KERALA

കേരള മോഡലിന് ഊർജ്ജമേകാൻ പ്രതിരോധ ഗീതം

ലോകമെമ്പാടും പ്രകീർത്തിക്കപ്പെടുന്ന പ്രതിരോധത്തിന്റെ കേരള മോഡലിന് ഊർജ്ജമേകാൻ പ്രതിരോധ ഗീതവും. ഡോ.കെ.ജെ.യേശുദാസ് ആലപിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധ ഗീതം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നല്ല സന്ദേശമേകുന്ന ഗാനവീഡിയോ ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
മുൻമന്ത്രി എം.എ ബേബിക്ക് ക്യൂ ആർ കോഡ് പതിപ്പിച്ച പോസ്റ്റർ കൈമാറിയാണ് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനം മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെ ചേംബറിൽ നിർവ്വഹിച്ചത്. സ്വരലയയുമായി സഹകരിച്ചാണ് അക്കാദമി വീഡിയോ നിർമ്മിച്ചത്.
കോവിഡിനെ പ്രതിരോധിക്കാൻ കേരളീയർ ഒരുമനസ്സോടെ മുന്നോട്ടുപോകണമെന്നും  രോഗത്തെ അതിജീവിക്കാൻ ഭരണാധികാരികളുടെ വാക്കു കേൾക്കണമെന്നും ഈ വേളയിൽ ഭിന്നത വേണ്ടെന്നും യേശുദാസ് ഗാനാലാപത്തിന് മുമ്പുളള സന്ദേശത്തിൽ പറഞ്ഞു. അമേരിക്കയിൽ നിന്നും അദ്ദേഹം റെക്കോർഡ് ചെയ്ത് അയച്ചതാണ് പാട്ട്.
നമ്മളൊന്ന് … എന്നുമൊന്ന് ….. കേരളമേ’ എന്നു തുടങ്ങുന്ന ഗാനം ഭകണ്ണീർകണങ്ങൾ തുടച്ചുകൊണ്ടേ …. പുഞ്ചിരിത്തെല്ലും പങ്കിട്ടുകൊണ്ടേ… കേരളമിന്നതിജീവനത്തിൽ…മാതൃകാദേശമായി പാരിന്നാകേ!’ എന്ന വരികളോടെയാണ് അവസാനിക്കുന്നത്. കവി പ്രഭാ വർമ്മ രചിച്ച് സംഗീതസംവിധായകൻ  എം.ജയചന്ദ്രൻ ഈണമിട്ട ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം ചലച്ചിത്രകാരൻ ടി.കെ.രാജീവ് കുമാറാണ് നിർവ്വഹിച്ചത്.
പ്രകാശന ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, എം.ജയചന്ദ്രൻ, പ്രഭാവർമ്മ, ടി.കെ.രാജീവ് കുമാർ, സ്വരലയ ചെയർമാൻ ജി.രാജ്‌മോഹൻ എന്നിവർ പങ്കെടുത്തു.

Tags
Show More

Related Articles

Back to top button
Close