് ഇപ്പോള്‍ ചുരുങ്ങിയിരിക്കുകയാണ്.പരിസരത്തുള്ള സ്വകാര്യ വ്യക്തികളുടെ കടന്നുകയറ്റമാണ് കുളത്തിന്റെ വിസ്തൃതി കുറച്ചതിന്റെ ഒരു പ്രധാന കാരണം.

ചെങ്കല്‍ പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസ്സായ വലിയകുളം ചെളിനിറഞ്ഞും നിറയെ താമരയും പാഴ്ച്ചെടികളും നിറഞ്ഞു നാശത്തിലേക്കു പോകുമ്പോഴാണ് 2009-ല്‍ ഗാന്ധിമിത്രമണ്ഡലം സ്ഥാപകന്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും സെക്രട്ടറിയായിരുന്ന സനല്‍ കളത്തിങ്കലിന്റെ നേതൃത്വത്തില്‍ വലിയകുളം പുനര്‍ജീവനത്തിനായി പ്രയത്‌നങ്ങള്‍ ആരംഭിച്ചത്. ഗാന്ധിമിത്ര ആരംഭിച്ച വലിയകുളം നവീകരണ പ്രവര്‍ത്തനത്തിന് പിന്തുണയുമായി പഞ്ചായത്തും രംഗത്തെത്തിയതോടെ ജോലി ആരംഭിച്ചു. നാടിന്റെ ഹൃദയമായിരുന്ന വലിയ കുളം വീണ്ടെടുക്കാനായി നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ ഒരുവര്‍ഷം തുടര്‍ച്ചയായി ഇരുപതിനായിരത്തോളം പേരുടെ അധ്വാനം കൊണ്ടാണ് നാശത്തിലേക്കു പോയ വലിയകുളത്തിനെ ഇന്നുകാണുന്നരീതിയില്‍ പുനര്‍ ജീവന്‍ നല്‍കിയത്. ഒരുകാലത്തു ഡിസംബറിന്റെ ആരംഭത്തില്‍തന്നെ പ്രദേശത്തെ കിണറുകള്‍ വരള്‍ച്ച ബാധിച്ചിരുന്നു വലിയകുളം നവീകരണത്തോടെ കിണറുകളിലെ ജലനിരപ്പ് ഉയരുകയും ചെങ്കലിന്റെ കാര്‍ഷിക സമൃദ്ധിക്ക് വലിയകുളത്തിലെ ജലസമൃദ്ധി മുതല്‍ കൂട്ടാവുകയും ചെയ്തു.

പഞ്ചായത്ത് കുളം നവീകരണത്തിനോടനുബന്ധിച്ചു പല പദ്ധതികളും ആസൂത്രണം ചെയ്തതിരുന്നു. അവയെല്ലാം കടലാസ്സില്‍ ഒതുങ്ങുകയാണ് ചെയ്തത്. ചുറ്റുപാടും സ്ഥാപിച്ച വിളക്കുകളില്‍ പലതും സാമൂഹ്യ വിരുദ്ധര്‍ മദ്യപിക്കാനുള്ള സൗകര്യത്തിനു വേണ്ടി നശിപ്പിച്ചു. പലപ്പോഴും നാട്ടുകാര്‍ ചുറ്റുപാടിലും സിസിടിവി സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്തു അതിനുവേണ്ട നടപടികള്‍ ഒന്നും തുടങ്ങിയില്ല. പായലും പുല്ലും നിറഞ്ഞു കുളത്തിന്റെ നാലുചുറ്റും കാട് പിടിച്ചു. കുളത്തിനു ചുറ്റുമുള്ള റോഡ് പ്രഭാത സവാരിക്ക് നൂറുകണക്കിന് ആളുകള്‍ ഉപയോഗിച്ചിരുന്നു. പാഴ്‌ചെടികളും പുല്ലുകളുംനിറഞ്ഞു കിടന്ന ഈ സ്ഥലം വെട്ടിയൊരുക്കുന്നതിനു വേണ്ടി പൊതുജനം പലപ്പോഴും അധികാരികളെ സമീപിച്ചിരുന്നു എങ്കിലും നടപടികള്‍ ഉണ്ടായില്ല. കുളം നിറയെ കുളവാഴയും പരിസരം കുറ്റികാടുമായി മാറിയത്തോടു കൂടി കുളത്തിനു ചുറ്റും രാവിലെ നടക്കാന്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ടാവുകയും പരിസരം മദ്യപാനത്തിന് ഉപയോഗിക്കുന്ന സാമൂഹ്യദ്രോഹികള്‍ മദ്യകുപ്പികളും പ്ലാസ്റ്റിക് കുപ്പികളും കുളത്തിലും പരിസരപ്രദേശത്തും നിക്ഷേപിക്കുന്നത് പതിവാക്കി. പൊട്ടിച്ചിട്ട മദ്യകുപ്പിച്ചില്ലുകളില്‍ ചവിട്ടി പ്രഭാത സവാരികര്‍ക്കു അപകടങ്ങള്‍ പറ്റുന്നത് പതിവായി.

