കേരളവും യുഎപിഎ കേസുകളും ;ചരിത്രം പറയുന്നത്

2019 നലംബര്‍ മൂന്നാം തിയ്യതിയാണ് അലന്,താഹ എന്നീ രണ്ടുയുവാക്കള്‍ യു.എ.പി.എചുമത്തപ്പെട്ട് അറസ്റ്റിലാകുന്നത്. പന്തീരാങ്കാവ് പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നത്.പിന്നെ അന്വേഷണാര്‍ത്ഥം കേസ് എന്‍.ഐ.എ ഏറ്റെടുത്തു.നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 20ഉം 24ഉം വയസ്സായ രണ്ടുയുവാകള്ക്ക് എതിരെ നിയമവിരുദ്ധപ്രവര്‍ത്തന നിരോദ്ധിത നിയമം ചിമത്തി കേസെടുത്തിരിക്കുന്നു.സെഷന്കോടതിക്കു പിന്നാലെ ഹൈക്കോടതിയും അവരുടെ ജാമ്യം നിഷേധിച്ചിരുന്നു എങ്കിലും അറസ്റ്റ് ചെയ്യപ്പെട്ട് 78 ദിവസം കഴിഞ്ഞിട്ടും ഇന്നു വരെ അവര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്പ്പിക്കപ്പെട്ടിടില്ല. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുയുവാക്കള്ക്കും നിരോധിതസംഘടനയുമായി ബന്ധമുണ്ടെന്ന പരിപൂര്ണവിശ്വാസത്തിലാണ് കേരളമുഖ്യനും ഭരണപക്ഷവും. യുവാക്കളെ വെറുതെവിടണമെന്നാവശ്യപ്പെട്ട് അമ്മമാരുടെ ഉപവാസസമരം അടക്കം കേരളത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ നടക്കുന്നുമുണ്ട്. അവയ്ക്കൊപ്പം സജീവ ചര്‍ച്ചയാകുന്ന വിഷയം കേരളത്തില്‍ ഇന്നോളം ചുമത്തപ്പെട്ട യുഎപിഎ കേസുകളാണ്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലയെന്ന ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ് യു.എ.പി.എ നിയമമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. വിചാരണ കൂടാതെ കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്ന്, അല്ലെങ്കില്‍ സംശയമുള്ള ഏതൊരാളേയും തെളിവുകള്‍ പോലും ഇല്ലാതെ പോലീസിന് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യാമെന്നതാണ് നിയമത്തിന്റെ ഏറ്റവും വലിയ അപകടം. 2008ലെയും 2019 ലെയും ഭേദഗതിയിലൂടെ വ്യക്തികളേയും ഭീകരവാദികളായി, നിയമപ്രകാരം അറസ്റ്റു ചെയ്യാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ യു.എ.പി.എ നിയമപ്രകാരം കേസുകളെടുത്ത സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. യു.എ.പി.എക്കെതിരെ കേരളത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും അതിന്റെ ഇരകളുടെ കാര്യത്തില്‍ വിവേചനം നടക്കുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

വൈത്തിരിയില്‍ പൊലീസ് വെടിവച്ചുകൊന്ന മാവോയിസ്റ്റ് പ്രവര്ത്തകന് സി.പി ജലീലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിച്ചതിന് രണ്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തതും വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതിന് ദിവസങ്ങള്‍ മുന്‍പാണ്.കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും തണ്ടര്‍ബോള്‍ട്ടിനെ പിരിച്ചുവിടണമെന്നുമായിരുന്നു പ്രധാന മുദ്രാവാക്യങ്ങള്‍. എന്നാല്‍ ഈ വിഷയം എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടില്ല. കാരണം ഇത്തരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന്റെയും തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന്റെയും പേരില്‍ കേരളത്തില്‍ അടുത്തകാലത്തായി ധാരാളം യു.എ.പി.എ കേസുകള്‍ രജിസ്ററര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല മാവോയിസ്റ്റ് എന്ന ഒരൊറ്റ ആരോപണത്തില്‍ ആര്‍ക്കെതിരെയും യു.എ.പി.എ ചുമത്താമെന്ന് കേരള പൊലീസ് പലപ്പോഴായി തെളിയിച്ചതുമാണ്.യു.എ.പി.എ നിയമം കര്‍ക്കശമാക്കാനുള്ള ഭേദഗതികള്‍ 2008ല്‍ കേന്ദ്രമന്ത്രിയായിരിക്കെ പി ചിദംബരം സഭയിലവതരിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ നാല് പ്രതിനിധികള്‍ ഭേദഗതിയെ എതിര്‍ത്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്ന്വാനം ചെയ്തതിന്റെ പേരില്‍ ഒരു ആദിവാസി സ്ത്രീക്കെതിരെ പോലും യു.എ.പി.എ പ്രകാരം കേസെടുത്ത് ജയിലലിടച്ചത് സി.പി.ഐ.എം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭ ഭരിക്കുമ്പോഴാണ് എന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

