KERALATop News

കേരള പൊലീസിന്റെ കൊക്കൂണ്‍ മീ റ്റിലേക്ക്‌ അജിത് ഡോവലിനെ ക്ഷണിച്ചത്‌ രാഷ്ട്രീയ നീക്കം

തിരുവനന്തപുരം: സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൊക്കൂണ്‍ മീറ്റിങ്ങില്‍ വിര്‍ച്വല്‍ കോണ്‍ഫ്രന്‍സിലൂടെ പ്രസംഗകനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ക്ഷണിച്ചതിനു പിന്നീല്‍ രാഷ്ട്രീയ നീക്കം. ഏതാനും വര്‍ഷങ്ങളായി കേരളാ പൊലീസ് സംഘടിപ്പിക്കുന്ന ഈ മീറ്റിങ്ങില്‍ ആദ്യമായിട്ടാണ് അജിത് ഡോവലിനെ ക്ഷണിക്കുന്നത്. ചില രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ ക്ഷണമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതി, മയക്കുമരുന്ന് കേസ് തുടങ്ങി വിവിധ അഴിമതികളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ കഴിഞ്ഞ ദിവസം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇതുകൂടാതെ കേസില്‍ ഉള്‍പ്പെട്ട മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഒരു നല്ല ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ക്ഷണമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അജിത് ഡോവല്‍. ഇദ്ദേഹവുമായി നല്ലൊരു ബന്ധം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനുള്ള തെളിവാണ് മുന്‍കാലങ്ങളില്‍ ഇദ്ദേഹത്തെ യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നതും. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച കോക്കൂണ്‍ മീറ്റില്‍ ഉദ്ഘാടകനായി എത്തിയത് ഇപ്പോഴത്തെ നാഗാലാന്‍ഡ് ഗവര്‍ണറും മുന്‍ ഐപിഎസ് ഓഫിസറുമായ ആര്‍.എന്‍. രവിയാണ്. 1978 ബാച്ച് ഐപിഎസ് ഓഫിസറായ ഇദ്ദേഹം കേരളാ കേഡറിലാണ് ജോലി നോക്കിയിരുന്നത്. എന്നാല്‍ അജിത് ഡോവലിനെക്കാള്‍ ഏറെ ജൂനിയര്‍ ആയിരുന്നു. 1968 ബാച്ച് ഐപിഎസ് ഓഫിസറായിരുന്നു അജിത് ഡോവല്‍. ഇദ്ദേഹവും കേരള കേഡറിലായിരുന്നു. തലശേരിയിലെ കലാപം അടിച്ചമര്‍ത്തിയതടക്കം നിരവധി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ശേഷമാണ് അദ്ദേഹം കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയത്. രാജ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ച വച്ച ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. ഇത്തരത്തില്‍ മികവുറ്റ നേട്ടം കൈവരിച്ച ഒരാളെ മുന്‍കാലങ്ങളില്‍ ഒഴിവാക്കിയിട്ടും ഇപ്പോള്‍ ക്ഷണിതാവായി കൊണ്ടുവന്നതിനു പിന്നില്‍ തികച്ചും രാഷ്ട്രീയം മാത്രമാണുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close