എ. ചന്ദ്രശേഖര്‍
കൊറോണ അണുവംശപരമ്പരയിലെ കോവിഡ്-19 വൈറസിന്റെ ആഗോള മനുഷ്യമേധം ഇന്ത്യയിലും കേരളത്തിലുമെത്തിയപ്പോള്‍ ഇന്ത്യക്കാര്‍ പൊതുവിലും കേരളീയര്‍ വിശേഷിച്ചും കണ്ട ഏറ്റവും വലിയ മാറ്റം, ആശ്വാസം, പ്രതിസന്ധിക്കു മുന്നില്‍ വൈരുദ്ധ്യങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി അണിനിരന്ന ജനങ്ങളേയാണ്. അതിന് ചുക്കാനേന്തിയ രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങളെയാണ്. എന്നാല്‍, മൂന്നാം ഘട്ട ലോക്ക്ഡൗണിനെത്തുടര്‍ന്ന് മനം മടുത്ത രാജ്യങ്ങള്‍ എന്നാലിനി പൊറുതി കോവിഡിനൊപ്പമായേക്കാം എന്ന മട്ടില്‍ കോവിഡ്-ജീവികള്‍ ഭായി ഭായി മുദ്രാവാക്യത്തോടെ മുന്നേറാന്‍ തയാറെടുക്കുന്നതിനിടെ, പ്രതിസന്ധികളിലും രാഷ്ട്രീയ വൈര്യം തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. തുടക്കത്തിലേ പകപോക്കിത്തുടങ്ങിയ കര്‍ണാടകയാണ് കേരളത്തോട് വെറുപ്പിന്റെ രാഷ്ട്രീയം ആദ്യം കാഴ്ചവച്ചത്. അതേ കര്‍ണാടകയ്ക്ക് പിന്നീട് കേരളമാതൃക വെബ്കോണ്‍ഫറന്‍സ് വഴി ചോദിച്ചുമനസിലാക്കേണ്ടി വന്നു എന്നത് വിധിവൈപരീത്യം!
പറഞ്ഞു വന്നത് അതല്ല, രാഷ്ട്രീയമായി പ്രത്യയശാസ്ത്രപരമായും ദാര്‍ശനികമായും വ്യത്യസ്തതകളാവാം. എന്നല്ല, കാഴ്ചപ്പാടുകളിലെ ഈ വൈരുദ്ധ്യങ്ങളാണ് ഓരോ രാഷ്ട്രീയകക്ഷിയുടെയും സ്വത്വം തന്നെ. പാര്‍ട്ടികള്‍ക്കെല്ലാം അതിനി പുതുതായി ആരംഭിച്ച് ഇനിയും എന്താണെന്ന് തെളിയിക്കാനിരിക്കുന്ന കമല്‍ഹാസന്റെ മയ്യത്തിനാണെങ്കിലും ആത്യന്തിക ലക്ഷ്യം അധികാരത്തിലേറുക എന്നതു തന്നെയായിരിക്കും. ജനാധിപത്യത്തിലായാലും മറിച്ചായാലും രാഷ്ട്രീയം എന്നും അങ്ങനെതന്നെയായിരുന്നുവെന്നതിന് ഇതിഹാസ/ചരിത്രം സാക്ഷി. ജനാധിപത്യവ്യവസ്ഥിതിയില്‍ കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാവും. നായകന് പ്രതിനായകന്‍ എന്ന പോലെയാണ് ജനാധിപത്യരാഷ്ട്രീയ വ്യവസ്ഥയുടെ നിര്‍മിതി. പ്രഥമന് പ്രതിപക്ഷനേതാവ്. ഭരണപക്ഷത്തിന് പ്രതിപക്ഷം. അവിടെ, ഭരണപക്ഷത്തിന്റെ വെല്ലുവളി പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളുടെ മുനയൊടിക്കുന്ന, എതിര്‍പ്പുകളെ ദുര്‍ബലമാക്കുന്ന വിധത്തില്‍ സ്വതന്ത്രവും സുതാര്യവും സത്യസന്ധവുമായി കാര്യങ്ങള്‍ നടത്തുക എന്നതാണ്. പ്രതിപക്ഷത്തിന്റെ ദൗത്യമാവട്ടെ, അത്തരത്തില്‍ ഭരണപക്ഷം ചെയ്യുന്നതിലെ പിഴവുകള്‍ ജനസമക്ഷമെത്തിക്കുക എന്നതും. ഈ വൈജാത്യമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.പക്ഷേ ഇന്ത്യയില്‍ കോവിഡ് കാലം മൂന്നാം ഘട്ടത്തിലേക്കു കടക്കുമ്പോള്‍ നമ്മുടെ രാഷ്ട്രീയ കാലാവസ്ഥ കാലംതെറ്റി കറുത്ത വര്‍ഷകാല മാനം പോലെ കാലുഷ്യമാര്‍ന്നിട്ടാണ്.
