Breaking NewsCovid UpdatesKERALATop News

കൊച്ചിയില്‍ അഞ്ച് കോവിഡ് രോഗികളുടെ നില അതീവ ഗുരുതരം

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീതി വര്‍ധിക്കുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രോഗവ്യാപനതോത് നിയന്ത്രണാതീതമായി ഉയരുകയും ചെയ്യുന്നു. ഏറ്റവും സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ചെറിയ ഇളവുകളോടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കലക്ടര്‍ ഡോ.നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. അന്‍പത് ശതമാനം യാത്രക്കാരുമായി ഓട്ടോ-ടാക്സി ഉള്‍പ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. ആളുകള്‍ കൂട്ടംകൂടുന്ന ഒരു പരിപാടിയും നടത്തരുത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. ഹോട്ടലുകളില്‍ പാഴ്സല്‍ അനുവദിച്ചിട്ടുണ്ട്. തീരപ്രദേശ മേഖലകളില്‍ നിയന്ത്രണം തുടരും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം. ഹൈപ്പര്‍ മാര്‍ക്കറ്റ്, മാള്‍, സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍, സ്പാ എന്നിവ ഒഴികെയുള്ള എല്ലാ കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുവരെ തുറന്നുപ്രവര്‍ത്തിക്കാം. വൈകിട്ട് നാലുമുതല്‍ ആറുവരെയുള്ള സമയത്തെ വില്‍പ്പന മുതിര്‍ന്ന പൗരന്മാര്‍ക്കായി പരിമിതപ്പെടുത്തണം. മാര്‍ക്കറ്റുകളില്‍ ഒരുതരത്തിലുള്ള കൂട്ടംകൂടലുകളും അനുവദിക്കില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. നഗരത്തിലെ സമ്പൂര്‍ണ നിയന്ത്രണം എത്രനാള്‍ നീളുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്.
കൊച്ചി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരം. അഞ്ച് പേരും വെന്റിലേറ്ററിലാണ്. ഇവരില്‍ നാല് പേര്‍ക്കും ന്യുമോണിയ ആണെന്നാണ് വിവരം. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ ആലുവ ക്ലസ്റ്ററില്‍ നിന്നുള്ളവരാണ്. പറവൂര്‍, ഇലഞ്ഞി സ്വദേശികളാണ് മറ്റ് രണ്ടുപേര്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ. ആളുകള്‍ കൂട്ടംകൂടുകയോ സാമൂഹിക അകലം ലംഘിക്കുകയോ അരുത്. ആലുവയിലും ചെല്ലാനത്തുമടക്കം കര്‍ഫ്യു പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഇവിടങ്ങളില്‍ സമ്പര്‍ക്കവ്യാപന സാധ്യത കൂടുതലാണ്. ചെല്ലാനത്തും ആലുവയിലും ഇപ്പോഴും രോഗം നിയന്ത്രണവിധേയമായിട്ടില്ല. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി എന്നിവിടങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. ഈ മേഖലയിലെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.
രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ല പൂര്‍ണമായി അടച്ചിടാനുള്ള സാധ്യതയേറി. രോഗവ്യാപനം രൂക്ഷമായ കോട്ടയം ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സാംപിള്‍ പരിശോധന ഇന്നും തുടരും. 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പച്ചക്കറി ചന്തയിലും സമീപ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലുമാണ് പരിശോധന. കോവിഡ് സമ്പര്‍ക്ക വ്യാപനം നടക്കുന്ന വയനാട്ടിലെ വാളാട് പ്രദേശത്ത് ആന്റിജന്‍ പരിശോധനകള്‍ ഇന്നും തുടരും. തവിഞ്ഞാല്‍ പഞ്ചായത്തിനു പുറമെ തെണ്ടര്‍നാട് എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണ്ണമായി കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇവിടങ്ങളില്‍ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകള്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. ജില്ലയില്‍ മറ്റിടങ്ങളിലും വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണമുണ്ട്. ആളുകള്‍ കൂടുന്ന ഒരു പരിപാടിയും അനുവദിക്കില്ല. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ രണ്ട് ചുമട്ടു തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പച്ചക്കറി മാര്‍ക്കറ്റ് അടച്ചു. ചുമട്ടുതൊഴിലാളിയുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പോസിറ്റീവ് കേസുകളുണ്ടായാല്‍ ശക്തനിലെ ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളും അടച്ചിടേണ്ട സാഹചര്യം വരും. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 20,096 പേര്‍ക്ക്. 10,091 പേര്‍ നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു.

Tags
Show More

Related Articles

Back to top button
Close