
കൃഷ്ണേന്ദു പ്രകാശ്
താമരയും കൈപ്പത്തിയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ രണ്ടു വശങ്ങള്. വ്യത്യസ്ത നിലപാടുകളും വ്യത്യസ്ത മനോഭാവങ്ങളും. പക്ഷേ താമരയില്‍ നിന്നും കൈപ്പത്തിയിലേക്കും തിരിച്ചുമുള്ള ദൂരം വളരെ കുറവാണ്. അതുകൊണ്ടാണല്ലോ പല നേതാക്കളും രാഷ്ട്രീയ വിപണിയിലെ കച്ചവട ചരക്കാകുന്നത്. പണം, അധികാരം ഇവയെല്ലാം നല്കി നേതാക്കളെ വിലയ്ക്കു വാങ്ങാം. അഭിപ്രായ വ്യത്യാസം എന്ന പേരിലാണ് പലരും ഒരു പാര്‍ട്ടിയില്‍ നിന്നു മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത്. എന്നാല്‍ അടിസ്ഥാനപരമായി അധികാരം തന്നെയാണ് പ്രധാന പ്രശ്നം. ഏറ്റവും കൂടുതല്‍ നേതാക്കളുള്ളതും എന്നാല്‍ പാര്‍ട്ടിയുടെ തന്നെ നേതാവാകാന്‍ ആരും ഇല്ലാത്ത ദാരിദ്രമുള്ളതും ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണ്. ബിജെപിക്കാണെങ്കില്‍ പാര്‍ട്ടിയെ ഭരിക്കാന്‍ ശക്തരായവരുണ്ട്. എന്നാല്‍ അവിടെ ദാരിദ്രം കരുത്തരായ പാര്‍ട്ടി നേതാക്കള്‍ക്കാണ്. അമിത് ഷാ, മോദി, രാജ്നാഥ് സിംഗ് തുടങ്ങി വിരലിലെണ്ണാവുന്ന നേതാക്കള്‍ മാത്രമേ ഇപ്പോഴത്തെ ബിജെപിക്കു ദേശീയ മുഖമായുള്ളു. അരുണ്‍ ജെയ്റ്റ്ലിയുടെയും അടല്‍ബിഹാരി വാജ്പേയുടെയും സുഷമ സ്വരാജിന്റെയും പ്രമോദ് മഹാജന്റെയും വിയോഗം വരുത്തിയ വിടവ് പാര്‍ട്ടി നേതൃത്വത്തെ സംബന്ധിച്ച് ചെറിയ നഷ്ടമൊന്നുമല്ല. കൊടുക്കല്‍ വാങ്ങലുകളാണ് അപ്പോള്‍ ഇരു പാര്‍ട്ടികളും തമ്മില്‍ നടക്കുന്നത്. ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തവുമാണ്. താമരയുടെ വേരറുത്ത് കൈപ്പത്തിക്കുള്ളില്‍ അഭയസ്ഥാനം കണ്ടെത്തിയവര്‍ നിരവധിയാണ്. എന്നാല്‍ കുറച്ചു കാലങ്ങളായി നേതാക്കളുടെ പാര്‍ട്ടിമാറ്റം ദിശമാറിയിട്ടുണ്ട്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്നു തന്നെ പറയാം. കോണ്‍ഗ്രസിന്റെ ശക്തി ക്ഷയമാണ് ഇതെന്നതില്‍ യാതൊരു സംശയവുമില്ല. നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ നടന്ന അധികാരത്തിനു വേണ്ടിയുള്ള റിസോര്‍ട്ട് കച്ചവടം നമ്മളെല്ലാം കണ്ടതാണ്. ഭരണകക്ഷിയായ ജെഡിയുവിന് തങ്ങളുടെ ഒരു എംഎല്‍എമാരെ പോലും ഒളിപ്പിക്കേണ്ടി വന്നില്ല. പക്ഷേ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ രണ്ടു ബസുകളില്‍ നിറച്ച് കര്‍ണ്ണാടക- തമിഴ്നാട് -ആന്ധ്ര സംസ്ഥാനങ്ങള്‍ വഴി കറക്കുകയായിരുന്നു. ഒടുവില്‍ നിരവധി റിസോര്‍ട്ടുകളില്‍ കൊണ്ട് പോയി താമസിപ്പിക്കേണ്ട അവസ്ഥയില്‍ എത്തി. ഒടുവില്‍ അവിടെ നിന്നും മദ്യപിച്ച് തമ്മിലടിച്ചു ഒരു എംഎല്‍എ മറ്റൊരു എംഎല്‍എയുടെ തലയും പൊട്ടിച്ചു.
ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ ആദ്യം നജുമ ഹെപ്ദുള്ള. സോണിയ ഗാന്ധി കഴിഞ്ഞാല്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളില്‍ പ്രമുഖയായിരുന്ന നേതാവാണ് നജുമ ഹെപ്ദുള്ള. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ ഉപാധ്യക്ഷയും ആയിരുന്നു. പക്ഷെ ഇപ്പൊ അവര്‍ ബിജെപി പാളയത്തില്‍ ആണ്. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആയിരുന്നു നാരായണ്‍ റാണെ. മഹാരാഷ്ടയിലെ മുഖ്യമന്ത്രിയായും റവന്യു മന്ത്രിയായും വ്യവസായ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്. ഇപ്പൊ അദ്ദേഹവും ബിജെപി പാളയത്തില്‍ ആണ്. ഇനി എസ്. എം.കൃഷ്ണ. കര്‍ണാടകയിലെ മുഖ്യമന്ത്രിയും കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പ് മന്ത്രിയും ആയിരുന്നു അദ്ദേഹം. ഇപ്പോള്‍ ഈ നേതാവും കാവിയുടെ ഭക്തനാണ്. കേന്ദ്ര സ്റ്റീല്‍ വകുപ്പ് മന്ത്രി ചൗധരി വീരേന്ദ്ര സിങ് , അദ്ദേഹം ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവായിരുന്നു .നിരവധി തവണ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്നു തവണ ഹരിയാനയില്‍ ക്യാബിനറ്റ് മന്ത്രിയും ആയിട്ടുണ്ട്. അതിനു ശേഷം മൂന്നു തവണ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലും എത്തി. ഇപ്പൊ അദ്ദേഹം ബിജെപി പാളയത്തില്‍ ആണ്. ഹരിയാനയില്‍ നാല് തവണ കോണ്‍ഗ്രസ് എംഎല്‍എയും മൂന്ന് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും ആയിരുന്ന ആളായിരുന്നു റാവു ഇന്ദ്രജിത് സിങ്. യുപിഎ സര്‍ക്കാരില്‍ വനം മെഡിക്കല്‍ ടെക്ക്നിക്കല്‍ വിദ്യാഭ്യാസം എന്നീ വകുപ്പുകളില്‍ സഹമന്ത്രി കൂടിയായിരുന്നു ഇദ്ദേഹം ഇപ്പോള്‍ അദ്ദേഹം ഹരിയാനയിലെ ഗുര്‍ഗൗണ്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംപി ആണ്. കോണ്‍ഗ്രസിന്റെ സ്വന്തം തട്ടകമായ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയും രണ്ടു തവണ ലോകസഭാ എംപിയും ആയിരുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു വിജയ് ബഹുഗുണ. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരെയും കൊണ്ടാണ് ബിജെപിയിലേക്ക് ചേക്കേറിയത് അതുപോലെ തന്നെ സത്പാല്‍ മഹാരാജ്, ഹിമാന്ത ബിശ്വ ശര്‍മ്മ. മണിപ്പൂരിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്ന ബൈറണ്‍ സിങ് അങ്ങനെ എത്രയെത്ര പേര്. അക്കൂട്ടത്തിലെ മറ്റൊരംഗം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവ തിളക്കം ജോതിരാദിത്യസിന്ധ്യയാണ്. ആ പട്ടികയിലെ അവസാനത്തെ പേര് ഖുശ്ബുവിന്റേതാണ്. കോണ്‍ഗ്രസ് തട്ടകത്തില്‍ നിന്നും ബിജെപിയിലേക്ക് അവരും ചുവടുമാറ്റിക്കഴിഞ്ഞു.
