INDIANEWSTop News

കേരളമില്ലാതെ എന്ത് മഹാഭാരതം? ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നത് കേരളത്തിലെ നേതാക്കളുടെ ചേരിപ്പോര്; നേതൃമാറ്റമല്ലാതെ മറ്റ് മാർ​ഗമില്ലെന്ന വികാരം പാർട്ടിയിൽ ശക്തം; കെ സുരേന്ദ്രനും വി മുരളീധരനും ഇനി നിർണായക ദിനങ്ങൾ

ന്യൂഡൽഹി: കേരളത്തിലെ തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയെടുക്കാനൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. പ്രചാരണത്തിന് അനുകൂലമായ എല്ലാ ഘടകങ്ങളും കേന്ദ്ര നേതൃത്വം നൽകിയിട്ടും സിറ്റിം​ഗ് സീറ്റുപോലും നിലനിർത്താനാകാതെ പോയത് പാർട്ടിക്കുള്ളിലെ ​ഗ്രൂപ്പിസവും ചില നേതാക്കളുടെ താൻപോരിമയും കാരണമാണെന്ന് ആർഎസ്എസ് ബിജെപി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ബിജെപി നേതാക്കളിൽ വലിയൊരു വിഭാ​ഗവും നേതൃമാറ്റം വേണമെന്ന ആവശ്യം ദേശീയ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, കെ സുരേന്ദ്രനും വി മുരളീധരനും എതിരെ നടപടിയുണ്ടാകും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ. ആവശ്യത്തിലധികം പണവും നേതാക്കൾക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്ററും പ്രചാരണത്തിന് ദേശീയ നേതാക്കളുടെ വലിയൊരു നിരയും ദേശീയ നേതൃത്വം നൽകിയിരുന്നു. എന്നാൽ, ഇവയൊന്നും ഫലപ്രദമായി വിനിയോ​ഗിച്ചില്ല എന്നാണ് ബിജെപി ദേശീയ നേതൃത്വവും വിലയിരുത്തുന്നത്.

സംസ്ഥാന അധ്യക്ഷൻ കെ സരേന്ദ്രനും കേന്ദ്രമന്ത്രി മുരളീധരനും ചേർന്നെടുക്കുന്ന ഏകപക്ഷീയമായ ചില നിലപാടുകളാണ് പരാജയത്തിന് കാരണമായതെന്ന് ആർഎസ്എസും ബിജെപിയിെല ഒരു വിഭാഗവും ആരോപിക്കുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടുകൾ കേന്ദ്രനിരീക്ഷകരായി എത്തിയവർ തിരുത്താത്തതിലും ആർഎസ്എസിന് അതൃപ്തിയുണ്ട്. കേന്ദ്രനേതൃത്വം അടിയന്തിര ഇടപെടൽ നടത്തിയിലെങ്കിൽ ഒരു വിഭാഗം പാർട്ടി വിടാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഉടൻ തിരുത്തൽ നടപടികൾ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിൽ കൊവിഡ് കാലം കഴിഞ്ഞാൽ നടപടിയെടുക്കാമെന്ന നിലപാടിലാണ് ബിജെപി കേന്ദ്രനേതൃത്വം.

സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടൽ തെരഞ്ഞെടുപ്പിൽ തങ്ങളെ തിരിഞ്ഞുകുത്തിയെന്ന് ഒരു വിഭാഗം വിലയിരുത്തിയിരുന്നു.കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒരിടത്തും എത്താതെ പോയത് സംസ്ഥാനസർക്കാരിന് ഗുണകരമായെന്നാണ് ഭാരവാഹി യോഗത്തിൽ ചില നേതാക്കളുടെ വിമർശനം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും ബിജെപി നേതാക്കൾ വിലയിരുത്തുന്നു. ഓൺലൈനായി നടന്ന ഭാരവാഹി യോഗത്തിലായിരുന്നു കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനുനേരെ വിമർശനമുയർന്നത്‌.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ കേരളത്തിലെ ഇടപെടലുകൾക്ക് പിന്നിൽ ബിജെപി ആണെന്ന് പരക്കെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരായ ജനവികാരം തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ തിരിച്ചടിയായെന്നാണ് ചില ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടിയത്. സ്ഥാനാർഥി നിർണ്ണയത്തിലുണ്ടായ പാളിച്ചയും നാമനിർദ്ദേശ പത്രികയിലുണ്ടായ പിഴവുകളും വലിയ രീതിയിൽ പാർട്ടിയ്ക്ക് ദോഷം ചെയ്‌തെന്നാണ് വിലയിരുത്തൽ. ഏറെ വിജയ പ്രതീക്ഷയുമായി മത്സരത്തിന് ഇറങ്ങിയ പല സ്ഥാനാർത്ഥികളും ഇത്തവണ ദയനീയമായി പരാജയപ്പെട്ട കാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ഒടുവിൽ കണ്ടത്. തോൽവി മാത്രമല്ല ജില്ലയിലെ എൻ.ഡി.എ. ക്യാമ്പിനെ മൗനത്തിലാക്കുന്നത്. പല ചോദ്യങ്ങൾക്കും എന്ത് ഉത്തരം പറയുമെന്ന ആശങ്ക കൂടി നേതാക്കളുടെ നിശ്ശബ്ദതയ്ക്ക് പിന്നിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിൽനിന്ന് പതിനായിരത്തിലേറെ വോട്ടുകൾ അഞ്ചിടത്തും നഷ്ടപ്പെട്ടു. ഇത് എവിടെ പോയി എന്ന് നേതാക്കൾ അണികളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്.

70 മണ്ഡലങ്ങളിലായി 493 ബൂത്തുകളിൽ എൻഡിഎ സ്ഥാനാർഥികൾക്ക് കിട്ടിയത് വെറും ഓരോ വോട്ട് മാത്രം. ആയിരത്തിലധികം ബൂത്തുകളിൽ മുന്നണി സ്ഥാനാർഥികൾക്ക് കിട്ടിയത് രണ്ടു മുതൽ അഞ്ച് വരെ വോട്ട് മാത്രമാണെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. ആയിരങ്ങളെ അണിനിരത്തി നടത്തിയ വിജയ് യാത്രയും കോടിക്കണക്കിനു രൂപ മുടക്കിയ തിരഞ്ഞെടുപ്പു പ്രചാരണവും പല മേഖലകളിലും ഒരു ചലനവുമുണ്ടാക്കിയില്ലെന്നാണ് ബിജെപിയും സഖ്യകക്ഷികളും നേടിയ വോട്ടിന്റെ കണക്കു സൂചിപ്പിക്കുന്നത്. കേരളത്തിലെ ഉള്ള അക്കൗണ്ട് കൂടി പൂട്ടിപോയ ബി.ജെ.പി നേരിട്ടത്ത് കനത്ത തോൽവി തന്നെയാണ്.

പ്രധാന നേതാക്കളെല്ലാം ചിത്രത്തിൽപ്പോലും ഇല്ലാതായപ്പോൾ മുതിർന്ന നേതാവായ കുമ്മനം രാജശേഖരനും മെട്രോമാൻ ഇ. ശ്രീധരനുമാണ് എതിരാളികൾക്ക് അൽപമെങ്കിലും വെല്ലുവിളി ഉയർത്തിയത്. മഞ്ചേശ്വരത്തും കോന്നിയിലും മൽസരിച്ച സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും കനത്ത പരാജയമാണ് ജനംവിധിച്ചത്.

വർഷങ്ങളുടെ അധ്വാനത്തിലൂടെ ബി.ജെ.പിയും ഒ. രാജഗോപാലും ചേർന്ന് തുറന്ന നിയമസഭയിലെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് അക്ഷരം പ്രതി ശരിയായി. നേമത്ത് ആദ്യം മുതൽ നേരിയ ലീഡ് നേടി ഉച്ചവരെ മുന്നിൽ തുടർന്ന കുമ്മനം രാജശേഖരൻ അവസാവട്ട വോട്ടെണ്ണലിൽ പിന്നാക്കംപോയി. വി. ശിവൻകുട്ടിക്ക് മുന്നിൽ അടിയറവ് പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 8,671 വോട്ടിന് രാജഗോപാൽ ജയിച്ച മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞടുപ്പിൽ ബിജെപി 12,041 വോട്ടിനും കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പിൽ 2,204 വോട്ടിനും മുന്നിലായിരുന്നു. ഈ കണക്കുകളും തോൽവിയുടെ ആഘാതം കൂട്ടുന്നു.

പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ സിറ്റിംഗ് സീറ്റായ നേമം, പാലക്കാട്, തൃശൂർ, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ബിജെപി ലീഡ് എടുത്തിരുന്നു. ഈ സമയത്ത് വലിയ സന്തോഷം ബിജെപി ഓഫീസിൽ ദൃശ്യമായി. എന്നാൽ വോട്ടെണ്ണൽ മെഷീനിലേക്ക് മാറിയതോടെ കുമ്മനവും പാലക്കാട്ട് ഇ ശ്രീധരനും മാത്രമായി ബിജെപിയിൽ നിന്നും ലീഡ് നേടുന്നവർ. പിന്നീട് ഈ സന്തോഷവും കുറഞ്ഞ് പാലക്കാട് ഇ ശ്രീധരനിൽ മാത്രമെത്തി. ഇടയ്ക്ക് സുരേഷ്‌ഗോപി 3000 വോട്ടിന്റെ ലീഡ് എടുത്തതോടെ വീണ്ടും ബിജെപി മൂന്നിലേക്കും സന്തോഷത്തിലേക്കും എത്തി.ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിച്ച കോന്നി മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 46,506-ഉം 2019-െല നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 39786-ഉം നേടിയ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 32,811 വോട്ടുകളാണ്. ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6,975 വോട്ടാണ് കുറഞ്ഞത്. ലോക്‌സഭയിലേതിനേക്കാൾ 13695 വോട്ടും കുറഞ്ഞു.

ആറന്മുളയിൽ 2016-ൽ 37906-ഉം 2019-ൽ ലോക്‌സഭയിൽ 50497-ഉം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 29099 വോട്ടുകൾ മാത്രമാണ് ബിജു മാത്യുവിന് നേടാനായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ 21398-ഉം നിയമസഭയിൽ കിട്ടിയ 8807 വോട്ടും നഷ്ടപ്പെട്ടു. സ്ഥാനാർഥി പ്രഖ്യാപനത്തിൽ തർക്കമുണ്ടായ തിരുവല്ല മണ്ഡലത്തിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയ്ക്ക് 22674 വോട്ടാണ് കിട്ടിയത്. 2016-ൽ 31439-ഉം 2019-ൽ ലോക്‌സഭയിൽ 37439-ഉം വോട്ടും നേടിയ സ്ഥാനത്താണിത്. നിയമസഭയിൽ കിട്ടിയതിനേക്കാൾ 8765-ഉം ലോക്‌സഭയിലേതിനേക്കാൾ 14765 വോട്ടും കുറഞ്ഞു.

പാലക്കാട് അപ്രതീക്ഷിതമായി മുന്നേറിയ മെട്രോമാൻ ഇ. ശ്രീധരൻ ഒരുഘട്ടത്തിൽ ലീഡ് ആറായിരത്തിലേറെ ഉയർത്തിയിരുന്നു. അവിടെയും അവസാന നിമിഷം യുഡിഎഫിന്റെ ഷാഫി പറമ്പിലിനോട് തോൽക്കാനായിരുന്നു വിധി. നടൻ സുരേഷ് ഗോപിയാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റൊരാൾ. തൃശ്ശൂരിൽ ചിലനേരങ്ങളിലിൽ സുരേഷ്‌ഗോപിയുടെ ലീഡ് ആയിരവും രണ്ടായിരവും കടന്നു. പക്ഷേ അന്തിമവിധിയിൽ മൂന്നാംസ്ഥാനം മാത്രം. എം.ടി. രമേശ് മത്സരിച്ച കോഴിക്കോട് നോർത്തിലെ ഒരു ബൂത്തിൽ ആരും അദ്ദേഹത്തിന് വോട്ടു ചെയ്തില്ല.

