കൊറോണ: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്ര മുടങ്ങിയത് 9871 പേര്‍ക്ക്

കരിപ്പൂര്‍: കോവിഡ്- 19 ഭീതിയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍മാത്രം 9871 പേരുടെ യാത്ര മുടങ്ങി. ഒരാഴ്ചയ്ക്കിടെയാണിത്. സൗദിയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ഏറ്റുമധികം യാത്രക്കാര്‍ക്ക് തിരിച്ചുപോകേണ്ടിവന്നത്- 6238 പേര്‍ക്ക്. കോഴിക്കോട്ടുനിന്ന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള വിമാനങ്ങളില്‍ യാത്രചെയ്യാനിരുന്നവരും കണക്ഷന് വിമാനങ്ങളില്‍ യാത്രചെയ്യാന്‍ ബുക്കുചെയ്തവരുമുള്പ്പെടെയാണിത്. കുവൈത്തിലേക്കു നേരിട്ടും കണക്ഷന് വിമാനങ്ങളിലുമായി യാത്രചെയ്യാനിരുന്ന 2073 പേരുടെ യാത്രയും മുടങ്ങി. ഖത്തറിലേക്ക് 1044 പേര്‍ക്കും ഒമാനിലേക്ക് 516 പേര്‍ക്കും യാത്രചെയ്യാനായില്ല. കോഴിക്കോട്ടുനിന്ന് മസ്കറ്റ് വഴി ജിദ്ദയിലേക്കുപോകാനെത്തിയ 95 പേരെ ചൊവ്വാഴ്ച തിരിച്ചയച്ചു. ഒമാന്‍ എയറിന്റെ കോഴിക്കോട് മസ്കറ്റ് വിമാനത്തില്‍ പോകാനെത്തിയവരായിരുന്നു ഇവര്‍.
കൊച്ചിയില്‍ മുടങ്ങിയത് 22 സര്‍വീസുകള്‍
അഞ്ചുദിവസത്തിനിടെ കൊച്ചി വിമാനത്താവളത്തില്‍ 22 വിമാനസര്‍വീസുകള്‍ മുടങ്ങി. ദോഹ, ക്വലാലംപൂര്‍, കുവൈത്ത്, ജിദ്ദ എന്നിവിടങ്ങിലേക്കുള്ള സര്‍വീസുകളാണിത്. ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് റദ്ദാക്കിയിട്ടില്ല.