KERALANEWSTop News

കേരള നിയമസഭയിൽ ഇക്കുറി ജാതിവാലുമായി ഏക എംഎൽഎ; സഖാവ് സുജിത്ത് വിജയൻ പിള്ള വ്യത്യസ്തനാകുന്നത് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് സ്വാമി വിവേകാനന്ദനായിരുന്നു. കേരളത്തിൽ അന്ന് നിലനിന്നിരുന്ന ജാതി- മത സമ്പ്രദായങ്ങളെയും അനാചാരങ്ങളെയും കണ്ടായിരുന്നു സ്വാമി വിവേകാനന്ദന്റെ പരാമർശം. തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ, ദൃഷ്‌ടിയിൽപ്പെട്ടാലും ദോഷമുള്ളോർ, കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ -യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ”- മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥയിൽ” അക്കാലത്തെ അടയാളപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. പേരിനൊപ്പം തന്നെ ജാതിയും ഉപജാതിയും അടയാളപ്പെടുത്തിയിരുന്ന സമൂഹം. ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷവും ജനാധിപത്യ- പുരോ​ഗമന പ്രസ്ഥാനങ്ങളുടെ വ്യാപനത്തിന് ശേഷവും പേരിനൊപ്പം ജാതിവാൽ എന്ന സമ്പ്രദായം കേരളത്തിൽ തുടർന്നിരുന്നു. കമ്മ്യൂണിസ്റ്റ് പുരോ​ഗമന ആശയങ്ങളുടെ വക്താക്കൾ പോലും തങ്ങളുടെ ജാതിവാൽ പറയുന്നതിനും പ്രദർശിപ്പിക്കുന്നതിനും അഭിമാനം കൊണ്ടു. ഒന്നാം നിയമസഭ മുതൽ കമ്മ്യൂണിസ്റ്റുകാർ പോലും ജാതിവാൽ ഉപേക്ഷിക്കുവാൻ തയ്യാറായിരുന്നില്ല‌. നിരവധി ആളുകളാണ് സ്വന്തം ജാതിവാലുമായി കേരള നിയമസഭയിൽ ജാതിക്കും മതത്തിനുമെതിരെ പ്രസം​ഗിച്ചത്. എന്നാൽ, ഇക്കുറി കേരള നിയമസഭയിൽ ജാതിവാലുള്ള ഒരൊറ്റ എംഎൽഎ മാത്രമേയുള്ളൂ എന്നതാണ് പ്രത്യേകത.

ചവറയിൽ നിന്നും വിജയിച്ച ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി സുജിത്ത് വിജയൻ പിള്ള മാത്രമാണ് ജാതിവാലുള്ള ഏക എംഎൽഎ. മറ്റ് എംഎൽഎമാരിൽ ആരും തന്നെ ഇക്കുറി ജാതിവാൽ പേറുന്നില്ല. തെരഞ്ഞെടുപ്പിൽ സുജിത്ത് വിജയൻപിള്ള എന്നാണ് അദ്ദേഹം ഉപയോ​ഗിച്ചിരുന്നത്. അതേസമയം, നിയമസഭാ രേഖകളിൽ സുജിത്ത് വിജയൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരള രാഷ്ട്രീയത്തിൽ നിന്നെങ്കിലും ജാതിപ്പേരുകൾ അപ്രത്യക്ഷമാകുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരിൽ ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടന്നത്. എന്നാൽ, ജാതിപ്പേര് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിനയാകുമെന്ന ഭയമാകാം പലരെയും പേരിലെ ജാതി ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നതെന്നും വാദമുണ്ട്.

ഐക്യ കേരളത്തിലെ ഒന്നാം നിയമസഭയിലും മന്ത്രിസഭയിലും ജാതിവാലുമായി കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ആദ്യമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടും ധനമന്ത്രി സി അച്ചുതമേനോനും നിയമമന്ത്രി വി ആർ കൃഷ്ണയ്യരുമായിരുന്നു അവരിൽ പ്രധാനികൾ. തുടർന്നും ഇഎംഎസ് നമ്പൂതിരിപ്പാടും സി അച്ചുതമേനോനും പി കെ വാസുദേവൻ നായരും ഇ കെ നയനാരും ജാതിവാലുമായി കേരളത്തിന്റെ മുഖ്യമന്ത്രിമാരായി. നിയമസഭയിലാകട്ടെ നിരവധി ആളുകൾ ജാതിവാലുമായി എത്തി. എന്നാൽ, ഇക്കുറി ഒരേ ഒരാൾ മാത്രമാണ് കേരള നിയമസഭയിൽ ജാതിവാൽ പേറുന്നത്. അതും ഇടതുപക്ഷത്തിന്റെ എംഎൽഎയാണ് എന്നത് വൈരുദ്ധ്യവും.

കേരള രാഷ്ട്രീയത്തിൽ നിരവധി പേരാണ് ജാതിവാലുമായി എത്തുകയും വാഴുകയും ചെയ്തത്‌. ആർ ബാലകൃഷ്ണപിള്ള, ഇ ചന്ദ്രശേഖരൻ നായർ, തെന്നല ബാലകൃഷ്ണ പിള്ള, തുടങ്ങി എസ് രാമചന്ദ്രൻ പിള്ളയും ഐഷ പോറ്റിയും വരെ ജാതിവാലുമായി കേരള രാഷ്ട്രീയത്തിൽ വാണവരാണ്. എന്നാൽ, പുതു തലമുറ ജാതിവാലുകളോട് പൊതുവെ താത്പര്യം കാണിക്കുന്നില്ല എന്നതാണ് ഇപ്പോൾ കാണാനാകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close