Breaking NewsKERALANEWS

‘കേരളയിലെ പ്രൊഫസർമാരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളിലും വ്യാപകമായ ഡേറ്റ തട്ടിപ്പ്; ഡാറ്റാ തട്ടിപ്പ് നടത്തിയവരിൽ മുൻ എം പി ബിജുവിന്റെ ഭാര്യയുടെ ഗവേഷക ഗൈഡും’; പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി

തിരുവനന്തപുരം: മുൻ എം.പി. പി.കെ.ബിജുവിൻറെ ഭാര്യ ഡോ. വിജി വിജയൻ സ്വന്തം ഗവേഷണ പ്രബന്ധങ്ങളിൽ മറ്റു പ്രബന്ധങ്ങളിൽനിന്ന് അനധികൃതമായി ഡേറ്റ പകർത്തിയെന്ന ആരോപണം ഉയർന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയുടെ ഗവേഷണ ഗൈഡ് അടക്കമുള്ള മുതിർന്ന അധ്യാപകരും ഇത്തരം ഡാറ്റ തിരിമറികൾ നടത്തിയതായി ഗവർണർക്കും യുജിസി ചെയർമാനും പരാതി. വിജി വിജയന്റെ ഗവേഷക ഗൈഡും സർവകലാശാല സെനറ്റംഗവുമായ പ്രൊഫ. ഹെലൻ ആൻറണി, വിജിയെ സർവകലാശാലയിൽ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി അംഗവും ബയോ കെമിസ്ട്രി വകുപ്പു മേധാവിയുമായ പ്രൊഫ. എസ്. മിനി, വിജി വിജയനോടൊപ്പം കേരള സർവകലാശാലയിൽ നിയമിതനായ അസിസ്റ്റൻറ് പ്രൊഫസർ പി.എ. ജനീഷ് എന്നിവരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഇത്തരം ഡാറ്റാ തട്ടിപ്പുകളുണ്ടെന്ന് കാണിച്ച് ഇതിൻറെയെല്ലാം വിശദാംശങ്ങളും തെളിവുകളുമടക്കം സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്.കേരള സർവകലാശാല വൈസ് ചാൻസലർക്കും പരാതി നൽകിയിട്ടുണ്ട്.

ദേശീയ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരെ കൊണ്ട് ഡാറ്റാ തട്ടിപ്പ് പരിശോധിപ്പിക്കണമെന്നും പരാതികൾ വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടാൽ ഇവരെ സർവകലാശാലയിൽ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബയോകെമിസ്ട്രി പോലുള്ള സങ്കീർണ വിഷയങ്ങളിലെ ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ നിന്നും ഡാറ്റാ ഇമേജ് അടക്കം പകർത്തിയെടുത്ത് സ്വന്തം പ്രബന്ധങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ചേർത്ത് പ്രസിദ്ധീകരിക്കുന്നത് കണ്ടുപിടിക്കാനായി രൂപം നൽകിയിട്ടുള്ള പബ് പിയർ എന്ന വെബ് പോർട്ടൽ വഴിയാണ് ഈ ഡേറ്റ തട്ടിപ്പുകൾ പുറത്തു കൊണ്ടുവന്നിട്ടുള്ളത്. നിരവധി പ്രബന്ധങ്ങൾ പിൻവലിക്കാനോ തിരുത്തിയെഴുതാനോ പബ് പിയർ പ്രേരകമായിട്ടുണ്ട്.

പകർപ്പിനെക്കുറിച്ച് ആരോപണങ്ങളുയർന്നപ്പോൾ പ്രബന്ധങ്ങളിലെ തെറ്റുകൾ മനസിലാക്കാനുള്ള മാർഗമായാണ് പബ് പിയറിനെ താൻ കണ്ടിട്ടുള്ളതെന്ന വാദവുമായി വിജി വിജയൻ മുന്നോട്ടു വന്നിരുന്നു. തന്റെതിൽ മാത്രമല്ല മറ്റു പലരുടെയും പ്രബന്ധങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നുകൂടി ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടപ്പോഴാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ, മറ്റ് അധ്യാപകരുടെ പ്രബന്ധങ്ങൾ കൂടി പബ് പിയർ വഴി പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഡാറ്റാ തട്ടിപ്പ് നടത്തി സമർപ്പിച്ച ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് വിജി വിജയന് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി നിയമനം ലഭിച്ചത്. ഉന്നതപഠന കേന്ദ്രങ്ങളായ സർവകലാശാലാ വകുപ്പുകളിലെ ഇത്തരം പ്രവണതകൾ അവസാനിപ്പിച്ച് ഗവേഷണ നിലവാരം നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും, അക്കാദമിക് മികവ് തെളിയിച്ച ഉദ്യോഗാർഥികളെ ഒഴിവാക്കി രാഷ്ട്രീയാടിസ്ഥാനത്തിലും മറ്റും അധ്യാപക നിയമനങ്ങൾ നടത്തുന്നത് തടയണമെന്നും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close