എന്താണിതിന് അടിസ്ഥാന കാരണം? തീര്‍ച്ചയായും രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള വിശ്വാസമില്ലായ്മയാണ് സുപ്രധാന കാരണം. അര്‍ധരാത്രിക്ക് സ്വാതന്ത്ര്യം കിട്ടി ഇന്ത്യയെന്ന സ്വതന്ത്ര റിപ്പബ്ലിക്കില്‍ കോണ്‍ഗ്രസ് മഹാഭൂരിപക്ഷത്തോടെ അധികാരത്തിലേറിയപ്പോള്‍ ആളെണ്ണത്തില്‍ തികയാഞ്ഞിട്ടും ഇടതുകക്ഷിനേതാവിനെ പ്രതിപക്ഷനേതാവ് എന്ന നിലയ്ക്ക് അംഗീകരിക്കാന്‍ തയാറായ ഒരു രാഷ്ട്രീയ പാരമ്പര്യമാണ് നമ്മുടേത്. അത് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മഹാമനസ്‌കതയൊന്നുമല്ല. മറിച്ച് അന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെല്ലാമുണ്ടായിരുന്ന മൂല്യാധിഷ്ഠിത പരസ്പരവിശ്വാസത്തിന്റെയും പ്രതിപക്ഷബഹുമാനത്തിന്റെയും പ്രത്യക്ഷമാണ്. സര്‍വോപരി, ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥ നിലനില്‍ക്കണമെന്ന പൊതു രാഷ്ട്രീയബോധ്യത്തിന്റെ പങ്കിടലാണ്. ആ ഉത്തരവാദിത്തബോധമാണ്, മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ക്രമേണ മൂല്യശോഷണം വന്ന് പരസ്പരം സന്ദേഹത്തോടെ, സംശയത്തോടെ അക്രമണോത്സുകരാകുന്ന കക്ഷിരാഷ്ട്രീയക്കാരിലെത്തി നില്‍ക്കുന്നത്. മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളും, മകളെ പീഡിപ്പിക്കുന്ന പിതാവും, വണ്‍വേ പ്രണയമംഗീകരിക്കാത്ത കാമുകിയെ ചുട്ടുകൊല്ലുന്ന കാമുകനും, കാമുകനോടൊപ്പം പോകാന്‍ ഭര്‍ത്താവിനെയും പിഞ്ചുകുഞ്ഞിനെയും ഭര്‍ത്താവിന്റെ കുടുംബത്തെത്തന്നെയും ഇല്ലാതാക്കുന്ന ഭാര്യയും, സ്വത്തിനു വേണ്ടി ഭര്‍ത്താവിനെയും പിന്തുടര്‍ച്ചക്കാരെയും ഒന്നടങ്കം വകവരുത്തുന്ന വീട്ടമ്മയുമുള്ള കാലത്ത് രാഷ്ട്രീയരംഗത്തും പ്രതിഫലിക്കുന്ന മൂല്യച്ച്യുതിയായി ഇതിനെ കാണാനാവുമെങ്കിലും, പൗരന്മാരുടെ ഭാവിയെ, അതുവഴി ദേശത്തിന്റെ ഭാവിയെ ബാധിക്കുന്നതാകയാല്‍ അവസാനം പറഞ്ഞതിന്റെ ഗൗരവം മറ്റേതില്‍ നിന്നും അധികമാണ്.
ഇവിടെയാണ് തീര്‍ത്തും സാങ്കല്‍പികമായി എന്റെ വക മൂന്നു ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്.
