KERALANEWS

കേരള കോണ്‍ഗ്രസ് ഇടതു മുന്നണിലയനം :ഭാരമേല്‍ക്കേണ്ടി വരിക ഉമ്മന്‍ചാണ്ടി

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുകയും രാജ്യസഭാ സീറ്റ് ജോസ് കെ മാണി രാജി വയ്ക്കുകയും ചെയ്യുന്നതോടെ ജില്ലയിലും സംസ്ഥാനത്തും കോണ്‍ഗ്രസിന്റെ നിലപാടുകള്‍ നിര്‍ണ്ണായകഗതിയില്‍. ജില്ലയില്‍ ഏഴു മുതല്‍ ഒന്‍പതു വരെ സീറ്റുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കു മത്സരിക്കാനായി ലഭിക്കുമ്പോള്‍,പുതുപ്പള്ളി അടക്കമുള്ള സീറ്റുകളില്‍ കാല്‍ നൂറ്റാണ്ടിനു ശേഷം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടാകും. ജോസ് കെ.മാണി രാജി വച്ച രാജ്യ സഭാ സീറ്റില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് കോണ്‍ഗ്രസിനു വെല്ലുവിളിയാകും.

കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നതോടെ ഏറ്റവുമധികം പഴി കേള്‍ക്കേണ്ടി വരിക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തന്നെയാകും. 2014 ല്‍ മുന്നണി വിട്ട കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ 2016 ല്‍ കോണ്‍ഗ്രസിന്റെ കയ്യിലിരുന്ന രാജ്യസഭാ സീറ്റ് ഉമ്മന്‍ചാണ്ടിയാണ് ജോസ് കെ മാണിയ്ക്കു നല്‍കിയത്. അന്ന് കോട്ടയം എംപി സ്ഥാനം രാജി വച്ചാണ് ജോസ് കെ മാണി രാജ്യ സഭയിലേയ്ക്കു പോയത്. ഒരു കാലത്ത് ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഈ സീറ്റാണ് ഇപ്പോള്‍ ജോസ് കെ മാണി രാജി വച്ചിരിക്കുന്നത്. നിലവിലെ നിയമസഭയിലെ കക്ഷി നില വച്ച് ഈ രാജ്യസഭാ സീറ്റില്‍ സിപിഎമ്മും ഇടതു മുന്നണിയും നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് സുഖമായി വിജയിക്കാന്‍ സാധിക്കും. കോണ്‍ഗ്രസിന്റെ കയ്യിലിരുന്ന സീറ്റാണ് ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ പിടിപ്പുകേട് കൊണ്ട് ഇടതുമുന്നണിക്ക് എത്തിച്ച് നല്‍കിയതെന്ന വിമര്‍ശനമാകും നേരിടേണ്ടി വരിക.

കോട്ടയം ജില്ലയില്‍ നിലവിലുള്ള ഒന്‍പതു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. ബാക്കി നാലു സീറ്റുകളിലും കേരള കോണ്‍ഗ്രസ് തന്നെയാണ് എംഎല്‍എമാരായിട്ടുള്ളത്. എന്‍സിപിയും സിപിഎമ്മും സിപിഐയും ഓരോ സീറ്റ് വീതം കയ്യില്‍ വച്ചിരിക്കുന്നു. ജോസ് കെ മാണി മുന്നണി വിടുന്നതോടെ കോണ്‍ഗ്രസിന്റെ കയ്യില്‍ സ്വതന്ത്രമായി യുഡിഎഫിനു മത്സരിക്കാന്‍ ലഭിക്കുക ഏഴു സീറ്റുകളാണ്. പുതുപ്പള്ളിയിലും കോട്ടയത്തും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും തന്നെയാവും മത്സരിക്കാന്‍ ഇറങ്ങുക. എന്നാല്‍, ബാക്കിയുള്ള ഏഴു സീറ്റുകളില്‍ ഒന്നോ രണ്ടോ സീറ്റ് മാത്രമാണ് ജോസഫ് വിഭാഗത്തിനു നല്‍കാന്‍ സാധ്യത. ബാക്കിയുള്ള അഞ്ചു സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിച്ചേയ്ക്കും.

ഏറ്റുമാനൂരില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെയും, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷിന്റെയും പേര് പരിഗണിക്കുന്നുണ്ട്.ചങ്ങനാശേരിയില്‍ കെസി ജോസഫ് എത്തിയാല്‍ കാഞ്ഞിരപ്പള്ളി ജോസഫ് വിഭാഗത്തിനു കൊടുത്തേയ്ക്കും. പൂഞ്ഞാറിലും കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് നിര്‍ദേശം.

കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ സ്ഥിതി ഇതാണ്:

കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോണ്‍ഗ്രസ്
പുതുപ്പള്ളി – ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ്
പാലാ – മാണി സി.കാപ്പന്‍, എന്‍സിപി
കാഞ്ഞിരപ്പള്ളി – എന്‍.ജയരാജ്, കേരള കോണ്‍ഗ്രസ
്പൂഞ്ഞാര്‍ – പി.സി ജോര്‍ജ്, (സ്വതന്ത്രന്‍)
ചങ്ങനാശേരി – സിഎഫ് തോമസ്, (കേരള കോണ്‍ഗ്രസ് )
ഏറ്റുമാനൂര്‍ – കെ.സുരേഷ് കുറുപ്പ്, സിപിഎം
വൈക്കം – സികെ ആശ (സിപിഐ)
കടുത്തുരുത്തി – മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ് ജോസഫ് )

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close