KERALANEWSTop News

കേരളമാകെ പ്രശസ്തമായ ബാലന്‍പിള്ള സിറ്റി;സത്യന്റെയും പ്രേംനസീറിന്റെയും ഇഷ്ട തുന്നൽക്കാരൻ; ബാലന്‍ പിള്ള ഓർമയയായി

ഇടുക്കി: രാമക്കല്‍മേടിന് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ബാലന്‍പിള്ള സിറ്റി ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെയാണ് കേരളമാകെ പ്രശസ്തമായത്. ഇവിടെ ആദ്യകാല പലചരക്ക് കടക്കാരനായിരുന്ന ബാലന്‍ പിള്ള(96)യുടെ പേരില്‍ നിന്നുമാണ് ഈ നാടിന് ബാലന്‍പിള്ള സിറ്റി എന്ന പേര് ലഭിച്ചത്. ഈ സിറ്റിക്ക് പേര് ലഭിക്കാന്‍ കാരണക്കാരനായ ബാലന്‍പിള്ള ഇന്നലെ അന്തരിച്ചു. ആലപ്പുഴ പാതിരിപ്പള്ളിയിലെ മകള്‍ ഗീതയുടെ വീട്ടില്‍ വെച്ചായിരുന്നു കൊല്ലംപറമ്പില്‍ ബാലന്‍പിള്ള എന്നറിയപ്പെടുന്ന ബാലകൃഷ്ണപിള്ളയുടെ അന്ത്യം.കുടിയേറ്റക്കാലത്ത് ബാലന്‍പിള്ള രാമക്കല്‍മേടിന് സമീപം കട നടത്തിയിരുന്ന തമിഴ്‌നാട്- കേരള അതിര്‍ത്തി പ്രദേശമാണ് പില്‍ക്കാലത്ത് ബാലന്‍പിള്ള സിറ്റിയായത്. ഇവിടത്തെ എസ് എച്ച് ഹൈസ്‌കൂളിന്റെ എതിര്‍വശത്തായിട്ടായിരുന്നു ബാലന്‍പിള്ളയുടെ കട. സത്യനും പ്രേംനസീറുമടക്കം പല ചലച്ചിത്രതാരങ്ങളുടെയും ഇഷ്ട തുന്നല്‍ക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. ആലപ്പുഴയിലേക്ക് അദ്ദേഹം തിരികെ എത്തിയിട്ട് നാലുപതിറ്റാണ്ടിലേറെയായി.

കൃഷിയോടുള്ള അഭിനിവേശം

കൃഷിയോടുള്ള അഭിനിവേശത്തെ തുടർന്ന് ആലപ്പുഴ പഴവീടുള്ള കൊല്ലംപറമ്പ് വീട്ടിൽനിന്ന് 1957 ലാണ് ബാലകൃഷ്ണപിള്ള ഹൈറേഞ്ചിൽ എത്തിയത്. ഭാര്യ ഭാർഗവിയും മൂന്നു മക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീട് മൂന്നുമക്കൾകൂടി പിറന്നു. വനഭൂമി കൃഷിഭൂമിയാക്കാൻ തയാറുള്ള ചെറുപ്പക്കാർക്ക് സർക്കാർ ബ്ലോക്കുകൾ പതിച്ചു നൽകിയപ്പോൾ ബാലൻപിള്ളയും അപേക്ഷ നൽകുകയായിരുന്നു. 1956 ൽ ആദ്യം അനുവദിച്ച കല്ലാറിനു സമീപത്തെ ബ്ലോക്ക് ഭൂമി കൈപ്പറ്റാൻ കഴിയാതിരുന്ന ബാലകൃഷ്ണപിള്ള വീണ്ടും അപേക്ഷിച്ചു. രാമക്കൽമേടിനു സമീപം രണ്ടാമത്തെ അലോട്മെന്റ് ലഭിക്കുകയായിരുന്നു. പട്ടംകോളനിയുടെ ഭാഗമായി 1076ാം നമ്പർ ബ്ലോക്കാണ് അദ്ദേഹത്തിന് അനുവദിച്ചുകിട്ടിയത്. കുടുംബത്തോടൊപ്പം കൃഷിചെയ്ത് ജീവിച്ചുതുടങ്ങി. കാട്ടുപന്നിയോടും ആനയോടുമൊക്കെ പൊരുതിയാണ് കുടുംബം ജീവിതം കരുപ്പിടിപ്പിച്ചത്. കൃഷി വിളകൾ വിൽക്കാൻ കിലോമീറ്ററുകളോളം നടക്കേണ്ടിവന്നതോടെയാണ് ഒരു ചെറിയ കട തുടങ്ങാൻ അദ്ദേഹം ആലോചിക്കുന്നത്.ആദ്യം ഒരു തയ്യൽക്കടയായിട്ടായിരുന്നു തുടക്കം. പിന്നീടത് ചായക്കടയും പലചരക്ക് കടയുമായി.

