Breaking NewsKERALANEWSTop News

കേരള കോൺ​ഗ്രസിന് ഇനി പുതിയ നേതൃത്വവും പുതിയ നിയോ​ഗങ്ങളും; ജോസഫ് ചെയർമാനായും പി സി തോമസ് വർക്കിങ് ചെയര്‍മാനുമായ കമ്മിറ്റി നിലവിൽ വന്നു

കോട്ടയം: കേരളാ കോണ്‍ഗ്രസിന് പുതിയ നേതൃത്വം നിലവിൽ വന്നു. പിജെ ജോസഫ് ചെയര്‍മാനും പി സി തോമസ് വർക്കിങ് ചെയര്‍മാനുമായ പുതിയ നേതൃത്വമാണ് ഇന്നത്തെ യോ​ഗത്തിൽ നിലവിൽ വന്നത്. മോൻസ് ജോസഫാണ് എക്സിക്യൂട്ടീവ് ചെയർമാൻ. ഇന്നു രാവിലെ ചേർന്ന ഓണ്‍ലൈന്‍ ഹൈപ്പവര്‍ കമ്മറ്റിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇതോടെ പാര്‍ട്ടിയില്‍ ഒന്നാമനായി ജോസഫും രണ്ടാമനായി പി സി തോമസും മൂന്നാമനായി മോന്‍സ് ജോസഫും മാറും. ചീഫ് കോർഡിനേറ്റർ – ടി യു കുരുവിള, ഡെപ്യൂട്ടി ചെയർമാൻ – ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, സെക്രട്ടറി ജനറൽ – ജോയ് എബ്രഹാം, ട്രഷറർ – സി എബ്രഹാം എന്നിവരാണ് മറ്റ് ഭാരവാഹികൾ. ചെയർമാൻ്റെ അഭാവത്തിൽ വർക്കിങ് ചെയർമാനാണ് അധികാരം. അതേസമയം ഭാരവാഹികളെ തെരഞ്ഞെടുത്തതിൽ ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ടെങ്കില്‍ സംസാരിച്ച് തീർക്കുമെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഭാരവാഹികളെ തെരഞ്ഞെടുത്ത വിവരങ്ങളും പി സി തോമസിന്റെ പാര്‍ട്ടിയില്‍ പി ജെ ജോസഫും കൂട്ടരും ലയിച്ച വിവരവും ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനായി ആവശ്യമായ രേഖകളുമായി അടുത്ത ദിവസം തന്നെ പാര്‍ട്ടി പ്രതിനിധി ഡൽഹിക്കുപോകും. ലയനത്തിനും ഭാരവാഹി തെരഞ്ഞെടുപ്പിനും അനുമതി ലഭിച്ച ശേഷമാകും ജനറല്‍ സെക്രട്ടറിമാരുടെ നാമനിര്‍ദ്ദേശം.

കെ എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിളര്‍ന്ന് ജോസ് കെ മാണി, ജോസഫ് വിഭാഗങ്ങളായി മാറിയെങ്കിലും പാര്‍ട്ടി തര്‍ക്കത്തില്‍ ചിഹ്നവും പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുവദിച്ച് നല്‍കുകയായിരുന്നു. ഇത് സുപ്രീം കോടതിയും അംഗീകരിച്ചതോടെ ജോസഫിന് പാര്‍ട്ടി ഇല്ലാതായിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി പി സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചത്.

കെ എം മാണിയ്ക്കൊപ്പം ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചപ്പോള്‍ ബ്രാക്കറ്റില്ലാ കേരളാ കോണ്‍ഗ്രസ് പിസി തോമസിന്റേതായ പാര്‍ട്ടി ജോസ് കെ മാണിയുടെ നിയമ പോരാട്ട വിജയത്തോടെ വീണ്ടും പിസി തോമസിനൊപ്പം ജോസഫ് ചേരുകയാണ്.പി.ജെ. ജോസഫിന്റെ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കോട്ടയത്തെ ഓഫിസാകും പാര്‍ട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ്. നേരത്തെ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫിസ് ഇവിടെ ആയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പാണ് പി.ജെ. ജോസഫ് വിഭാഗം പി.സി. തോമസ് ചെയന്മാനായ കേരള കോണ്‍ഗ്രസില്‍ ലയിച്ചത്. ലയനത്തിനു ശേഷം ഭാരവാഹികളെ നിശ്ചയിച്ചിരുന്നില്ല. പുതിയ പദവികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഭരണഘടന ഭേദഗതി ചെയ്യും.ഇതിലൂടെ കേരളാ കോണ്‍ഗ്രസ് പുതിയൊരു ചരിത്ര നേട്ടത്തിന് കൂടിയാണ് സാക്ഷ്യം വഹിക്കുക..കേരള കോണ്‍ഗ്രസിലെ ആദ്യ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ തസ്തിക എന്നത് തന്നെ.എക്സിക്യൂട്ടിവ് ചെയര്‍മാന്‍ തസ്തികയിലേക്ക് ആദ്യം എത്തുക മോന്‍സ് ജോസഫാകും.

പിസി തോമസിനെ പാര്‍ട്ടിയിലെ രണ്ടമാനായി ഉയര്‍ത്തി കാട്ടുന്നതില്‍ ജോസഫ് പക്ഷ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ചിഹ്ന പ്രശ്നത്തെ മറികടക്കാന്‍ മത്സരിക്കാന്‍ ഒരു രജിസ്റ്റേര്‍ഡ് പാര്‍ട്ടി അനിവാര്യവുമായി വന്നതോടെയാണ് പിസി തോമസിന്റെ പാര്‍ട്ടിയില്‍ ജോസഫ് അഭയം തേടിയത്. അതുകൊണ്ട് തന്നെ പിസി തോമസിന് പാര്‍ട്ടിയില്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം കൊടുക്കേണ്ടിയും വരികയായിരുന്നു.പിസി തോമസിനെ വര്‍ക്കിങ് ചെയര്‍മാന്‍ ആക്കുന്നതില്‍ ജോസഫ് വിഭാഗത്തിലെ സീനിയര്‍ നേതാക്കള്‍ക്ക് മുറുമുറുപ്പ് ശക്തമാണ്. എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്നൊരു തസ്തിക ഉണ്ടാക്കി മോന്‍സ് ജോസഫിനെ മയപ്പെടുത്തുന്നതും ഈ മുറുമുറിപ്പിനെ നിശബ്ദമാക്കുന്നതിന്റെ ഭാഗമാണ്. ബാക്കി എല്ലാവരും ഡെപ്യൂട്ടി ചെയര്‍മാന്മാരാകും. കേട്ടു കേള്‍വിയില്ലാത്ത പദവികളുമായി ജോസഫിന്റെ കേരളാ കോണ്‍ഗ്രസ് രൂപം കൊള്ളുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലവും ഇവര്‍ക്ക് ഏറെ പ്രാധാന്യപ്പെട്ടതാണ്. യുഡിഫില്‍ കരുത്തു കാട്ടാന്‍ ഇവര്‍ക്കായാല്‍ രണ്ട് മന്ത്രിസ്ഥാനം വരെ കിട്ടും. ഇത് ജോസഫും മോന്‍സും പങ്കിട്ടെടുക്കാനാണ് സാധ്യത.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close