
ഇടുക്കി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനു നല്കിയ എല്ലാ സീറ്റുകളും ഇത്തവണയും ലഭിക്കണമെന്ന് പി.ജെ.ജോസഫ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റുകളും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വേണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെടുമെന്ന് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസിലെ നേതാക്കള്‍ ജോസ് കെ.മാണി കൈവിട്ടു. നേതാക്കളും പ്രവര്‍ത്തകരും ഇപ്പോള്‍ തനിക്കൊപ്പമാണെന്നും ജോസഫ് അവകാശപ്പെട്ടു. നിലവില്‍ നല്കിയ സീറ്റുകള്‍ നിലനിര്‍ത്തണം. സീറ്റുകള്വച്ചുമാറുന്നതില് യുഡിഎഫുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.
‘നേരത്തെ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുന്നതാണ് ഉചിതം. ജോസ് കെ.മാണിയെ പരാജയപ്പെടുത്തും. മുതിര്‍ന്ന നേതാക്കള്‍ അടക്കം ഞങ്ങള്‍ക്കൊപ്പമാണ്. ഇടയ്ക്കിടെ അര്‍ത്ഥശൂന്യമായ പ്രസ്താവനകള്‍ നടത്തുന്ന റോഷി അഗസ്റ്റിന് മാത്രമാണ് ജോസ് കെ.മാണിക്കൊപ്പമുള്ളത്. ജോസ് കെ.മാണിയുടെ കുഴലൂത്തുകാരനായി അദ്ദേഹം മാറി. ദിശാബോധമില്ലാതെ ഒഴുകിനടക്കുന്ന ഒരു ഗ്രൂപ്പാണ് ജോസ് കെ.മാണിയുടേത്,” ജോസഫ് പറഞ്ഞു. അതേസമയം, ജോസ് കെ.മാണി വിഭാഗം വിട്ടുപോയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചിരുന്ന ചില സീറ്റുകള്‍ ഏറ്റെടുക്കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്. എന്നാല്‍, കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചിരുന്ന എല്ലാ സീറ്റുകളും അടുത്ത തവണയും തങ്ങള്‍ക്ക് വേണമെന്ന് ജോസഫ് പ്രസ്താവിച്ചതോടെ യുഡിഎഫ് നേതൃത്വവും വെട്ടിലാകും.