ഇനി ഒന്ന് കേരളത്തിലോട്ട് കണ്ണോടിക്കാം. കൊല്ലം ജില്ലയിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്നു എസ്. കൃഷ്ണകുമാര്‍. കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധി ആയി തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണകുമാര്‍ കുടുംബക്ഷേമം, ടെക്സ്റ്റൈല്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്, പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് എന്നീ വകുപ്പുകളില്‍ കേന്ദ്രമന്ത്രി പദം അലങ്കരിച്ച കോണ്‍ഗ്രസ് നേതാവാണ്. 2004 വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോ അദ്ദേഹം മാവേലിക്കരയില്‍ നിന്നു മത്സരിച്ചു. പക്ഷെ മത്സരിച്ചത് ബിജെപി സ്ഥാനാര്‍ഥി ആയിട്ടാണെന്ന് മാത്രം. അടുത്തത് ജി രാമന് നായര്‍. കേരളം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് മെമ്പറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റും ആയിരുന്നു ഇദ്ദേഹം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വം അല്ല ബിജെപിയുടെ തീവ്ര ഹിന്ദുത്വം ആണ് വേണ്ടത് എന്നു പറഞ്ഞു അദ്ദേഹം ബിജെപി പാളയത്തിലേക്ക് കൂട് മാറി. ബിജെപിയുടെ കേരള സംസ്ഥാന ഉപാധ്യക്ഷന്‍ ആണ് നിലവില്‍ രാമന് നായര്‍. കേരള സ്റ്റേറ്റ് വുമണ്‍സ് കമ്മീഷന് അംഗം ആയിരുന്ന കോണ്‍ഗ്രസ് നേതാവ് ആയിരുന്ന പ്രമീള ദേവി. രാമന് നായര്‍ പോകുന്ന കൂട്ടത്തില്‍ പ്രമീള ദേവിയും ബിജെപിയിലേക്ക് പോയി. നിലവില്‍ ബിജെപി സംസ്ഥാന സമിതി അംഗമാണ്. കെ എസ് രാധാകൃഷ്ണന്. കോണ്‍ഗ്രസ് പ്രവര്ത്തകന് ആയിരുന്ന രാധാകൃഷ്ണനെ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ പിഎസ്സി ചെയര്മാന് ആയി നിയമിച്ചു. പക്ഷേ ഭരണം ഒക്കെ പോയി വെറുതെ ഇരിക്കുമ്പോഴാണ് ശബരിമല വിഷയം വന്നത്. അതൊരു മറയാക്കി പിടിച്ച് തീവ്ര ഹിന്ദുത്വം നില്നില്ക്കുന്ന ബിജെപി പക്ഷത്തോട്ട് അങ്ങ് കൂറ് മാറി. ഇതെല്ലാം കഴിഞ്ഞ ചരിത്രമെങ്കില്‍ മറ്റൊരു നാടകം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ രാജ്യസഭാ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനവും ഇത്തരത്തില്‍ കൂറു മാറിയവരില്‍ ഉള്‍പ്പെടും. ഐഎഎസ് പദവി ഉപേക്ഷിച്ച് 2006 ല്‍ എല്‍ഡിഎഫ് സീറ്റില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, അധികം വൈകാതെ ബിജെപി പാളയത്തില്‍ എത്തുകയായിരുന്നു. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസഹമന്ത്രിയുമായി.
കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് മാണി കോണ്‍ഗ്രസ്. ജോസഫ് -ജോസ് തമ്മിലടിയില്‍ രണ്ടിലയും പിളര്‍ന്നു. കേരള രാഷ്ട്രീയം പിന്നെ ജോസ് കെ മാണിയുടെ മുന്നണി ചേക്കേറുന്നതെവിടെ എന്നാണ് തിരക്കിയത്. കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എന്‍ഡിഎയിലേക്കു ബിജെപി ദേശീയ നേതൃത്വം ക്ഷണിച്ചുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. കേന്ദ്രമന്ത്രി സ്ഥാനമാണ് പ്രത്യേക ദൂതന് മുഖേന ജോസിന് വാഗ്ദാനം നല്‍കിയിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ക്ഷണം സ്വീകരിക്കുകയോ തള്ളുകയോ ജോസ് കെ മാണി ചെയ്തിട്ടില്ലെന്നും പറയപ്പെടുന്നു. പുതിയ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നതു ബിജെപി. നേതാക്കളായ ജോര്‍ജ് കുര്യനും എന്‍. കെ. നാരായണന് നമ്പൂതിരിയുമാണെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് അല്‍ഫോന്‍സ് കണ്ണന്താനം എംപിയാണു മധ്യസ്ഥനാകുന്നത്. സ്വതന്ത്രചുമതലയുള്ള സഹമന്ത്രി സ്ഥാനമാണു മുമ്പ് വാഗ്ദാനം ചെയ്തതെങ്കിലും പുതിയ സാഹചര്യത്തില്‍ കാബിനറ്റ് മന്ത്രിസ്ഥാനം ബിജെപി നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ജോസ് വിഭാഗത്തെ ലക്ഷ്യമിട്ട് ബിജെപിയുടെ ചരടുവലി നേരത്തേ സജീവമായിരുന്നു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ, കേരളാ കോണ്‍ഗ്രസിലെ ഒരു പ്രബലവിഭാഗത്തെ ഒപ്പം നിര്‍ത്തുന്നതു നേട്ടമാകുമെന്ന സന്ദേശം ബിജെപി. സംസ്ഥാനനേതൃത്വം കേന്ദ്രത്തെ അറിയിച്ചിരുന്നു. രണ്ട് എംപിമാരുള്ള ജോസ് പക്ഷത്തിന്റെ പിന്തുണ കേരളത്തിലും എന്‍ഡിഎയ്ക്കു നേട്ടമാകുമെന്നാണ് സംസ്ഥാന ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ നയം വ്യക്തമാക്കേണ്ടത് ജോസ് കെ. മാണിയാണ് എന്ന നിലപാടിലായിരുന്നു ബിജെപി. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കുന്നവര്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു.ജോസ് കെ മാണിയുടെ കടന്നുവരവ് ക്രൈസ്തവ സമുദായത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ബിജെപിക്കു തുണയാകുമെന്നാണ് പ്രതീക്ഷ.
