Election 2021INSIGHTTop NewsTrending

കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് ബിജെപിയുടെ 41-ാം ജന്മദിനത്തിൽ; ജനനം മുതൽ വളർച്ച മാത്രം രേഖപ്പെടുത്തിയ പാർട്ടി; കണക്കുകളും ചരിത്രവും സംസാരിക്കുന്നു

വിനയ് മൈനാ​ഗപ്പള്ളി

തിരുവനന്തപുരം: ജനസംഘവും ജനതാ പാർട്ടിയും ഒന്ന് ചേർന്ന് ഇന്നത്തെ ഭാരതീയ ജനതാ പാർട്ടി രൂപീകൃതമായത് ഏപ്രിൽ ആറിനാണ്. നാല്പത്തിയൊന്നാം വാർഷിക ദിനത്തിലാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നത് യാദൃശ്ചികം എങ്കിലും ബിജെപി വളരെ പ്രതീക്ഷയോടെ ആണ് അതിനെ കാണുന്നത്.

പാർട്ടി രൂപീകൃതമായി 1987 ലാണ് കേരളത്തിൽ ബിജെപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയത്. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ കേരളത്തിൽ മഞ്ചേശ്വരത്തും കാസർഗോഡും തിരുവന്തപുരത്തും രണ്ടാമത് എത്താൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. മഞ്ചേശ്വരത്ത് 27107 വോട്ട് നേടിയ ശങ്കര ആൽവാ കേവലം 6476 വോട്ടിനാണ് മുസ്ലിം ലീഗ് സ്ഥാനാർഥിയായ ചെർക്കളം അബ്ദുള്ളയോട് പരാജയപ്പെട്ടത്. കാസർഗോഡ് മണ്ഡലത്തിൽ 27350 വോട്ട് നേടിയ ശ്രീകൃഷ്ണ ഭട്ട് പരാജയം സമ്മതിച്ചതും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയോട് തന്നെ 14057 വോട്ടിന്. ഹിന്ദു മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ച കുമ്മനം രാജശേഖരൻ 23835 വോട്ടു നേടി 11727 വോട്ടിനാണ് രണ്ടാമത് ഫിനിഷ് ചെയ്തത്.

1991 തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപിക് വേണ്ടി മത്സരിച്ച കെജി മാരാർ ചെർക്കളം അബ്ദുല്ലയ്ക്ക് മുൻപിൽ പൊരുതി കീഴടങ്ങിയത് വെറും 1072 വോട്ടിനായിരുന്നു. അന്നും ശ്രീകൃഷ്ണ ഭട്ട് കാസർഗോഡ് രണ്ടാം സ്ഥാനം നില നിർത്തി. തുടർന്ന് ഇങ്ങോട്ട് 2016 വരെ എല്ലാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം കാസർഗോഡ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം നില നിർത്തി വരുന്ന ബിജെപിക്ക് അവിടെ ജയിക്കാൻ കഴിയാത്ത ഇടതു വലതു മുന്നണികളുടെ രഹസ്യമായ പരസ്പര സഹായമാണ് എന്നത് പരസ്യമായ വസ്തുത തന്നെ.

1996 ഇൽ 123 സീറ്റിൽ മത്സരിച്ച ബിജെപി 5 .5 ശതമാനത്തോടെ 781090 വോട്ടുകൾ നേടുമ്പോഴും കാസർഗോഡ് മഞ്ചേശ്വരം സീറ്റുകൾ ബിജെപിക്ക് നഷ്ടമായത് യഥാക്രമം 2292 , 3780 വോട്ടുകൾക്കാണ്. 2001 ഇൽ 123 സീറ്റിൽ മത്സരിച്ച ബിജെപി എട്ടു ലക്ഷത്തോളം വോട്ടുകൾ നേടി

2004 ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു മത്സരിച്ച ഓ രാജഗോപാലും NDA മുന്നണിയുടെ ഭാഗമായി മത്സരിച്ചു ജയിച്ച പിസി തോമസിന്റെയും വോട്ടിങ് ശതമാനത്തിന്റെ മികവിൽ ബിജെപി 12 ശതമാനം വോട്ട് നേടി അത്ഭുതപ്പെടുത്തിയിരുന്നു. വലിയ സംഘടനാ ശേഷിയൊന്നും ഇല്ലാതെ കേവലം വായ്ജ്‌പേയിയുടെ കേന്ദ്ര മന്ത്രിസഭയുടെ പ്രവർത്തനങ്ങളുടെ മികവിലാണ് കേരളത്തിൽ അന്ന് ബിജെപി വലിയൊരു വളർച്ച നേടിയെടുത്തത്. പക്ഷെ 2006 ഇൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ബിജെപിയുടെ വോട്ടിങ് ശതമാനം അഞ്ചിലേക്ക് തന്നെ താഴ്ന്നു.

