കൊടുവള്ളിയില്‍ തലശേരിയിലേക്കുള്ള സ്വര്‍ണക്കടത്ത്

കണ്ണൂര്‍: കൊടുവള്ളിയും തലശേരിയും രണ്ടു ജില്ലകളിലാണ് ഇവ സ്ഥിതി ചെയ്യുന്നുവെങ്കിലും നാദാപുരം, വടകര ഭാഗങ്ങളെ സ്പര്‍ശിച്ചു കടന്നു പോകുന്ന തലശേരി വരെ നീണ്ടു നില്ക്കുന്ന കള്ളക്കടത്തുകാരുടെ ഒരു ഇരുണ്ട ഇടനാഴിയുണ്ട്. ചാവക്കാട് വരെ നീളുന്നതും ഗള്‍ഫ് രാജ്യങ്ങളില്‍ വേരുകള്‍ ഉള്ളതുമാണിത്.
കുഴല്‍പ്പണത്തിന് പൊതുവെ വടക്കെ മലബാറില്‍ വിളിക്കുന്നത് ഉണ്ടപ്പണമെന്നാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഗള്‍ഫ് വരുമാനം കൂടിയപ്പോഴാണ് കൊടുവള്ളിയില്‍ കുഴല്‍ എത്തി തുടങ്ങിയത്. പിന്നെ അതിന്റെ വ്യാപ്തി നാദാപുരം വഴി തലശേരിയിലേക്ക് നീണ്ടു. ആദ്യകാലത്ത് മുസ്ലീം ലീഗാ യിരുന്നു കുഴലിന്റെ സംരക്ഷകര്‍. ഇതിനൊടൊപ്പം സ്വര്ണക്കടത്തുകൂടിയായപ്പോള് ലീഗില്‍ അതീവ സമ്പന്നരായ പുത്തന്‍കൂറ്റുകാര്‍ ഉയര്‍ന്നു വന്നു. എന്നാല്‍ ഇവരുടെ അപ്രമാദിത്വവും തന്നിഷ്ടവും അത്രയൊന്നും നേട്ടം ലഭിക്കാത്ത ഒരു വിഭാഗത്തെ അകറ്റി. ഇതോടെ ഇവര്‍ ഒറ്റുകാരായി. ഉണ്ടപ്പണവും ജ്വല്ലറികളിലേക്കുള്ള സ്വര്‍ണക്കടത്തും കസ്റ്റംസ് പിടികൂടാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് തൊണ്ണൂറുകളില്‍ തലശേരി താലൂക്കില്‍ അക്രമ രാഷ്ട്രീയം കൊടുമ്പിരി കൊള്ളുന്നത്. കേസ് നടത്താനും രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കാനും ആയുധങ്ങള്‍ സംഭരിക്കാനും ജില്ലയിലെ പ്രധാന പാര്‍ട്ടിക്ക് ധാരാളം പണം ആവശ്യമുണ്ടായിരുന്ന കാലം. പാര്‍ട്ടി അംഗങ്ങളില്‍ നിന്നു പിരിവെടുത്ത് മാത്രം ഭീമമായ തുക സംഭരിക്കാന്‍ കഴിയില്ലെന്നു മനസ്സിലായതോടെ പാര്‍ട്ടിയും ഈ സാമ്പത്തിക ഇടനാഴിയിലേക്ക് നുഴഞ്ഞു കയറാന്‍ തുടങ്ങി. പ്രാദേശിക നേതൃത്വം നിയന്ത്രിക്കുന്ന തലശേരി താലൂക്കിലെ പ്രമുഖരായ ക്വട്ടേഷന്‍ സംഘങ്ങളെകൊണ്ട് കുഴല്‍പ്പണവും സ്പോട്ടും തിരിച്ചറിഞ്ഞ് തട്ടിയെടുക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ഇതോടെ കറുത്ത ഇടനാഴിയുടെ കടിഞ്ഞാണ്‍ പാര്‍ട്ടി നിയന്ത്രിത സംഘങ്ങളുടെ കൈയ്യിലായി. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണ് ഇവരുടെ സംരക്ഷകരായി പ്രവര്‍ത്തിച്ചിരുന്നത്. മുംബെയില്‍ നിന്നും തലശേരിയില്‍ താമസിച്ചു വരുന്ന മാര്‍വാഡികളുടെ സംരക്ഷണവും ക്രമേണ പാര്‍ട്ടി ഏറ്റെടുത്തു.
പാര്‍ട്ടി ഗ്രാമങ്ങള്‍ സ്വന്തം പ്രത്യയശാസ്ത്ര സംരക്ഷണത്തിനായി കൊല്ലാനും ചാവാനും എന്തിനും തയ്യാറായി നില്ക്കുന്ന നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുടെ വാസസ്ഥലമാണെന്നാണ് വയ്പ്പ്. എന്നാല്‍ അടിത്തട്ടില്‍ ചികഞ്ഞുനോക്കിയാല്‍ ഉണ്ടപ്പണ – സ്വര്‍ണക്കടത്തിലുള്ള സംരക്ഷണവും കടന്നുകയറ്റവും ഇതില്‍ കലര്‍ന്നിരിക്കുന്നതായി കാണാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് പാനൂര്‍ മേഖല. കടവത്തൂര്‍ ,പെരിങത്തൂര്‍, പാലത്തായി, ഏലങ്കോട് തുടങ്ങി ന്യൂ മാഹിയുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ വരെ ഏറ്റവും കുടുതല്‍ വന്‍ ഗള്ഫുകാര് താമസിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. അതു കൊണ്ടു തന്നെ കുഴല്‍പ്പണം ഏറെയെത്തുന്ന ഇത്തരം സ്ഥലങ്ങളുടെ സ്വാധീനം കൈവശപ്പെടുത്തുന്നതിനാണ് വിവിധ പാര്‍ട്ടികളുടെ ക്വട്ടേഷന്‍ സംഘങ്ങള്‍ ഏറ്റുമുട്ടുന്നതും അതു കൊലപാതക രാഷ്ട്രീയത്തിലെത്തുന്നതും. കേരളം കണ്ട അതിക്രൂരമായ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിയെന്ന റെയ്ഞ്ച് വിട്ട് കൊടുവള്ളി മുതല്‍ തലശേരി വരെയുള്ള കുഴലും സ്വര്‍ണവും മാഹി മദ്യവും ഇറച്ചിക്കോഴിയും ബ്ളേഡ് പണപ്പിരിവും ചേര്‍ന്നുള്ള ഓരോ ഇടപാടിനും ലക്ഷങ്ങള്‍ കൈമറിയുന്ന വന്‍ ഇടപാടാണ് ഇവര്‍ നിയന്ത്രിക്കുന്നത്. തലശേരിയിലെ ഒരു പ്രമുഖ സംഘ് പരിവാര്‍ നേതാവ് സ്വന്തം സംഘമുണ്ടാക്കി ഇവരെ വെല്ലുവിളിക്കാന്‍ ശ്രമിച്ചുവെങ്കിലും കൊടിയും കൂട്ടരും തലശേരി നഗരത്തിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതോടെ പ്രാണരക്ഷാര്‍ത്ഥം പിന്‍വലിഞ്ഞു. ഇതാകട്ടെ ഉന്നത നേതാക്കളിലേക്കും അവരുടെ മക്കളിലേക്കു മെത്തിയേക്കാം.