കൊച്ചി: ലോകമെമ്പാടും കൊവിഡ് പടര്‍ന്നു പിടിക്കുകയാണ്. ചൈനയും ദക്ഷിണ കൊറിയയും ഇറാനു ഇറ്റലിയും സ്‌പെയ്‌നും കടന്ന് കൊവിഡ് ഇപ്പോള്‍ യുഎസിലും യുകെയിലും പിടിമുറുക്കിയിരിക്കുകയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനോടകം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ ലോകം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നു പോകുന്നു. ഈ അവസരത്തില്‍ കവി റഫീക് അഹമ്മദിന്റെ കൊറോണത്തുള്ളല്‍ എന്ന കവിത ശ്രദ്ധേയമാകുന്നു
ഉള്ളതു ചൊന്നാല്‍ പണ്ടേ പകലേ
കല്ലരി കിട്ടുകയില്ലെന്നറിയാം
ഉള്ളതു ചൊല്ലാതിങ്ങനെ വെറുതെ
തുള്ളല്‍കാരനു കഴിയുക വയ്യ.
എന്നതുകൊണ്ടിതു പറയുക വേണം
നല്ലതിനെന്നിഹ ചിന്തിക്കേണം.
കഷ്ടത പലത് മനുഷ്യര്‍ക്കിപ്പോള്‍
ദുഷ്ട കൊറോണ പരന്നതുമൂലം.
സത്യം ചൊന്നാലില്ലാതില്ല
ചെറ്റു ഗുണങ്ങളുമിന്നതു മൂലം.
മര്‍ത്യരൊഴിച്ചുള്ളെല്ലാവരുമേ
വര്‍ദ്ധിത സന്തോഷത്തിലിരിപ്പൂ .
പുല്ലും പുഴുവും കിളിയും ചെടിയും
പുലിയും ചിതലും ചെറുചാതികളും
എല്ലാവര്‍ക്കുമിതാ ഘോഷത്തിന്‍
വല്ലങ്കിക്കളി വന്നതു പോലെ.
വായുവില്‍ ധൂമ മൊഴിഞ്ഞതു മൂലം
വാടിയ ചില്ല തളിര്‍ത്തതു കണ്ടോ
നേരിയതെങ്കിലുമുള്ളൊരൊഴുക്കിന്‍
നീരിതു നിര്‍മ്മലമായതറിഞ്ഞോ
തേരുകള്‍ പോലെ പെരുത്തു മദിച്ചൊരു
കാറുകളങ്ങനെ പോകുന്നീല.
ആകെയൊരാള്‍ക്കു കുതിക്കാനായി –
ട്ടായതിലെണ്ണ നിറയ്ക്കുക വേണ്ട.
ചേറ്റിലിറങ്ങിയ നീറ്റെലി പോലെ
ചീറിപ്പായും ബൈക്കുകളില്ല.
ഓരോ ദിനവും റോഡില്‍ പടരും
ചോരയതിപ്പോള്‍ കാണ്മാനില്ല.
പള്ളിമഠങ്ങളിതമ്പലമെല്ലാം
പള്ളയ്ക്കടിയേറ്റേങ്ങിയിരിപ്പു
ദൈവങ്ങള്‍ക്ക് ചെവിക്കൊരു ശാന്തി
ദേവാലയമണി നാവിനു ശാന്തി.
തുള്ളിയടിക്കാന്‍ കിട്ടാത്തതിനാല്‍
ഉള്ളു പൊരിഞ്ഞു കിടക്കുന്നവരേ
വന്നൊരു തൂമ്പയെടുത്തു കിളയ്ക്കൂ.
വല്ലതുമിത്തിരി നട്ടു നനയ്ക്കു .
ചീട്ടുകളിച്ചു നടന്ന വരിന്നിഹ
വീട്ടിലിരിപ്പു പഠിച്ചു തുടങ്ങി.
തൊട്ടതിനൊക്കെ കുറ്റം പറയും
കൂട്ടാന്‍ പാത്രം തട്ടി മറിയ്ക്കും
വേട്ടൊരു പെണ്ണിനെ കൊട്ടുന്നോരും
വേര്‍പ്പിന്‍ വിലയതറിഞ്ഞു തുടങ്ങി.
ബ്യൂട്ടീ പാര്‍ലറതില്ലാത്തതിനാല്‍
കാട്ടീ തന്‍ തനി മുഖ മംഗനമാര്‍
കാറ്റു വരുന്നൊരു ട്യൂബിലെ കരി തീര്‍-
ന്നൂറ്റം പോയി നരച്ചു പുമാന്മാര്‍ .
നേരായൊരു പണി ചെയ്യാത്തവരാം
നേതാക്കന്മാര്‍ക്കെന്തൊരു ദുരിതം
നാലര വാക്ക് പ്രസംഗിക്കാതെ
നാളിതുവരെയവര്‍ വാണിട്ടുണ്ടോ?
കാലക്കേടിന്‍ തീ പടരുമ്പോള്‍
ഓല കഴുക്കോലൂരുന്നവരും
മായം ചേര്‍ത്തു മനുഷ്യരെ മുഴുവന്‍
കോലം കെട്ടവരാക്കുന്നവരും
ജാതിമതങ്ങള്‍ പറഞ്ഞു ജനത്തെ
ചേരികളാക്കി വലയ്ക്കുന്നവരും
ചെന്നായ് പോലെ വിശപ്പൊഴിയാത്തവര്‍
തിന്നാനൊരു വകയില്ലാത്തവരും
എല്ലാ കൂട്ടരുമൊന്നാണെന്നൊരു
നല്ല വിചാരം തന്ന കൊറോണേ
വയ്യാതായി നിറുത്തുക വേഗം
വന്ന വഴിക്കു തിരിച്ചേ പോകൂ.
ീീ
കണ്ടോ ഭൂമിയിലണ്വായുധ മദ
വമ്പോടാടിയ വിദ്വാന്മാരുടെ
കുമ്പ തകര്‍ന്നു കുറുമ്പും തീര്‍ന്നു.
എല്ലാം നമ്മുടെ കൈകളിലെന്നൊരു
വിജ്ഞാനികളുടെ കൂമ്പു മൊടിഞ്ഞു.
നന്ന് കൊറോണേ നന്ന് കൊറോണേ
നന്ന് കൊറോണേ, നന്ദി കൊറോണേ..
റഫീക്ക് അഹമ്മദ്.