KERALANEWS

കൊറോണ കാലത്ത് നൂറ്റിയൊന്ന് രചനകള്‍ തീര്‍ത്ത് അധ്യാപകന്‍

മലപ്പുറം: കൊറോണ കാലത്ത് നൂറ്റിയൊന്ന് രചനകള്‍ തീര്‍ത്ത് ശ്രദ്ധേയനാവുകയാണ് ഒരു അധ്യാപകന്‍.കരുവാരക്കുണ്ട് സ്വദേശി അബൂബക്കര്‍ പുത്തനഴിയാണ് കൊറോണ കാലം തന്റെ സര്‍ഗാത്മകതക്കായി വിനിയോഗിച്ചത്. കാലിക പ്രസക്തമായ വിഷയങ്ങളെ ആസ്പദമാക്കി കഥ, കവിത, അനുഭവക്കുറിപ്പ് തുടങ്ങി നൂറ്റിയൊന്ന് രചനകളാണ് ഇദ്ദേഹം തീര്‍ത്തത്. മേലാറ്റൂര്‍ വേങ്ങൂര്‍ നൂറുല്‍ ഇസ്ലാം സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് പുത്തനഴി സ്വദേശി അബൂബക്കര്‍.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവുമുള്ള ഇദ്ദേഹം മലയാളത്തിലെഴുതിയ കവിതകളുടെ അര്‍ത്ഥവും, വാഖ്യാനങ്ങളും ചെറുതല്ല. കവിതയ്‌ക്കൊപ്പം കഥകള്‍, അനുഭവ കുറിപ്പുകള്‍ എന്നിവയെല്ലാം ചേര്‍ത്താണ് നൂറ്റിയൊന്ന് കൃതികള്‍ രചിച്ചത്. വെറുതെ ഒരു രസത്തിന് സുഹൃത്തുക്കള്‍ ചേര്‍ന്ന വാട്‌സാപ് ഗ്രുപ്പുകളില്‍ എഴുതി തുടങ്ങിയതാണ്. പിന്നീടതങ്ങ് പ്രചരിക്കാന്‍ തുടങ്ങി. കണ്‍മുന്നില്‍ കാണുന്നതിനെയും,അനുഭവിച്ചറിഞ്ഞതുമെല്ലാം നിമിഷങ്ങള്‍ക്കകം കവിതയാക്കാന്‍ കഴിയും എന്നതാണ് അബൂബക്കറിന്റെ പ്രത്യേകത.

കവിത ആലാപനത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ വിമല്‍ വാസുദേവ് ഉള്‍പ്പെടെയുള്ളവര്‍ അബൂബക്കറിന്റെ കവിതകള്‍ ഏറ്റെടുത്തു കഴിഞ്ഞു. തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കലോല്‍സവ നാടകങ്ങള്‍ എഴുതി നല്‍കുന്നതും, ഇംഗ്ലീഷ് സ്‌കിറ്റുകള്‍ തയ്യാറാക്കി നല്‍കുന്നതുമെല്ലാം അബൂബക്കര്‍ തന്നെയാണ്. ഒരു നാട്ടിന്‍ പുറത്തുകാരന്റെ അനുഭവങ്ങള്‍ സര്‍ഗ്ഗാത്മകത ചാലിച്ച് കൃതികളായി മാറിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഈ സ്വീകാര്യത പ്രചോദനമായി ഉള്‍കൊണ്ട് മുന്നോട്ട് പോകാന്‍ തന്നെയാണ് അബൂബക്കറിന്റെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close