KERALATop News

കേരള വ്യോമയാന ഭൂപടത്തില്‍ നിന്ന് കരിപ്പൂര്‍ അപ്രത്യക്ഷമാകുമോ?

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടം കേരളത്തിന്റെ വ്യോമയാന ഭൂപടം മാറ്റിവരയ്‌ക്കേണ്ടി വരുമോയെന്നാണ്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളം സജ്ജമാകാനിരിക്കെയാണ് അപകടമുണ്ടായിരിക്കുന്നത്. രാജ്യത്തെ ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വ്യോമയാന മന്ത്രാലയത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മംഗലാപുരം അപകടം ഉണ്ടായപ്പോള്‍ ആദ്യം തിരിച്ചടി നേരിട്ടത് കരിപ്പൂരിനായിരുന്നു. അതേ കരിപ്പൂരിലാണ് ഇപ്പോഴത്തെ അപകടമെന്നത് ഇപ്പോള്‍ പുനര്‍ചിന്തനത്തിന് വഴിവച്ചിരിക്കുകയാണ്.
മംഗളരുവിലെ അപകടത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മേയ് 2015 മുതല്‍ കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് നിരോധിച്ചിരുന്നു. കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയ്ക്ക് 2,850 മീറ്റര്‍ ദൂരമേ ഉള്ളൂവെന്നും അത് ചെറിയ വിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനുമെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ, റണ്‍വേ അവസാനിക്കുന്ന ഇടത്തെ സുരക്ഷാ മേഖലയും കോഡ് ഇ വിമാനങ്ങള്‍ ഇറക്കുന്നതിന് പര്യാപ്തമായിരുന്നില്ല. ഇരുവശങ്ങളിലും 75 മീറ്റര്‍ ദൂരമാണ് സുരക്ഷാ മേഖലയായി ഉള്ളതെന്നും കുറഞ്ഞത് 150 മീറ്റര്‍ ദൂരം വേണമെന്ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അഡൈ്വസറി കമ്മിറ്റിയില്‍ ഉണ്ടായിരുന്ന മോഹന്‍ രംഗനാഥന്‍ പറയുന്നു. ”കൂടാതെ റണ്‍വേയുടെ അവസാനം 90 മീറ്ററാണുള്ളത്. കുറഞ്ഞത് 200 മീറ്റര്‍ എങ്കിലും വേണം,” അദ്ദേഹം പറഞ്ഞു. അനുകൂലമല്ലാത്ത കാലാവസ്ഥയില്‍ റണ്‍വേ 10-ല്‍ വിമാനം ഇറക്കുന്നത് സുരക്ഷിതമല്ലെന്ന് രംഗനാഥന്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യോമയാന അധികൃതര്‍ക്ക് കത്തെഴുതിയിരുന്നു.
കുന്നു വെട്ടിയാണ് ടേബിള്‍ടോപ്പ് റണ്‍വേകള്‍ സാധാരണയായി നിര്‍മ്മിക്കുന്നത്. റണ്‍വേയില്‍ നിന്നും തെന്നിപ്പോയാല്‍ സുരക്ഷിതമായി നിര്‍ത്താനുള്ള സ്ഥലം ഇല്ലാത്തതിനാല്‍ ഇവിടത്തെ ലാന്‍ഡിംഗുകള്‍ അപകടകരമാണ്. ഇറങ്ങുമ്പോള്‍ വേഗത കുറയ്ക്കാനായി ഉയര്‍ന്ന പേലോഡുകള്‍ ഉള്ള ഇത്തരം വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഉള്ളതിനേക്കാള്‍ ദൂരം ആവശ്യമാണ് എന്നത് കണക്കിലെടുത്തായിരുന്നു നിരോധനം. കോഴിക്കോട് റണ്‍വേയ്ക്ക് ചുറ്റും ഇരുവശത്തും ആഴത്തിലുള്ള മലയിടുക്കുകളുണ്ട്. പൈലറ്റുമാരുടെ അഭിപ്രായത്തില്‍, ടേബിള്‍ടോപ്പ് റണ്‍വേകളില്‍ ലാന്‍ഡിംഗ് ചെയ്യുന്നതിന് കൃത്യമായ മുന്നൊരുക്കം ആവശ്യമാണ്. ഈ നിരോധനത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ, സൗദി അറേബ്യന്‍ എയര്‍ലൈന്‍, എമിറേറ്റ്സ് എയര്‍ലൈനുകളുടെ വലിയ വിമാനങ്ങളുടെ സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയത് കരിപ്പൂരിന് തിരിച്ചടിയായിരുന്നു. ഇതോടെ മലബാറിലെ വിമാന യാത്രക്കാര്‍ക്ക് മംഗലാപുരത്തിനേയും കൊച്ചിയേയും ആശ്രയിക്കേണ്ടി വന്നു. ഇതേത്തുടര്‍ന്ന് കരിപ്പൂരിലെ റണ്‍വേ റീകാര്‍പ്പറ്റ് ചെയ്യുകയും മറ്റ് സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയശേഷം 2018 ഡിസംബറില്‍ സൗദി അറേബ്യന്‍ എയര്‍ലൈനിന് വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അനുമതി കൊടുത്തു. തുടര്‍ന്ന് 2019 ജൂലായില്‍ എയര്‍ ഇന്ത്യയ്ക്കും ദുബായിലെ എമിറ്റേറ്റ്സിനും അനുമതി ലഭിച്ചു. രണ്ട് കമ്പനികളും സുരക്ഷാ പരിശോധനകള്‍ നടത്തിയിരുന്നു. എയര്‍പോര്‍ട്ട്സ് അതോറിറ്റി വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിന് സഹായകരമായി ടച്ച്-ഡൗണ്‍ സോണ്‍ ലൈറ്റുകള്‍ വയ്ക്കുകയും ചെയ്തു. കോഡ്-ഇ വിഭാഗത്തില്‍പ്പെട്ട ബോയിങ് 777-200, എയര്‍ബസ് 330-300, ബോയിങ് 777-400, ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്.
മലബാര്‍ മേഖലയില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വന്നതോടെ രണ്ടു ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളായ മംഗലാപുരവും കരിപ്പൂരും ചെറിയ സര്‍വീസുകള്‍ നടത്തുന്ന വിമാനത്താവളങ്ങളായി മാറ്റാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാകും ഇത്. കരിപ്പൂരിനെ സൈനിക വിമാനത്താവളമാക്കാനുള്ള നീക്കവും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമാണ് സൈനിക വിമാനത്താവളമുണ്ട്. ഈ സാഹചര്യത്തിലാണ് മലബാറില്‍ ഒരു സൈനിക വിമാനത്താവളത്തിനുള്ള നീക്കവും ആലോചിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close