എന്‍ഡിഎയിലേക്ക് ഏതൊക്കെ പാര്‍ട്ടികളെ ക്ഷണിക്കണമെന്നു പരിശോധിക്കാന്‍ നേരത്തേ ഒരു ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ക്രൈസ്തവ സമുദായത്തില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാന്‍ ബിജെപി കാലങ്ങളായി ശ്രമിച്ചുവരുകയാണ്. എന്നാല്‍ പി സി തോമസിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തെയും ബിജെപിയിലേക്ക് കൊണ്ടുവന്നത് വലിയ നേട്ടം സമ്മാനിച്ചില്ലെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്. ഇപ്പോള്‍ ജോസ് കെ മാണി പക്ഷത്തെ മുന്നണിയില്‍നിന്നു പുറത്താക്കിയതോടെ രണ്ട് എംപിമാരെയാണു യുപിഎയ്ക്കു നഷ്ടമാകുന്നത്. ജോസ് കെ. മാണി പുറത്തുപോകുന്നതു രാജ്യസഭയില്‍ യുപിഎയ്ക്കു ഭൂരിപക്ഷം കുറയ്ക്കും എന്നുള്ളതും തീര്‍ച്ചയാണ്. അതേസമയം ജോസ് പക്ഷം എന്‍ഡിഎയില്‍ ചേക്കേറിയാല്‍ അതു കനത്ത പ്രഹരവുമാകും. ജോസും കൂട്ടരും ഇടതുമുന്നണിയിലേക്കു പോകുമെന്നാണു കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം കരുതുന്നതെങ്കിലും അതു നടക്കാന്‍ സാധ്യതയില്ലെന്നു തന്നെയാണ് സൂചനകള്‍. എല്‍ഡിഎഫില്‍ ചേക്കേറിയാല്‍ എത്രമാത്രം സ്വീകാര്യത ലഭിക്കുമെന്നുള്ളത് ജോസ് കെ മാണി പക്ഷത്തെ നേതാക്കളെ അലട്ടുന്നുണ്ട്. ജോസ് കെ. മാണിക്കു സിപിഎമ്മില്‍നിന്നു ചില ഉറപ്പുകള്‍ ലഭിച്ചതായി സൂചനയുണ്ടെങ്കിലും സിപിഐയുടെ എതിര്‍പ്പ് ഉള്ളിടത്തോളം കാലം പ്രവേശനം വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ബിജെപിയിലേക്ക് പോയി കേന്ദ്ര മന്ത്രിസ്ഥാനം ഉറപ്പിക്കുകയായിരിക്കും ജോസ് കെ മാണിയുടെ മുന്നിലുള്ള വഴി. എന്നാല്‍ മധ്യതിരുവിതാംകൂറിലെ മലയോര രാഷ്ട്രീയത്തിനു വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ പാലാ സീറ്റ് കൈയില്‍ നിന്നും പോയതു പോലെ ജോസ് കെ മാണി വിഭാഗം കേരളത്തില്‍ നിന്നുതന്നെ ഇല്ലാതാകുമെന്നു തന്നെയാണ് പ്രവര്‍ത്തകരില്‍ വലിയ വിഭാഗം കരുതുന്നതും. പാര്‍ട്ടി നേതാക്കളുടെ കൊടുക്കല്‍ വാങ്ങലുകള്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആരംഭകാലം അരങ്ങേറുന്ന നാടകമാണ്. പക്ഷേ അധികാരത്തിന്റെയും നിലപാടുകളുടെയും പേരില്‍ രാഷ്ട്രീയ ചാഞ്ചാട്ടം നടത്തുമ്പോള്‍ ഓരോ തിരഞ്ഞെടുപ്പുകളിലും വരി നിന്ന് സമ്മതിദാനം ചെയ്യുന്ന രാജ്യത്തെ പൗരന്മാരാണ് വിഡ്ഢികളാകുന്നത്.