ഏറെ ശ്രദ്ധേയനായ സിനിമാ താരം കൃഷ്ണകുമാർ മത്സരിച്ച തിരുവനന്തപുരത്തെ എട്ട് ബൂത്തുകളിൽ അദ്ദേഹത്തിന് ഒരു വോട്ട് പോലുമില്ല. മൊത്തം മുപ്പത്തയ്യായിരത്തോളം വോട്ട് നേടിയപ്പോഴും അഞ്ചിടത്ത് ഓരോ വോട്ടും മറ്റ് 19 ബൂത്തിൽ അഞ്ചിൽ താഴെ വോട്ടും മാത്രമാണ് കൃഷ്ണകുമാറിന് നേടാനായത്.ഏറ്റവുമധികം വോട്ടില്ലാ ബൂത്തുകളും ഒറ്റ വോട്ട് ബൂത്തുകളും മലപ്പുറം ജില്ലയിലാണ്. അവിടെ നിലമ്പൂർ ഒഴികെ 15 മണ്ഡലത്തിലും ഇത്തരം ബൂത്തുകളുണ്ട്. കോഴിക്കോട് ജില്ലയിൽ ഒൻപതും കണ്ണൂർ ജില്ലയിൽ ഏഴും വോട്ടില്ലാ ബൂത്തുണ്ട്. ബിജെപി 50000 ൽ അധികം വോട്ടു നേടിയ കാസർകോട്ട് 10 ബൂത്തിൽ വോട്ട് നേടാനായില്ല. എട്ടിടത്ത് ഓരോ വോട്ടും ഏഴിടത്ത് രണ്ട് വീതവുമാണ് കിട്ടിയത്. ഉദുമയിൽ മൂന്നു ബൂത്തിൽ മാത്രം വോട്ടില്ല. മൂന്നിടത്ത് ഓരോ വോട്ടുണ്ട്. അതേസമയം,ഇടതു കോട്ടയായ തൃക്കരിപ്പൂരും കാഞ്ഞങ്ങാട്ടും എല്ലാ ബൂത്തിലും ഒന്നിലധികം വോട്ടു നേടാൻ ബിജെപി സ്ഥാനാർഥികൾക്ക് കഴിഞ്ഞു.കഴിഞ്ഞതവണ മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ചിത്രത്തിലേ വന്നില്ല.

സുരേന്ദ്രൻ മൽസരിച്ച കോന്നിയിലാകട്ടെ മൂന്നാം സ്ഥാനത്തേയ്ക്ക് പോയി. കഴക്കൂട്ടത്ത് ശബരിമല പ്രശ്‌നം ഉയർത്തി തീപ്പൊരിപ്രചാരണം നടത്തിയ ശോഭാസുരേന്ദ്രൻ, മുതിർന്ന നേതാക്കളായ പി.കെ.കൃഷ്ണദാസ്, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരെല്ലാം മങ്ങിപ്പോയി. വോട്ട്ശതമാനം കൂട്ടിയാൽപോര സീറ്റുകൂട്ടണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം. കൂടുതൽ കിട്ടിയില്ലെന്ന് മാത്രമല്ല ഉള്ള സീറ്റുകൂടി പോയതിന്റെ ആഘാതം വളരെ വലുതാണ്.
കോൺഗ്രസിൽനിന്ന് രാജിവെച്ച് വന്ന പന്തളം പ്രതാപൻ അടൂരിൽ 23980 വോട്ട് നേടി.

2016-ൽ 25940-ഉം 2019-ൽ ലോക്‌സഭയിൽ 51260 വോട്ടുകളും നേടിയ സ്ഥാനത്താണിത്. മലപ്പുറം ജില്ലയിലെ തന്നെ താനൂരിൽ 21 ൽ ഒരു വോട്ടും 22 ബൂത്തിൽ ഓരോ വോട്ടുമാണ്.കല്യാശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ബത്തേരി, നാദാപുരം, കോഴിക്കോട് നോർത്ത്്, ബേപ്പൂർ, നെന്മാറ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പീരുമേട്, അമ്പലപ്പുഴ, ചവറ, കുന്നത്തൂർ, ഇരവിപുരം, വർക്കല, ചിറയിൻകീഴ് മണ്ഡലങ്ങളിൽ ഓരോ ബൂത്തിലും തളിപ്പറമ്പ്, ഇരിക്കൂർ,കൊയിലാണ്ടി, കയ്പമംഗലം, കോന്നി എന്നിവിടങ്ങളിൽ രണ്ട് വീതം ബൂത്തിലുമാണ് വോട്ട് കിട്ടാതെ പോയത്. ഉദുമ, കൊടുവള്ളി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വള്ളിക്കുന്ന്, വാമനപുരം, കോവളം മണ്ഡലങ്ങളിൽ 3 വീതം ബൂത്തിൽ വോട്ടില്ല.