2014 ലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ പോരാട്ടം എന്ന സംഘടന പോസ്റ്റര്‍ പ്രചരണം നടത്തിയതിന് കേരളത്തില്‍ ചുമത്തപ്പെട്ടത് 9 യു.എ.പി.എ കേസുകളാണ്. പോരാട്ടം ജനറല്‍ കണ്‍വീനറായിരുന്ന ഷാന്റോലാല്‍ ഈ 9 യു.എ.പി.എ കേസുകളിലും പ്രതിയായിരുന്നു. ഇതില്‍ ഒരു കേസില്‍ തെളിവില്ലെന്നു കണ്ട് പൊലീസ് കേസ് അവസാനിപ്പിക്കുകയും നടക്കാവ്, മെഡിക്കല്‍ കോളജ് കേസുകളില്‍ നിന്ന് യു.എ.പി.എ ഒഴിവാക്കിയതായും ഷാന്റോലാല്‍ പറയുന്നു.നിലവില്‍ ഷാന്റോലാലിന്റെ പേരില്‍ ആറ് യു.എ.പി.എ കേസുകളുണ്ട്. ഇതില്‍ തൃശൂരില്‍ നിന്നും അറസ്റ്റിലായ ദിലീപ്, അജിതന്, സാബു എന്നിവരെ കേരള സാഹിത്യ അക്കാദമി വളപ്പില്‍ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്.
കേരളത്തില്‍ യു.എ.പി.എ വിരുദ്ധ ക്യാപയിനുകള്‍ പലതും വ്യക്തികളുമായി ചേര്‍ന്നാണ് എന്നതാണ് ചരിത്രം. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.ഐ.എമ്മിന്റെ സമുന്നതനായ നേതാവ് പി.ജയരാജനെതിരെ സി.ബി.ഐ യു.എ.പി.എ ചുമത്തിയപ്പോള്‍ അതിനെതിരെ സി.പി.ഐ.എം ശക്തമായി പ്രതികരിച്ചിരുന്നു.എല്ലായ്പ്പോഴും കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്കലുസരിച്ച് പാര്‍ട്ടിയുടെ നിലപാടുകളും മാറുന്ന കാഴ്ച്ചയാണ് നമ്മള്‍കാണുന്നത്.

