KERALANEWSTop News

കൊടകര കുഴല്‍പ്പണക്കേസില്‍ ആറാം പ്രതിയുടെ വീട്ടില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തത് വീട്ടിലെ മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയില്‍;ബി.ജെ.പി. ആലപ്പുഴ ജില്ലാട്രഷറര്‍ കെ. ഗോപാലകൃഷ്ണ കര്‍ത്തയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു;നിര്‍ണായക തെളിവുകളുമായി അന്വേഷണവിഭാഗം

തൃശ്ശൂര്‍ :നിയമസഭാ തെരഞ്ഞെടുപ്പ് സമയം മുതല്‍തന്നെ വാര്‍ത്തകള്‍ ഏറെ സൃഷ്ടിച്ചിരുന്ന കൊടകര കുഴല്‍പ്പണക്കേസില്‍ വ്യാജവാഹനാപകടമുണ്ടാക്കി മൂന്നരക്കോടിരൂപ തട്ടിയെടുത്ത കേസില്‍ ബി.ജെ.പി. ആലപ്പുഴ ജില്ലാട്രഷറര്‍ കെ. ഗോപാലകൃഷ്ണ കര്‍ത്തയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു.മൂന്നരക്കോടി ഗോപാലകൃഷ്ണ കര്‍ത്തയ്ക്ക് കൈമാറാനായാണ് കൊണ്ടുപോയതെന്ന് അറസ്റ്റിലായ പ്രതികളില്‍നിന്നും ലഭിച്ച വിവരങ്ങളുടെയും പണം കൊടുത്തയച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജനുമായി ഗോപാലകൃഷ്ണ കര്‍ത്ത നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കവര്‍ച്ചനടന്ന ദിവസവും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.ആലപ്പുഴയിലെ പോലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ അന്വേഷണോദ്യോഗസ്ഥന്‍ എ.സി.പി. വി.കെ. രാജുവാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

അതേ സമയം,കൊടകര കുഴല്‍പ്പണക്കേസില്‍ ആറാം പ്രതിയായ മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ അന്വേഷം വിഭാഗം കണ്ടെടുത്തു. വീട്ടിലെ മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് പണം കണ്ടെത്തിയത്.കവര്‍ച്ചയ്ക്ക് ശേഷം മാര്‍ട്ടിന്‍ കാറും സ്വര്‍ണവും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയ്ക്ക് സെക്കന്‍ഡ്ഹാന്‍ഡ് ഇന്നോവ കാര്‍ ആണ് വാങ്ങിയത്.ഈ പണം ഉപയോഗിച്ച് ബാങ്കില്‍ നിന്ന് ലോണായി എടുത്ത നാല് ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്.25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടതായാണ് പരാതി. എന്നാല്‍ വിവിധ പ്രതികളുടെ വീടുകളില്‍ നിന്നും മറ്റുമായി ഒരു കോടി പതിനഞ്ച് ലക്ഷത്തോളം രൂപ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.മൂന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത വാഹനത്തിലുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.

എന്നാല്‍,വിവരശേഖരണത്തിനായി അന്വേഷണസംഘം വിളിപ്പിച്ച ബി.ജെ.പി. സംസ്ഥാന സംഘടനാസെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ എപ്പോള്‍ ഹാജരാകുമെന്ന വിവരം അന്വേഷണസംഘത്തെ ഇതുവരെ അറിയിച്ചിട്ടില്ല. രണ്ടുദിവസത്തിനകം ഹാജരാകണമെന്നും അല്ലാത്തപക്ഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നും കാണിച്ച് ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. മുന്‍പും ഇരുവരെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close