കൊറോണക്കാലത്ത് ഹോം സെക്രട്ടറിക്ക് സ്ഥാനചലനം ഉണ്ടാകുമോ, കമ്മിറ്റിയില്‍ നാലാം തവണയും ഹാജരാകാതെ പ്രീതി പട്ടേല്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ഹോം സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതു മുതല്‍ ഇവര്‍ക്കെതിരേ പാളയത്തില്‍ പട ആരംഭിച്ചതാണ്. ആദ്യസമയങ്ങളില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇവര്‍ക്ക് ശക്തമായ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇക്കുറി ഇവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് ആരുടെയും പിന്തുണ ലഭിക്കാന്‍ ഇടയില്ല. തുടര്‍ച്ചയായ നാലാം തവണയാണ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള ചര്‍ച്ച നടത്തുന്ന കമ്മിറ്റിയില്‍ ഹാജരാകാതെ നിസ്സംഗമായ മറുപടി കത്ത് നല്‍കുന്നത്. ഈ ജനുവരി മുതല്‍ മറ്റ് മന്ത്രിമാര്‍ക്കൊപ്പം ഉള്ള ചര്‍ച്ച നിരസിക്കുകയും അതിനുപകരം സ്വകാര്യ കൂടിക്കാഴ്ചകള്‍ നടത്തുകയുമാണ് ഉണ്ടായത്. എന്നാല്‍ ഹോം അഫയേഴ്സ് കമ്മിറ്റി ചെയര്‍ ഇങ്ങനെ ചര്‍ച്ചകളില്‍ പങ്കെടുക്കാതിരിക്കുന്നത് രാജ്യത്തിനുതന്നെ നാണക്കേടാണെന്ന് വിമര്‍ശനം. അവസാനമായി വന്നിരിക്കുന്ന ക്ഷണക്കത്തിനു, ഈ മാസം അവസാനത്തോടെ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ് എന്ന മറുപടിയാണ് നല്‍കിയത്. ലേബര്‍ പാര്‍ട്ടിയുടെ യുവേറ്റ് കൂപ്പര്‍ മുന്‍പ് മൂന്നു തവണ കത്തയച്ചിരുന്നു.
എന്നാല്‍ ഏപ്രില്‍ 15ന് നടക്കുന്ന കമ്മിറ്റിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്തിന് ഈ മാസം അവസാനത്തോടെ താന്‍ ഹാജരായി കൊള്ളാം എന്ന മറുപടിയാണ് നാലു ദിവസത്തിനു ശേഷം അയച്ചത്. ഇനിയും വൈകുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നാണ് കൂപ്പര്‍ പറയുന്നത്. നമുക്കിടയിലെ കത്തുകളില്‍ എല്ലായ്പ്പോഴും നിഷേധിക്കേണ്ടി വരുന്നതിന് എനിക്ക് ദുഃഖമുണ്ട് എന്ന ആമുഖത്തോടെയാണ് ഹോം സെക്രട്ടറി അവസാനത്തെ ചര്‍ച്ചയ്ക്കും വിസമ്മതം രേഖപ്പെടുത്തിയത്. ബോറിസ് ജോണ്സണ് ജൂലൈ 2019 നാണ് മിസ് പട്ടേലിനെ ഹോം സെക്രട്ടറിയായി നിയമിച്ചത്, എന്നാല്‍ അതിനുശേഷം ഒക്ടോബറില്‍ ഉള്ള കമ്മിറ്റിയില്‍ മാത്രമേ അവര്‍ പങ്കെടുത്തിട്ടുള്ളൂ. ദേശീയ ദുരന്തത്തെ നേരിടാന്‍ ആവശ്യമായ കരുതലുകള്‍ എടുക്കുന്നതില്‍ ഹോം ഓഫീസിനെ അഹോരാത്രം മുന്നില്‍നിന്ന് നയിക്കുന്നത് പട്ടേല്‍ ആണെന്നും എല്ലാവര്ക്കും എത്തിച്ചേരാന്‍ കഴിയുന്ന ഒരു ദിവസം, ഉടന്‍തന്നെ കമ്മറ്റി ഉണ്ടാകുമെന്നും ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.