WORLD

കൊറോണ പിടിപെട്ട് എന്‍എച്ച്എസില്‍ ഗുരുതരാവസ്ഥയില്‍ നിരവധി പേര്‍; ബലിയാടായവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍

ലണ്ടന്‍: യുകെ കോവിഡ് 19ന് എതിരെ നടത്തുന്ന പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് യുദ്ധം ചെയ്യുന്നവരാണ് എന്‍എച്ച്എസിലെ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഫ്രണ്ട്ലൈന്‍ വര്‍ക്കര്‍മാര്‍. രോഗികളുമായി അടുത്തിടപഴകുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് കൊറോണ പിടിപെടുന്നതിന് സാധ്യതയേറെയാണ്. ഇത്തരത്തില്‍ കൊറോണ പിടിപെട്ട് എന്‍എച്ച്എസിലെ നഴ്സുമാരും ഡോക്ടര്‍മാരും അടങ്ങുന്ന 174 ജീവനക്കാര്‍ ഇതുവരെ മരിച്ചിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. കൊറോണ പിടിപെട്ട് മരിച്ചതിന് പുറമെ കോവിഡ് 19 ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന എന്‍എച്ച്എസ് ജീവനക്കാരേറെയുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. കൂടാതെ എത്ര എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കൊറോണ പിടിപെട്ടുവെന്ന് കൃത്യമായി കണക്കാക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുകയാണ്. തല്‍ഫലമായി ഇനിയുമേറെ എന്‍എച്ച്എസ് ജീവനക്കാരുടെ ജീവന്‍ കൊറോണ വൈകാതെ കവരുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇത്തരത്തില്‍ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്ന എന്‍എച്ച്എസ് ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരടക്കമുള്ള ഏഷ്യന്‍ കുടിയേറ്റക്കാരും ആഫ്രിക്കക്കാരും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുമാണെന്നും ഒരിക്കല്‍ കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം 11ന് ശേഷമുള്ള കണക്കുളനുസരിച്ചാണ് 174എന്‍എച്ച്എസ് ജീവനക്കാരുടെ ജീവന്‍ കൊറോണ തട്ടിയെടുത്തിരിക്കുന്നതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെല്ലാം കൊറോണ ബാധിതരുമായി ഇടപഴകിയതിനെ തുടര്‍ന്ന് അസുഖബാധിതരമായി മരിച്ചതാണെന്നും വ്യക്തമായിട്ടുണ്ട്.

പഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് അഥവാ പിപിഇ പോലുള്ള പ്രതിരോധ സംവിധാനങ്ങളില്ലാതെ രോഗികളുടെ അടുത്ത് പോയതിനെ തുടര്‍ന്നാണ് ഇവരില്‍ ഭൂരിഭാഗം പേരും മരിച്ചിരിക്കുന്നത്. അതായത് സര്‍ക്കാര്‍ മനസ് വച്ചിരുന്നുവെങ്കില്‍ വിലയേറിയ ഇവരുടെ ജീവന്‍ കാക്കാമായിരുന്നുവെന്ന ആരോപണം മുമ്പത്തേക്കാള്‍ ശക്തമായി ഉയരുകയാണിപ്പോള്‍.ഇതിലുമേറെ എന്‍എച്ച്എസ് ജീവനക്കാര്‍ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ടെന്നും ഇവയുടെ കൃത്യമായ കണക്കുകളുടെ അഭാവമാണ് ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിച്ചത്ത് വരാതിരിക്കാന്‍ കാരണമെന്ന ആരോപണവും ശക്തമാണ്. ഏറ്റവും അവസാനം കോവിഡ് തട്ടിയെടുത്തിരിക്കുന്നത് ബെര്‍മിംഗ്ഹാം വിമന്‍സ് ഹോസ്പിറ്റലിലെ രണ്ട് നഴ്സുമാരുടെ ജീവനാണ്. 42 വയസുള്ള സീനിയര്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സ് ലിലിയന്‍ മഡ്സി വാര, 30 വയസുള്ള മിഡ് വൈഫായ സഫ ആലം എന്നിവരാണിവര്‍. കഴിഞ്ഞ ആറ് വര്‍ഷമായി ഇവിടെ മിഡ് വൈഫായി സേവനമനുഷ്ഠിക്കുന്ന ആലമിന്റെ അച്ഛന്‍ മുഖ്താഖ് അഫ്സര്‍ രണ്ടാഴ്ച മുമ്പായിരുന്നു മരിച്ചിരുന്നത്.ബക്കിംഗ്ഹാം ഷെയറിലെ ജന്‍ തെരേ എന്ന 52 വയസുള്ള ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ഈ മാസം 14നും ഈസ്റ്റ് സറെ ഹോസ്പിറ്റലിലെ ആംബുലന്‍സ് പാരാമെഡിക് ആയിരുന്ന 52 വയസുള്ള പീറ്റര്‍ ഹാര്‍ട്ടും കൊറോണ ബാധിച്ച് അടുത്തിടെയാണ് മരിച്ചത്.

മേയ് പത്ത് മുതല്‍ 13 വരെയുളള ദിവസങ്ങളിലും എന്‍എച്ച്എസിലെ നിരവധി ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നു. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് ഡെര്‍ബി ആന്‍ഡ് ബര്‍ട്ടണില്‍ സേവനം ചെയ്തിരുന്ന ഫിലിപ്പീന്‍സ് സ്വദേശി നോര്‍മന്‍ ആസ്ട്രിയ, മലയാളി ജിപി ഡോ. പൂര്‍ണിമ നായര്‍, ഗ്രേറ്റ് വെസ്റ്റേണ്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ 65 വയസുള്ള ഡോ ത്വാങ് തെയിക്, എന്‍ഫീല്‍ഡ് ആന്‍ഡ് ഹാരിങെ മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റിലെ മെന്റല്‍ ഹെല്‍ത്ത് വര്‍ക്കറായ 62 വയസുള്ള അലന്‍സോ സ്മിത്ത്, എസെ്ക്സിലെ ജിപി ഡോ. കാരാമത് ഉള്ളാഹ് മിര്‍സ, ഓള്‍ഡാമിലെ ആംബുലന്‍സ് കെയര്‍ അസിസ്റ്റന്റ് ഫിന്‍ റെന്നി എന്നിവരാണിവര്‍.ഇതിന് പുറമെ മാര്‍ച്ചില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം എന്‍എച്ച്എസ് ജീവനക്കാരായ നിരവധി മലയാളികളും ഇന്ത്യക്കാരുമടക്കം കുടിയേറ്റക്കാരായ ഡോക്ടര്‍മാരും നഴ്സുമാരും കൊറോണ ബാധിച്ച് മരിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close