ആഴ്ചയില്‍ ഒരുദിവസം വലിയകുളത്തിനു ചുറ്റും നടക്കാന്‍ പോകാറുണ്ടായിരുന്ന വട്ടവിളയിലെ ഗോകുലം യോഗ കൂട്ടായ്മ കുളത്തിന്റെ അവസ്ഥശ്രദ്ധിക്കുകയും യോഗാചാര്യന്‍ രാധാകൃഷ്ണന്‍ സാറും സുഹൃത്തുക്കളും, ഈ കുളത്തിന്റെയും പരിസരത്തിന്റെയും ദയനീയ അവസ്ഥ കണ്ടു പരിസരവും കുളവും ശുചിയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.2020 ജനുവരി 26 റിപ്പബ്ലിക് ദിനനത്തില്‍ തുടക്കം കുറിച്ച ശുചികരണം നാല് ഞായറാഴ്ചകള്‍ കൊണ്ട് പൂര്‍ത്തിയാക്കി. അവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തികള്‍ കണ്ടു പ്രഭാത സവാരിക്ക് സ്ഥിരമായി വന്നിരുന്ന ചില പരിസരവാസികളും ഇവരുടെ ഉദ്യമത്തിന് പിന്തുണനല്‍കി. കുളത്തിലെ പായലുകളും പുല്ലുകളും പാഴ്‌ചെടികളും വെട്ടി ശരിയാക്കി വീണ്ടും കുളത്തിനു പുതുജീവന്‍ നല്‍കി. നാലഞ്ചു ചാക്ക് നിറയെ മദ്യകുപ്പികളാണ് കുളത്തില്‍നിന്നും വാരിമാറ്റിയത്.

കോവിഡ് കാലം കുളത്തിന്റെ അവസ്ഥ പിന്നയും ദയനീയമാക്കി. കുളവും പരിസരവും വീണ്ടും മദ്യക്കുപ്പികള്‍ കൊണ്ട് നിറഞ്ഞു. കേരളപിറവി ദിനത്തില്‍ വട്ടവിള ഗോകുലം യോഗ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട ശുചികരണത്തിനു തുടക്കം കുറിച്ചു. എല്ലാ ശകാരണവുമായി സനല്‍ കുളത്തുങ്കലും മറ്റു ചില സാമൂഹിക പ്രവര്‍ത്തകരും കൂടെ ചേര്‍ന്നു. കേരളപ്പിറവി ദിനത്തില്‍ രാവിലെ ആറുമണിമുതല്‍ വല്യകുളവും പരിസരവും ശുചികരണം നടത്തി. നാം അധിവസിക്കുന്ന ഭൂമി കാത്തുരക്ഷിക്കുന്നതിനും അടുത്ത തലമുറയ്ക്ക് വേണ്ടി കാത്തു സൂക്ഷിക്കുന്നതിനും ഓരോരുത്തര്‍ക്കും കടപ്പാടുണ്ട്. എല്ലാം പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും ചുമതലയാണെന്നുള്ള ചിന്ത ആദ്യം മാറ്റണം. നാം ചെയ്യേണ്ട പ്രവര്‍ത്തികള്‍ നാം ചെയ്താല്‍ മാത്രമേ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചോദിച്ചു വാങ്ങുവാന്‍ പൊതുജനങ്ങള്‍ക്ക് ആര്‍ജവം ഉണ്ടാകു. കുറച്ചു മനുഷ്യര്‍ അവരുടെ കുറച്ചു സമയം ആഴ്ചയില്‍ ഒരു ദിവസം വച്ച് കുറച്ചു ആഴ്ചകളില്‍ മാറ്റിയപ്പോള്‍ പതിനായിരങ്ങളോ ലക്ഷങ്ങളോ മുടക്കി ചെയ്യേണ്ടിയിരുന്ന പ്രവര്‍ത്തികള്‍ നിസാരമായി ചെയ്തു തീര്‍ക്കാന്‍ സാധിച്ചു.

