
ന്യൂഡല്‍ഹി: കൊവിഡിനെ നേരിടാന്‍ ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി പുറത്തിറക്കിയ ‘കൊറോനില്‍’ എന്ന ആയുര്‍വേദ കിറ്റും, മരുന്നും വിപണിയില്‍ മുന്നേറ്റം നടത്തുന്നു. വിപണിയില്‍ ഇറങ്ങി നാലു മാസം കൊണ്ട് 85 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെന്നാണ് വില്‍പ്പന വിവരങ്ങളെ അടിസ്ഥാനമാക്കി കമ്പനിയുടെ അവകാശവാദം. 241 കോടി രൂപയുടെ വില്‍പ്പന നടന്നിട്ടുണ്ടെന്നും കമ്പനി അറിയിക്കുന്നു.നിലവില്‍ കൊറോനില്‍ കിറ്റ് ‘കൊവിഡ് 19 ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കിറ്റ്’ എന്ന പേരിലാണ് വിപനിയില്‍ ലഭിക്കുന്നത്. കൊറോനില്‍, സ്വസാരി വതി എന്നീ രണ്ടു ഗുളികകള്‍, അനു തൈല എന്ന എണ്ണയും അടങ്ങിയതാണ് കൊറോനില്‍ കിറ്റ്.പതഞ്ജലി ജൂണില്‍ പുറത്തിറക്കിയ കൊറോനില്‍ കൊവിഡ് ഭേദമാക്കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാല്‍ പതഞ്ജലി വികസിപ്പിച്ചെടുത്ത ഈ മരുന്ന് അനുമതിയില്ലാതെ രോഗബാധിതരില്‍ പരീക്ഷിച്ചതിനെതിരെ രാജസ്ഥാന് സര്‍ക്കാര്‍ നിയമനടപടികള്‍ കൈക്കൊള്ളുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. കൂടാതെ പതഞ്ജലി കണ്ടുപിടിച്ചെന്നു പറയുന്ന ആയുര്‍വേദ മരുന്നിന്റെ ശാസ്ത്രീയ വസ്തുതകള്‍ എന്താണെന്ന് വ്യക്തമാകാത്തതിനാല്‍ പ്രസ്തുത മരുന്നിന്റെ ഗവേഷണം, പരീക്ഷണം എന്നിവയെ സംബന്ധിച്ച വിവരങ്ങളും കേന്ദ്ര ആയുഷ് മന്ത്രാലയം കമ്പനിയോട് തേടിയിരുന്നു. ഇതിനിടയിലാണ് ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണം നേടി കൊറോനില്‍ വിജയമാണെന്ന് കണക്കുകളോടെ കമ്പനി സ്ഥാപിക്കുന്നത്.