KERALANEWSTop News

കൊടകര കുഴല്‍പണ കേസില്‍ ബിജെപിയെ കുരുക്കിലാക്കി പോലീസ് റിപ്പോര്‍ട്ട് ; പണം കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് വേണ്ടി: പിടിച്ചത് ബിജെപിയുടെ പണം തന്നെയെന്ന് പോലീസ് കോടതിയില്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പണ കേസില്‍ ബിജെപിയെ കുരുക്കിലാക്കി പോലീസ് റിപ്പോര്‍ട്ട്. കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേത് തന്നെയെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കവര്‍ച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണെന്നും വിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് ധര്‍മ്മരാജനും സുനില്‍ നായിക്കും സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കവേയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. പണം കൊണ്ടുവന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പിയുടെ നേതാക്കള്‍ പറഞ്ഞപ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച ഹവാല പണമാണിതെന്നും കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊടകരയില്‍ കവര്‍ച്ചാ സംഘം തട്ടിയെടുത്ത ഹവാലപ്പണം ബിജെപി നേതാക്കള്‍ പറഞ്ഞപ്രകാരം ആലപ്പുഴയിലെ ജില്ലാ ട്രഷറര്‍ക്കു നല്‍കാനാണ് കൊണ്ടുവന്നതെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസത്തിനിടെ ധര്‍മരാജന്‍ ഹവാലപ്പണം കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

രണ്ടു ലക്ഷം രൂപ മാത്രം കൈവശം വയ്ക്കാനാണ് ചട്ടപ്രകാരം അനുമതി. പണം തിരിച്ചുകിട്ടണമെന്ന ധര്‍മരാജന്റെ ഹര്‍ജിയില്‍ ഇരുപത്തിമൂന്നിന് കോടതി തീരുമാനം പറയും.
ഇത് കുഴല്‍പ്പണം തന്നെയാണെന്നും കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ധര്‍മ്മരാജനും സുനില്‍ നായിക്കും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ഡിവൈഎസ് പി വി.കെ. രാജു കോടതില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പണം യാതൊരു കാരണവശാലും ധര്‍മരാജനോ സുനില്‍ നായിക്കിനോ വിട്ട് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് പോലീസ് കോടതിയില്‍ സ്വീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close