1.ഇന്ത്യ മുഴുവന്‍ ഇടതുപക്ഷമാണ് ഭരിക്കുന്നത് എന്നു കരുതുക.കോവിഡ് വന്നു.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍, കേരളത്തിലും സംസ്ഥാനങ്ങളിലും തന്നെ ഭരണപക്ഷവും പ്രതിപക്ഷങ്ങളും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടാവില്ലേ?
2.ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത് എന്നു കരുതുക.കോവിഡ് വന്നു.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍, കേരളത്തിലും സംസ്ഥാനങ്ങളിലും തന്നെ ഭരണപക്ഷവും പ്രതിപക്ഷങ്ങളും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടാവില്ലേ?
3.ഇന്ത്യ മുഴുവന്‍ ബി.ജെ.പിയാണ് ഭരിക്കുന്നത് എന്നു കരുതുക.കോവിഡ് വന്നു.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍, കേരളത്തിലും സംസ്ഥാനങ്ങളിലും തന്നെ ഭരണപക്ഷവും പ്രതിപക്ഷങ്ങളും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടാവില്ലേ?
ഉത്തരം: മൂന്നു സാഹചര്യങ്ങളുമുണ്ടായാലും ഭിന്നതകളുണ്ടാവും. കാരണം അതാണ് ജനാധിപത്യത്തിന്റെ സവിശേഷത. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ആണിക്കല്ല് തന്നെ ഈ വൈരുദ്ധ്യങ്ങളാണ്. ഫെഡറല്‍ ഭരണസംവിധാനത്തിന്റെ സവിശേഷത തന്നെ ഈ നാനാത്വത്തില്‍ ഏകത്വമാണ്.
അപ്പോള്‍, ഏതു പക്ഷം ഭരിച്ചാലും അവര്‍ എന്തു തീരുമാനമെടുത്താലും അതില്‍ പിഴവുകളുണ്ടെങ്കില്‍ അതു പ്രതിപക്ഷം ചൂണ്ടിക്കാണിക്കും. അഥവാ അതിലെ പിഴവുകള്‍ മാത്രം അവര്‍ ചൂണ്ടിക്കാണിച്ചെന്നും വരും. അതു സ്വാഭാവികം. സംസ്ഥാനങ്ങള്‍ അവരുടെ സവിശേഷ സാഹചര്യങ്ങള്‍ കേന്ദ്രത്തിനെയും ധരിപ്പിക്കും. അതും സ്വാഭാവികം.
കോവിഡ് പോലെ മുന്‍ മാതൃകകളില്ലാത്ത പ്രതിസന്ധികാലത്ത് അത്തരം എതിര്‍പ്പുകളോട് അസഹിഷ്ണുത പുലര്‍ത്തുന്നത് ഭരിക്കുന്നവര്‍ക്കും, ഭരണകൂടം ചെയ്യുന്നതിലെ ചെറിയ കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കുന്നത് പ്രതിപക്ഷത്തിനും ഭൂഷണമല്ല. ഭരണകക്ഷിയെ അനാവശ്യമായി വിമര്‍ശിക്കുന്നവര്‍ ഒരു നിമിഷം ഈ ചോദ്യം സ്വയം ചോദിക്കുക. അപ്പുറത്ത് തങ്ങളായിരുന്നെങ്കില്‍ ഇതേക്കാള്‍ നന്നായി ചെയ്യുമായിരുന്നു എന്നു നെഞ്ചില്‍ കൈവച്ച് ഉറപ്പുപറയാനാവുമോ? പ്രതിപക്ഷ വിമര്‍ശനം കേള്‍ക്കുന്ന ഭരണപക്ഷവും ചിന്തിക്കുക; പ്രതിപക്ഷം പറയുന്നതില്‍ കാര്യമെന്തെങ്കിലുമുണ്ടോ, കുറച്ചു കൂടി ജാഗ്രതയാകാമോ?
