KERALANEWSTop News

കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവ് പി ജെ ജോസഫ് എൺപതിന്റെ നിറവിൽ; കർഷകനായ രാഷ്ട്രീയക്കാരനായി ഇന്നും തൊടുപുഴക്കാരുടെ ഔസേപ്പച്ചൻ; യു.ഡി.എഫിന്റെ സ്ഥാപക കൺവീനറുടെ ജീവിത കഥ ഇങ്ങനെ..

തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവ് പി ജെ ജോസഫ് ഇന്ന് എൺപതിന്റെ നിറവിൽ. പുറപ്പുഴ പാലത്തിനാല്‍ പി.ഒ.ജോസഫിന്റെയും അന്നക്കുട്ടിയുടെയും അഞ്ച് മക്കളില്‍ മൂന്നാമനായി 1941 ജൂണ്‍ 28-നായിരുന്നു ജനനം. 1968-ല്‍ കേരള കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിൽ പിച്ച വച്ച ജോസഫ്, 1970 ഇൽ തൊടുപുഴയിൽ നിന്ന് നിയമസഭയിലെത്തി. തുടർന്ന് പത്ത് തവണ തൊടുപുഴ എം ൽ എ ആയും ഏഴു തവണ മന്ത്രിയായും രാഷ്ട്രീയത്തിലെ സ്ഥാനം ശക്‌തിപ്പെടുത്തി. രാഷ്ട്രീയക്കാരനാണെങ്കിലും തികഞ്ഞ കർഷകനാണ് പി ജെ. മൃഗസ്നേഹി, ഗായകൻ, എഴുത്തുകാരൻ, നല്ല വായനക്കാരൻ എന്നിങ്ങനെ പി ജെ ജോസഫിന് ചേരുന്ന വിശേഷണങ്ങൾ അനവധിയാണ്.

എഴുപതുകളിൽ സംസ്ഥാനത്തെ ഏറ്റവും പ്രഗല്ഭനായ യുവനേതാവായിരുന്നു പി ജെ ജോസഫ്. വളരെവേഗം കേരള കോൺഗ്രസിന്റെ തലപ്പത്തേക്ക് എത്തി. 1973-ൽ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്. 1979-ൽ കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ. 1980-ൽ യു.ഡി.എഫിന്റെ സ്ഥാപക കൺവീനർ. ഇപ്പോൾ കേരള കോൺഗ്രസ് ചെയർമാൻ. ഭാര്യ: ഡോ. ശാന്ത, മക്കൾ: അപു, യമുന, ആന്റണി, പരേതനായ ജോ.

കഴിഞ്ഞ വർഷം മരിച്ച മകൻ ജോയുടെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് വഴി നിരവധി പേർക്ക് സഹായം നൽകുന്നുണ്ട്. ജോസഫിന്റെ രാഷ്ട്രീയ പിൻഗാമിയെന്ന് കരുതപ്പെടുന്ന മൂത്തമകൻ അപു ജോൺ ജോസഫ് കേരള ഇൻഫർമേഷൻ ടെക്നോളജി ഫോറം സംസ്ഥാന പ്രസിഡന്റാണ്. ജന്മദിനത്തിൽ കാര്യമായ ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് പി. ജെ. ജോസഫിന്റെ തീരുമാനം.

1978 ലെ എ കെ ആന്റണി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായി തുടങ്ങി, പിന്നീട് കെ കരുണാകരൻ മന്ത്രിസഭയിൽ റെവന്യു മന്ത്രിയായും ഇ കെ നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായും പ്രവർത്തിച്ചു. ഉമ്മന്ചാണ്ടി മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായി. ചെറിയ കാലയളവിൽ വി എസ് മന്ത്രിസഭയിൽ പൊതുമരാമത്തു വകുപ്പ് ഭരിച്ചു. പലതവണ ലയിച്ചും പിരിഞ്ഞും, കെ എം മാണി ഗ്രൂപ്പുമായി പിരിഞ്ഞ് 1979 ലാണ് കേരള കോൺഗ്രസ്സ് (ജോസഫ്) ഗ്രൂപ്പ് രൂപീകരിക്കുന്നത്. പിന്നീട് 1985 ൽ ഗ്രൂപ്പുകളെല്ലാം ചേർന്ന് ഐക്യ കേരള കോൺഗ്രസ് രൂപീകരിച്ചെങ്കിലും 1987 ൽ അതും പിളർന്നു. 1991 മുതൽ ഇടത് മുന്നണിക്കൊപ്പം ചേർന്ന ജോസഫ് വിഭാഗം 2010ൽ വീണ്ടും മാണി വിഭാഗത്തിൽ ലയിച്ചു. കെ എം മാണിയുടെ മരണത്തോടെ വീണ്ടും പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാർട്ടി പിരിയുകയും ചെയ്തു.രണ്ടില ചിഹ്നത്തിന്റെ അവകാശം ജോസ് കെ മാണിക് കിട്ടിയതോടെ ജോസഫ് വിഭാഗം 2021 മാർച്ചിൽ പി സി തോമസിന്റെ കേരള കോൺഗ്രസ്സിൽ ലയിച്ചു. സി എഫ് തോമസ്, മോൻസ് ജോസഫ് എന്നിവരും പാർട്ടിയിലെ പ്രമുഖരാണ്.

രാഷ്ട്രീയത്തില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴും കൃഷിയെ ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പുറപ്പുഴയിലെ വീട്ടിലും വിസ്തൃതമായ പറമ്പിലും നിറയെ കൃഷിയാണ്. വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത് നിറയെ സങ്കരയിനം പശുക്കള്‍. കൃഷിയും പശുവളര്‍ത്തലുമാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിനുതന്നെ ഊര്‍ജം പകരുന്നതെന്നും കര്‍ഷകക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം നല്ലൊരു പാട്ടുകാരൻ കൂടിയാണ്. പി ജെ ജോസഫിന്റെ ചെണ്ട പാട്ട് തദ്ദേശ തിരഞ്ഞെടുപ്പ്‌ സമയത്ത് വൈറൽ ആയിരുന്നു.

പി ജെ ജോസഫ് രണ്ടു തവണയാണ് ആകെ പരാജയം രുചിക്കുന്നത്. 1991 ൽ ഇടുക്കിയിൽ നിന്ന് ലോകസഭയിലേക് മത്സരിച്ചപ്പോഴും 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്നും. വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റങ്ങൾക്ക് വഴിതെളിച്ച ഡി.പി.ഇ.പി.യും കോളേജിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തി പ്ലസ് ടു സമ്പ്രദായവും കൊണ്ടുവന്നത് പി.ജെ. വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോഴാണ്. അന്ന് ഇടതുപക്ഷത്തായിരുന്നു അദ്ദേഹം. പ്ലസ് ടുവിനെതിരേ അതിരൂക്ഷമായ സമരമാണ് അന്ന് കെ.എസ്.യു. നടത്തിയത്. അടുത്ത തിരഞ്ഞെടുപ്പിൽ പി.ജെ.യ്ക്ക് തൊടുപുഴയിൽ നിന്ന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. അത്ര വ്യാപകമായിരുന്നു അദ്ദേഹത്തിനെതിരേയുള്ള പ്രചാരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close