അതിനു ശേഷമാണ് കേരളത്തിലെ ബിജെപിയിൽ കടുത്ത ഗ്രൂപ്പിസം ഉടലെടുക്കുന്നത്, എല്ലാ പാർട്ടികളിലും ഗ്രൂപ്പും ഗ്രൂപ്പ് നേതാക്കളും ഉണ്ടെങ്കിലും അവരൊക്കെ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ജയിച്ചു ശക്തരാകാൻ ആകാൻ ആണ് ഗ്രൂപ്പ് കളി നടത്തുന്നതെങ്കിൽ ബിജെപിയിൽ തോൽപിക്കാൻ വേണ്ടിയാണ് ഗ്രൂപ്പ് പ്രവർത്തനമെന്നാണ് മനസിലാക്കുന്നത്. 2011 തെരഞ്ഞെടുപ്പിൽ 140 സീറ്റിലും മത്സരിച്ച ബിജെപി പത്ത് ലക്ഷത്തി അറുപതിനായിരം വോട്ട് നേടി വോട്ടിങ് ശതമാനം 6 .06 യിലേക്ക് ഉയർത്തി.

2014 തെരഞ്ഞെടുപ്പിൽ രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യുപിഎ മുന്നണിക്ക് എതിരെ അഴിമതി വിരുദ്ധ തരംഗം ഉണ്ടായപ്പോഴും കേരളത്തിൽ തിരുവനന്തപുരത്തു അതിന്റെ അലയൊലികൾ ഉണ്ടായി. കേവലം 14000 വോട്ടിനാണ് ഓ രാജഗോപാൽ അന്ന് യുഡിഎഫിന്റെ ശശി തരൂരിനോട് പരാജയപ്പെട്ടത്. കേരളത്തിൽ ശക്തി ആർജിച്ച ബിജെപി മുന്നണി 2014 തെരഞ്ഞെടുപ്പിൽ നേടിയത് 19 .5 ലക്ഷം വോട്ടും 11 ശതമാനം വോട്ടും.

പിന്നീട് 2015 തദ്ദേശ തെരഞ്ഞെടുപ്പിൽ തനിച്ച 29 .5 ലക്ഷം വോട്ട് നേടിയ ബിജെപിക്ക് പാലക്കാട് നഗരസഭ ഭരിക്കാനും തിരുവനന്തപുരം കോർപറേഷനിൽ 35 സീറ്റ് നേടി പ്രധാന പ്രതിപക്ഷം ആകാനും കഴിഞ്ഞു പിന്നീട് കേന്ദ്ര ഭരണത്തിന്റെ കൂടി മികവിൽ കൂടുതൽ കരുത്തോടെ കൂടുതൽ പണമൊഴുക്കിയുള്ള പ്രചാരണം നടത്തി 2016 തെരഞ്ഞെടുപ്പിൽ BDJS എന്ന പാർട്ടിയുമായി സഖ്യം ചേർന്ന് മത്സരിച്ചു നേടിയത് നേമം മണ്ഡലത്തിലെ വിജയവും കഴക്കൂട്ടം , വട്ടിയൂർക്കാവ്, ചാത്തന്നൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം , കാസർഗോഡ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും ഉൾപ്പടെ 15 ശതമാനം വോട്ടിങ് ഷെയറോടെ 30 .5 ലക്ഷം വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞു.

തുടർന്ന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി പോലെയുള്ള താരങ്ങളും ശബരിമല വിശ്വാസ സംരക്ഷണ സമരത്തിന്റെ നായകനായ കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും ഒക്കെ മത്സരിച്ചപ്പോൾ നേമം വട്ടിയൂർക്കാവ് അടൂർ ആറന്മുള മണ്ഡലങ്ങളിൽ അന്പതിനായിരത്തിനു മുകളിൽ വോട്ടുകൾ നേടാനും 20 നിയമസഭാ മണ്ഡലങ്ങളിൽ നാല്പതിനായിരത്തിനു മുകളിൽ വോട്ട് നേടാനും കഴിഞ്ഞ ബിജെപി മുന്നണി ആകെ നേടിയത്.