പോസ്റ്റര്‍ ഒട്ടിക്കുന്നതും, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതും, ലഘുലേഖ കയ്യില്‍ വയ്ക്കുന്നതുമാണ് കേരളത്തില്‍ യുഎപിഎ ചുമത്താനുള്ള കുറ്റമായി സമീപകാലങ്ങളില്‍ നമ്മള് കാണുന്നത്. 2016ല്‍ എഴുത്തുകാരനായ കമല്‍ സി ചവറ, സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന നദീര്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ എടുത്തത് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെയായിരുന്നു എന്നതും ശ്രദ്ദേയം.
യു.എ.പി.എ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരുകള്‍ രഹസ്യമാക്കി വച്ചിരുന്നു. കേരളത്തില്‍ 2014 മുതല്‍ 2019 സപ്തംബര്‍ വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട യു.എ.പി.എ കേസുകള്‍ 151 എണ്ണമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ 2019 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇത്തരം കേസുകളുടെ വിവരങ്ങളാരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷകളില്‍ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്ന മറുപടി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്.അതുകൊണ്ടുതന്നെ യു.എ.പി.എ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും പൂര്‍ണമായും ലഭ്യമല്ല. ഇതിനു പുറമെ എന്‍.ഐ.എ നേരിട്ടെടുത്ത 11 ഓളം കേസുകളുമുണ്ട്. നിരോധിത സംഘടനയായ ഐസിസുമായി ബന്ധപ്പെട്ട് എടുത്ത കേസുകളും മാവോയിസ്റ്റ് കേസുകളും ഇതില്‍ പെടും.
2015ല്‍ ശ്യാംബാലകൃഷ്ണനെന്ന ചെറുപ്പക്കാരനെ വയനാട്ടില്‍ വച്ച് മാവോയിസ്റ്റാണെന്ന് ആരോപിച്ച് യു.എ.പി.എ ചാര്‍ത്തിയ കേസ് ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. പൊലീസിന് ശക്തമായി താക്കീത് നല്‍കിയതിനൊപ്പം ശ്യാംബാലകൃഷ്ണന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.മാവോയിസ്റ്റാണ് എന്ന കാരണത്താല്‍ മാത്രം ഒരാളെ തടവിലിടാനാവില്ലെന്ന് ഹൈക്കോടതി ഈ കേസിനിടെ നിരീക്ഷിച്ചിരുന്നു. മാത്രമല്ല പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനും ആശയങ്ങളില്‍ വിശ്വസിക്കുന്നതു കൊണ്ടുമാത്രം ഒരാളെ ഭീകരവാദിയായി മുദ്രകുത്താന്‍ പാടില്ലെന്ന് നിരവധി തവണ കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ മാവോയിസത്തില്‍ അനുഭാവം പ്രകടിപ്പിക്കുന്നവരെ പോലും യു.എ.പി.എ ചുമത്താന്‍ നിയമം അനുശാസിക്കുന്നുണ്ടെന്നായിരുന്നു പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. തുടര്‍ന്ന് ഹൈക്കോടതി വിധി കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്രയും സുഭാഷ് റെഡ്ഡിയും അടങ്ങുന്ന ബെഞ്ച് സ്റ്റേ ചെയ്യുയായിരുന്നു. സി.പി.ഐ മാവോയിസ്റ്റ് പ്രവര്‍ത്തകനായ രൂപേഷിനെതിരെ യു.എ.പി.എ ചുമത്തിയത് ഒഴിവാക്കാന്‍ കേരള ഹൈക്കോടതി നിര്‍ദേശിച്ചതും അടുത്തകാലത്താണ്.

2014ല്‍ യു.എ.പി.എ പ്രകാരം കേരളത്തില്‍ എടുത്തത് 30 കേസുകളാണെങ്കില്‍ 2015 ല്‍ ഇത് 35 ആയും അടുത്ത വര്‍ഷം 36 ആയും ഉയര്‍ന്നു. 2017ല്‍ 4 കേസുകളായി ഇവ ചുരുങ്ങിയെങ്കിലും 2018ല്‍ 17ലേക്കും തുടര്‍ന്ന് 29 കേസുകളുമായി വര്‍ദ്ധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ യു.എ.പി.എ പ്രകാരം കേസുകളെടുത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. രാഷ്ട്രീയ-സാംസ്കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇത്തരം കേസുകള്‍ പുനപരിശോധിക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുന:പരിശോധനയുടെ മാനദണ്ഡമെന്താണെന്നോ ആരാണ് പുന:പരിശോധന നടത്തുന്നതെന്നത് സംബന്ധിച്ച കാര്യങ്ങളിലോ അന്നും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.പിന്നീട് 43 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയതായും ആ കേസുകളില്‍ യു.എ.പി.എ വകുപ്പുകള്‍ നീക്കം ചെയ്യുമെന്നും ഡി.ജി.പിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ 43 കേസുകള്‍ ഏതാണെന്ന കാര്യത്തിലും വ്യക്തത ഇതുവരെയും നല്‍കിയിട്ടില്ല. പുന:പരിശോധനയുടെ ഫലമറിയാന്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ.തുഷാര്‍ നിര്‍മ്മല്‍ സാരഥി നല്കിയ വിവരാവകാശ അപേക്ഷയില്‍ ഇതിനായി സര്‍ക്കാര്‍ സമിതിയെ ഒന്നും നിയോഗിച്ചിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്.എന്തായാലും കേരളത്തില്‍ ചുമത്തപ്പെട്ട യുഎപിഎ കേസുകള്‍ക്ക് ഒരു വ്യക്തതയില്ലെന്ന് ചുരുക്കം.