തമിഴ്നാട്ടിൽനിന്ന് കാട്ടുപാതയിലൂടെ കച്ചവടത്തിനും തൊഴിലിനുമായി ഒട്ടേറെ പേർ കാൽനടയായി ഹൈറേഞ്ചിൽ എത്തുന്നവർ റാന്തൽ വെളിച്ചം വിതറുന്ന ബാലൻപിള്ളയുടെ ചെറിയ ചായക്കട ഇടത്താവളമാക്കി. ഇവിടെ ഒരു നാട് ഉയർന്നുവന്നപ്പോൾ നാട്ടുകാർക്ക് പേരിടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അങ്ങനെ ആ സ്ഥലം ബാലൻപിള്ള സിറ്റിയായി.ബാലൻപിള്ളയുടെ അഞ്ചേക്കർ സ്ഥലത്താണ് സിറ്റി ഉയർന്നത്. സ്ഥലം അഞ്ചും പത്തും സെൻറായി മുറിച്ചുവിറ്റു. കൂടുതൽ കടകൾ വന്നു. അങ്ങനെ അവിടെയൊരു‘സിറ്റി’യായി. പേരും പെരുമയുംകൊണ്ട് ജില്ലയിലെ മറ്റു സിറ്റികളെ കടത്തിവെട്ടിയ മലയോര ഗ്രാമമാണ് ബാലൻപിള്ള സിറ്റി. കരുണാപുരം പഞ്ചായത്തിലെ 3 വാർഡുകളുടെ സംഗമ ഭൂമിയാണ്. പഞ്ചായത്തിലെ 4, 5, 6 വാർഡുകൾ ബാലൻപിള്ളസിറ്റി കേന്ദ്രീകരിച്ചാണ് അതിർത്തി പങ്കിടുന്നത്.

നാടിന്റെ നാഥൻ

നാടിന്റെ എല്ലാ കാര്യത്തിലും നാഥനായി ബാലൻപിള്ള ഉണ്ടായിരുന്നു. പോസ്റ്റ് ഓഫീസും സ്കൂളുമെല്ലാം യാഥാർഥ്യമാകുന്നതിൽ ബാലൻപിള്ള വലിയ പങ്കാണ് വഹിച്ചത്. രണ്ട് പതിറ്റാണ്ട് കച്ചവടം ചെയ്‌തെങ്കിലും ഒടുവിൽ അതെല്ലാം നഷ്ടത്തിലാണ് കലാശിച്ചത്. അങ്ങനെ കച്ചവടം നിർത്തി ബാലൻപിള്ള തൂക്കുപാലത്ത് ചിട്ടി തുടങ്ങി. പിന്നീട് ഇവിടം ഉപേക്ഷിച്ച് അദ്ദേഹം ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്നു.മക്കളിൽ രവീന്ദ്രനാഥ് മാത്രമാണ് ഹൈറേഞ്ചിൽ ഉള്ളത്. 2018 ൽ രാമക്കൽമെട്ടിൽ ആദ്യകാല കുടിയേറ്റ കർഷകരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായാണ് ബാലൻപിള്ള അവസാനമായി ബാലൻപിള്ള സിറ്റിയിലെത്തിയത്. സിപിഎമ്മിന്റെ സജീവ പ്രവർത്തകനുമായിരുന്നു. ബാലൻപിള്ള കട നടത്തിയിരുന്ന സ്ഥലത്ത് ഇപ്പോൾ മറ്റൊരാളാണ് പലചരക്കുകട നടത്തുന്നത്. സ്കൂൾ, പ്രൈമറി ഹെൽത്ത് സെന്റർ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ള ടൗണാണ് ഇന്ന് ബാലൻപിള്ള സിറ്റി.സത്യനും പ്രേംനസീറുമടക്കം അക്കാലത്തെ പ്രശസ്ത ചലച്ചിത്രതാരങ്ങളുടെ ഇഷ്ട തുന്നൽക്കാരനായി പ്രശസ്തിയിലിരിക്കുമ്പോഴാണ് ആലപ്പുഴയിൽനിന്ന് ഇടുക്കിയിലേക്ക് കുടിയേറിയത്. ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപമുള്ള സ്വന്തം തയ്യൽക്കട ഉപേക്ഷിച്ചാണ് ഹൈറേഞ്ചിലേക്ക് പോയത്.

സിനിമയിലൂടെ ഹീറോ ആയ ബാലൻപിള്ള സിറ്റി

ലാൽജോസിന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെയാണ് ബാലൻപിള്ള സിറ്റിയെക്കുറിച്ച് കൂടുതൽ ആളുകൾ അറിയുന്നത്. സിനിമയിൽ സിറ്റിയും ബാലൻപിള്ളയും പ്രധാന കഥാപത്രങ്ങളായിരുന്നു. ബാലൻപിള്ളയായി അഭിനയിച്ചത് നടൻ ജനാർദനനും. എന്നാൽ, ശരിക്കുള്ള ബാലൻപിള്ള സിറ്റിയിലായിരുന്നില്ല സിനിമാ ചിത്രീകരണം നടന്നത്. തൊടുപുഴയ്ക്ക് സമീപം മുണ്ടൻമുടിയിലായിരുന്നു സെറ്റ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close