ഏറെ സമയം ബിജെപി വനിതാ സ്ഥാനാർഥി ലീഡ് ചെയ്ത കോഴിക്കോട് സൗത്തിൽ അഞ്ച് ബൂത്തിൽ വോട്ടില്ല. കണ്ണൂരിൽ ഏഴിടത്താണ് വോട്ടില്ലാതായത്.മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയത്തിലൂടെ ബിജെപി ഏറെ പഴി കേട്ട കുണ്ടറ മണ്ഡലത്തിൽ എട്ടിടത്ത് വോട്ടില്ലാതായപ്പോൾ, എട്ടിടത്ത് ഓരോ വോട്ടു മാത്രമാണ് കിട്ടിയത്. കൊണ്ടോട്ടി (7 ബൂത്തിൽ 0 വോട്ട്, 10 ൽ ഒരു വോട്ട് ), വണ്ടൂർ (15, 13), മഞ്ചേരി (4,6), പെരിന്തൽമണ്ണ (6,10), മങ്കട (9,15), മലപ്പുറം (12,16), വേങ്ങര (4,7), തിരൂരങ്ങാടി (16, 20), തിരൂർ (19,17), കോട്ടയക്കൽ (4,10), തവനൂർ (3,11), മണ്ണാർക്കാട് (12,9) എന്നിങ്ങനെയാണ് വോട്ട് നില.

നിയമസഭയിലേതിനേക്കാൾ 1960-ഉം ലോക്‌സഭയിൽ കിട്ടിയതിലും 27280 വോട്ടും കുറഞ്ഞു. റാന്നിയിൽ ബി.ഡി.ജെ.എസാണ് മത്സരിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പദ്മകുമാർ 19587 വോട്ട് നേടി. 2016-ൽ 28201-ഉം 2019-ൽ 39560 വോട്ടും നേടിയ സ്ഥാനത്താണിത്. നിയമസഭയിൽ കിട്ടിയ 8614 വോട്ടും ലോക്‌സഭയിൽ നേടിയ 19973 വോട്ടും നഷ്ടമായി.തൃശൂർ ജില്ലയിൽ കയ്പമംഗലത്തെ വോട്ടില്ലാത്ത രണ്ട് ബൂത്ത് കഴിഞ്ഞാൽ ചേലക്കരയിലും കൊടുങ്ങല്ലൂരിലും ഓരോ ബൂത്തിൽ മാത്രമാണ് ഓരോ വോട്ട് മാത്രമായത്. മറ്റിടത്തെല്ലാം ഒന്നിലേറെ വോട്ടുണ്ട്. ട്വന്റി 20യും വരവോടെ ശ്രദ്ധേയമായ കുന്നത്തുനാട്ടിൽ ബിജെപി സംസ്ഥാന സെക്രട്ടറി വളരെ പിന്നിൽ നാലാം സ്ഥാനാത്തായപ്പോഴും ഒൻപത് ബൂത്തിൽ മാത്രമാണ് വോട്ടില്ലാത്തത്. എട്ടിടത്ത് ഓരോ വോട് നേടി.

കൊച്ചി മണ്ഡലത്തിൽ 11 ബൂത്തിൽ വോട്ടില്ല. 17 ൽ ഓരോ വോട്ടും ഏഴിടത്ത് രണ്ട് വോട്ടുമാത്രമാണ് നേടിയത്. കോതമംഗലത്തെ ആറിടത്ത് വോട്ടു കിട്ടാതെ പോയപ്പോൾ എട്ടിടത്ത് ഓരോ വോട്ട് നേടി.എൻഡിഎ സ്ഥാനാർഥി ഏറ്റവും കുറച്ച് വോട്ട് നേടിയ കോട്ടയം ജില്ലയിലെ പൂഞ്ഞാർ മണ്ഡലത്തിൽ 17 ബൂത്തിൽ മുന്നണിക്ക് വോട്ടേ ഇല്ല. 11 ൽ ഓരോ വോട്ടാണ്. പുതുപ്പള്ളിയിലെ ഒരു ബൂത്തിൽ നേടിയ ഒരു വോട്ടും കഴിഞ്ഞാൽ ബാക്കി ബൂത്തിലെല്ലാം ഒന്നിലധികം വോട്ടുണ്ട്. ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ ഒരു ബൂത്തിൽ വോട്ടുകിട്ടിയില്ലെങ്കിലും മറ്റെല്ലാ ബൂത്തിൽ ഒന്നിലധികം വോട്ടു നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close