രാഷ്ട്രീയത്തിലെ പ്രതിച്ഛായാനിര്‍മിതിയെക്കുറിച്ചുള്ള
എന്റെ സന്ദേഹമാണ് നാലാമത്തേത്. രാഷ്ട്രീയത്തില്‍ പ്രതിച്ഛായ എന്നത് ഒരാളുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ അവര്‍ കാഴ്ചവയ്ക്കുന്ന കാര്യസക്ഷമതയും വിലയിരുത്തി ജനങ്ങള്‍ നിര്‍മ്മിക്കുന്നതാണ്. ചലച്ചിത്രങ്ങളിലെയും മറ്റും താരനിര്‍മിതിയില്‍ നിന്ന് അടിസ്ഥാനപരമായിത്തന്നെ വേറിട്ടു നില്‍ക്കുന്ന ഒന്നാണത്. സിനിമയിലും വ്യവസായത്തിലു (സിനിമ തന്നെ അടിസ്ഥാനപരമായി മൂലധനനിക്ഷേപമുള്ള വന്‍കിട വ്യവസായമാണ്)മെല്ലാം പൊതുസമ്പര്‍ക്ക സേവനദാതാക്കളെ ചുമതലപ്പെടുത്തി കൃത്രിമമായിപ്പോലും ജനകീയ പ്രതിച്ഛായ നിര്‍മിച്ചെടുക്കാറുണ്ട്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്ന ഓമനപ്പേരില്‍ സാമൂഹിക/സാമ്പത്തിക പൊതുസമ്പര്‍ക്ക പദ്ധതികളാവിഷ്‌കരിച്ചു പരോക്ഷമായും പരസ്യങ്ങളിലൂടെ നേരിട്ടുമാണ് വ്യവസായപ്രമുഖര്‍ ഇതു സാധിച്ചെടുക്കാറെങ്കില്‍, ആരാധകലക്ഷങ്ങളെ അണിനിരത്തി സ്വയം പൊക്കിക്കാണിച്ചും, എതിരാളിയെ കൂകിത്തോല്‍പ്പിച്ചും വരെ പ്രതിച്ഛായാനിര്‍മാണം സാധ്യമാക്കാറുണ്ട്.
രാഷ്ട്രീയത്തില്‍ ഇതു രണ്ടിനും പ്രസക്തിയില്ല. കാര്യം, സത്യാനന്തരലോകത്ത് ചലച്ചിത്രതാരങ്ങളെയും വ്യവസായപ്രമുഖരെയും പോലെ തന്നെ രാഷ്ട്രീയനേതാക്കളുടെയും പ്രതിച്ഛായാ നിര്‍മിതി പി.ആര്‍ ഏജന്‍സികളെ ഏല്‍പിച്ച് പ്രൊഫഷനലായി നിര്‍വഹിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമൊന്നുമില്ല. സമൂഹമാധ്യമങ്ങളുടെ വരവോടെ, ഈ പ്രതിച്ഛായാനിര്‍മ്മാണം അവിടെയും സജീവമായി. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി, ജനാധിപത്യപരമായി വോട്ടര്‍മാര്‍ അയാളെ ഏല്‍പിച്ച്, അവരുടെ പ്രതിനിധികള്‍ തെരഞ്ഞെടുത്ത് ഭരണഘടനാപരമായ തസ്തികളില്‍ നിശ്ചിത കാലയളവിലേക്ക് അവരെ (ബൈ ദ പീപ്പിള്‍) നിയോഗിക്കുന്നത്, അവര്‍ക്കുവേണ്ടി (ഫോര്‍ ദ പീപ്പിള്‍) അവരുടെ ക്ഷേമകാര്യങ്ങള്‍ കാര്യക്ഷമമായി നോക്കിനടത്താനാണ്. ഒരു ഗുമസ്തന്‍ തന്നെ ഏല്‍പിച്ച ഫയലുകള്‍ കൃത്യസമയത്ത്, കൃത്യമായ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് സുതാര്യവും സത്യസന്ധവുമായി മുകളിലേക്ക് അയയ്ക്കുന്നതുപോലെ തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി, എംഎല്‍എയായി എം.പി.യായി, മന്ത്രിമാരായി പ്രതിപക്ഷനേതാവായി അവരവരെ ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായും ചുമതലാബോധത്തോടെയും നിര്‍വഹിക്കുക എന്നത്. നടന്‍ അഭിനയിക്കുന്നതുപോലെയല്ല അത്. മറിച്ച് ഒരു നഴ്സ് തന്റെ ജോലി ചെയ്യുന്നതുപോലെയുമല്ല. നടന്റെ കാര്യത്തില്‍ ജനത്തിന്റെ നേരിട്ടുള്ള സമ്മതിദാനമില്ല. നഴ്സിന്റെ കാര്യത്തില്‍ അവര്‍ക്കുള്ള ആരോഗ്യപരമായ വെല്ലുവിളികളുമില്ല. രാഷ്ട്രീയനേതൃത്വത്തിന്റെ കാര്യം അങ്ങനല്ല. അവര്‍ക്ക് ജനങ്ങളോട് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടതുമുണ്ട്.