കടുത്ത ഗ്രൂപ്പിസം കാരണമാണ് വോട്ട് വളർച്ച ഉണ്ടാക്കാൻ കഴിയുന്ന ബിജെപിക്ക് സീറ്റ് നേട്ടം ഉണ്ടാക്കാൻ കഴിയാത്തത് എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് കൊച്ചിയിലെത്തി കോർ കമ്മറ്റിയിൽ പങ്കെടുത്തത്. ഇനിയും ഗ്രൂപ്പ് പോരും ചാനൽ ചർച്ചകളുമായി നടന്നാൽ പോരാ ഏഴു വർഷം കേന്ദ്രം താൻ ഭരിച്ചിട്ടും കേരളത്തിൽ നിർണ്ണായകമായ സീറ്റ് വർദ്ധനവ് നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നേതാക്കളെ മുഴുവൻ മാറ്റി പാർട്ടി സംവിധാനം ഉടച്ചു വാർക്കുമെന്നു ഉഗ്ര ശാസന നൽകിയാണ് നരേന്ദ്ര മോദി മടങ്ങിയത്. അതിനു ശേഷമാണ് മുൻ ഡിജിപി ജേക്കബ് തോമസും മെട്രോമാൻ ഇ ശ്രീധരനും പിണങ്ങിപ്പോയ സികെ ജാനുവും ഒക്കെ പാർട്ടിയിലേക്ക് എത്തിയതും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതും.

മോദിയുടെ ഉഗ്ര ശാസനയ്ക്ക് ശേഷമാണ് കേരളത്തിലെ പല നേതാക്കളും പുറമെയെങ്കിലും ഗ്രൂപ്പ് വൈരം മറന്നു പരസ്പരം കാണാനും വേദി പങ്കിടാനും തർക്കങ്ങളില്ലാതെ മത്സരിക്കാനും തീരുമാനിച്ചത്. ഒരു രാജമാണിക്യം എഫക്ട് എന്ന് പ്രവർത്തകരിൽ പോലും സംസാരമുണ്ട്. എങ്കിലും സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത എല്ലാ ഗ്രൂപ് നേതാക്കളും മോദിയെ ഭയന്ന് ഇടത് പക്ഷത്തോടും വലത് പക്ഷത്തോടും ധാരണ ഉണ്ടാക്കി ചില സീറ്റുകളിൽ വിജയം ഉറപ്പാക്കിയിട്ടുണെന്നും വാർത്തയുണ്ട്. എന്നാൽ മത്സരിക്കുന്ന യുവ നേതാക്കളും നിസ്വാർത്ഥരായ പ്രവർത്തകരും ഫീൽഡിൽ ആവേശത്തോടെ ചെയ്യുന്ന വർക്കിന്റെ ഗുണമാണ് 2021 തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ ഉണ്ടാക്കാൻ പോകുന്നത്.

കേന്ദ്രം ശ്രദ്ധിക്കുന്ന 38 മണ്ഡലങ്ങളിൽ കർണാടകയിൽ നിന്നുള്ള എംപിമാരും എംഎൽഎ മാരും മുഴുവൻ സമയവും മണ്ഡലങ്ങളിലുണ്ട്. 3 കേന്ദ്ര നേതാക്കൾ എല്ലാം ഏകോപിപ്പിച്ചു കൊണ്ട് കേരളത്തിലുണ്ട്. ബാന്ഗ്ലൂരിൽ നിന്നും സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളും ഒരു സ്വകാര്യ ഏജൻസിയും ബിജെപിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരളത്തിൽ തന്നെയുണ്ട്.
അവർ പ്രതീക്ഷിക്കുന്നത് അത്ഭുതങ്ങൾ തന്നെയാണ്.

ഇടതു പക്ഷത്തിനു തുടർഭരണം ഉണ്ടായാൽ ഇവിടെ കേരളത്തിലും ത്രിപുരയും ബംഗാളും ആവർത്തിക്കും എന്നത് കൊണ്ട് ബിജെപിയെ ചെറുക്കാൻ യുഡിഎഫിന് വോട്ടു ചെയ്യണം എന്ന മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന തന്നെ ബിജെപിയുടെ കേരളത്തിലെ വളർച്ച തന്നെയാണ് ചൂണ്ടി കാണിക്കുന്നത്.മെയ് മൂന്നിനായി കാത്തിരിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close