‘വിവിധ മേഖലകളില്‍ പണിയെടുക്കുന്നവരും, ജോലികളില്‍ നിന്നും വിരമിച്ചതിനു ശേഷം കൃഷിയിലും മറ്റു തൊഴിലിലും ഏര്‍പ്പെട്ടു സദാതിരക്കുള്ള ജീവിതം നയിക്കുന്ന വരുമായ ഈ സുഹൃത്തുക്കള്‍ വരുന്ന ആഴ്ചകളിലും ഈ ഉദ്യമം തുടരുവാന്‍തന്നെആണ് തീരുമാനിച്ചിരിക്കുന്നത്. കഴിയുന്നിടത്തോളം കാലം നമ്മുടെ പൊതുസ്ഥലങ്ങള്‍ ശുചികരിക്കുന്ന പ്രവര്‍ത്തികളും പ്രകൃതി സംരക്ഷണവും തുടര്‍ന്ന് കൊണ്ടുപോകാനാണ് ഈ കൂട്ടായ്മയുടെ തീരുമാനവും. ഈ സംരഭത്തിന് എല്ലാ നാട്ടുകാരുടെയും സഹകരണവും ഇവര്‍ പ്രതീക്ഷിക്കുന്നു. ദിവസവും ഇതുവഴി നടക്കാന്‍ പോകുന്നവര്‍ ഒരു പാഴ് ചെടി വീതം പറിച്ചു കളയുകയാണെങ്കില്‍ ഇവിടം ഒരിക്കലും നാശമാവുകയുമില്ല. എത്രയും പെട്ടെന്ന് നാലുവശത്തും ഓരോ വലിയ മാലിന്യ ശേഖരണത്തിനുള്ള സംവിധാനം ഒരുക്കണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന. കൂടാതെ എത്രയും പെട്ടെന്ന് സിസി ടിവി സ്ഥാപിച്ചു സുരക്ഷവര്‍ധിപ്പിക്കണമെന്നും ആവശ്യപെടുന്നു. ദിവസവും ധാരാളം സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ആളുകളാണ് ഇതുവഴി പ്രഭാത സവാരി നടത്താനും അല്ലാതെയും കടന്നു പോകുന്നത് . മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം ഇല്ലാതാക്കാന്‍ സിസി ടിവി വളരെ അത്യാവശ്യമാണ്.നീണ്ട കാലം പൂര്‍ണ്ണമായി അവഗണിക്കപ്പെട്ട വലിയകുളം ഇന്നത്തെ നിലയില്‍ മറിയതില്‍ ഗവണ്‍മെന്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, ജന പ്രതിനിധികള്‍ സന്നദ്ധ സങ്കടനകള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ എല്ലാം ശ്രമഫലമായിട്ടാണ്. ഇപ്പോഴും അധികൃതര്‍ വേണ്ടത്ത ശ്രദ്ധ ഇവിടെ പതിയാത്ത കാരണംകുളവും പരിസരവും അവഗണിക്കപ്പെടുന്നു എന്ന് ഇവിടം സന്നര്‍ശിക്കുന്ന ഏവര്‍ക്കും ബോദ്ധ്യമാകും. ഇനി ഒരിക്കല്‍ക്കൂടി വലിയകുളത്തെ പഴയ അവസ്ഥയിലേക്ക് മാറ്റാതെ നിലനിറുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. നെയ്യാറ്റിന്‍കര താലൂക്കില്‍ വളരെയധികം വിനോദ സഞ്ചാരത്തിന് അനുയോജ്യമായ ഈ പ്രദേശത്തിന്റെ വികസനത്തിന് ക്രിയാത്മകമായ ഇടപെടലുകള്‍ ആവശ്യമാണ്. ജനപ്രതിനിധികള്‍ അതിനനുസരിച്ചു ഉണര്‍ന്നില്ലെങ്കില്‍ പൊതുജനത്തിന് അവരെ ഉണര്‍ത്തേണ്ട കടമയുണ്ട്. ഏതൊരു പ്രദേശത്തിനും വികസനമല്ല സുസ്ഥിര വികസനമാണ് ഉണ്ടാകേണ്ടത്. പുതിയ സംവിധാനങ്ങള്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ എല്ലാ ഉത്തരവാദിത്തങ്ങളും തീര്‍ന്നെന്നു കരുതുന്നതല്ല വികസനം. നിര്‍മിക്കുന്നത് അതുപോലെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിര്‍മിച്ചതുകൊണ്ടു അര്‍ത്ഥമില്ല. സംരകിക്കേണ്ട ചുമതല സര്‍ക്കാരിന്റെ മാത്രം കടമയല്ല, ഓരോ പൗരന്റെയും കടമയാണ്. സംരക്ഷിക്കാം വയ്യെങ്കിലും കുഴപ്പമില്ല ഉള്ളവയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുത്’ എന്നുമാണ് കൂട്ടായ്മ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close