മുന്‍കാലങ്ങളില്‍ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ പല വിഗ്രഹങ്ങളും ഉണ്ടായിട്ടുണ്ട്. അതുപക്ഷേ, അവരവരുടെ കര്‍മ്മഫലമായി ജനമനസുകള്‍ കല്‍പിച്ചനുഗ്രഹിച്ചതാണ്, അവരില്‍ കൃത്രിമമായി നിര്‍മിച്ചെടുത്തതല്ല. അതാവട്ടെ, നിരന്തരം ജനങ്ങളുടെയിടല്‍ പ്രവര്‍ത്തിച്ച്, എന്നും ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് കഠിനാധ്വാനത്തിലൂടെ നിര്‍മിച്ചെടുത്തതാണ്.
എന്റെ അവസാനത്തെ സംശയത്തിലേക്കു വരട്ടെ. സ്വന്തം ജീവന്‍ പണയപ്പെടുത്തി രോഗികളെ സേവിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ നമുക്ക് ആരാധിക്കാം. എന്നാല്‍, ശമ്പളം വാങ്ങി സ്വന്തം കര്‍ത്തവ്യം, കടമ, ആ സ്ഥാനം ആവശ്യപ്പെടുന്ന കാര്യക്ഷമതയോടെ നിര്‍വഹിക്കുന്നതിന് വ്യവസ്ഥാബാഹ്യമായ ഒരാശ്ളേഷം, അഭിനന്ദനം ആവശ്യമാണോ? നന്നായി ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സേവനവേതനവ്യവസ്ഥകളില്‍ പറയുന്ന ഇന്‍സന്റീവുകള്‍ ലഭിക്കും. അതിലപ്പുറം അവരെ താരങ്ങളാക്കി വളര്‍ത്തണോ? ഉത്തരവാദപ്പെട്ട രാഷ്ട്രീയ സ്ഥാനങ്ങളിലിരിക്കുന്നവര്‍, അത്യാവശ്യസന്ദര്‍ഭങ്ങളില്‍ അവരില്‍ നിന്ന് സമൂഹം ആവശ്യപ്പെടുന്ന കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍, അതെത്ര കാര്യക്ഷമമായിട്ടാണെങ്കില്‍ക്കൂടി വിഗ്രഹവും പ്രതിഷ്ഠയുമാക്കുന്നത് ജനാധിപത്യപരമാണോ? രാഷ്ട്രീയത്തില്‍ വിഗ്രഹങ്ങളുണ്ടാവാതിരിക്കുന്നതാണ് ജനാധിപത്യപരം. സ്ഥാനമാനങ്ങള്‍ ഏത്രത്തോളം താല്‍ക്കാലികവും അസ്ഥിരവുമാകുന്നുവോ അവിടെയാണ് ജനാധിപത്യത്തിന് ആയുസു കൂടുക. രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവ് സ്വതന്ത്രരാഷ്ട്രത്തിന്റെ ആദ്യമേധാവിയാവാത്തത് സ്വയം വിഗ്രഹമാകാന്‍ ആഗ്രഹമില്ലാഞ്ഞിട്ടാണ്.
ഒരുമ ഒരുമ ഒരെരുമ എന്നൊന്നും വാക്കാല്‍ വിളമ്പിയിട്ടു കാര്യമില്ല. അതു ചെയ്തുകാണിക്കുകയാണ് ഭരണപ്രതിപക്ഷങ്ങള്‍ ആദ്യം ചെയ്യേണ്ടത്. അത്തരം ക്രിയാത്മക സൗഹൃദം ഏറ്റവും ആവശ്യമുള്ള കാലമാണിത്.അങ്ങനെ ജീവിതമാണ് തങ്ങളുടെ സന്ദേശം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി നിര്‍മിക്കുന്ന ജൈവികമായ പ്രതിഛായയേ ശാശ്വതമായിരിക്കൂ.