തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ കീഴ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകള്‍ പുറത്തിറക്കരുതെന്ന് ഡിജിപി. പൊലീസുകാരുടെ മനോവീര്യവും ക്ഷേമവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുണ്ട്. പക്ഷെ ചില ജില്ലകളില്‍ ഇതില്‍ വീഴ്ച വന്നിട്ടുണ്ട്. ഇത്തരം സാഹചര്യം ജില്ലാ പൊലീസ് മേധാവിമാരില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ ഡിഐജി, ഐജിമാര്‍ ശ്രദ്ധിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശിക്കുന്നു. ഇടുക്കി എസ് പിയിറക്കിയ ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് ഡിജിപിയുടെ താക്കീത്. വിവാദ ഉത്തരവിനെക്കുറിച്ച് മീഡിയ മംഗളം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊലീസുകാര്‍ ക്വാറന്റീനിലാകാതെ ശ്രദ്ധിക്കണമെന്ന് കാണിച്ച് ഇടുക്കി ജില്ലയിലെ എസ്എച്ച്ഒമാര്‍ക്ക് ജില്ലാ പൊലീസ് മേധാവി ഇറക്കിയ സര്‍ക്കുലറാണ് വിവാദത്തിലായത്. അവധിയിലുള്ള പൊലീസുകാര്‍ ക്വാറന്റീനിലായാല്‍ ചികിത്സ ചെലവ് സ്വന്തം നിലയില്‍ വഹിക്കണം. കൂടാതെ വകുപ്പുതല നടപടിയും നേരിടേണ്ടി വരുമെന്നായിരുന്നു സര്‍ക്കുലര്‍. ഡ്യൂട്ടി റെസ്റ്റിലുള്ള പൊലീസുകാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. കടകളില്‍ പോകുന്നത് ഒഴിവാക്കി സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങണം. മറ്റുള്ളവരുടെ ഫോണോ വാഹനങ്ങളോ സ്പര്‍ശിക്കരുതെന്നും സര്‍ക്കുലറിലുണ്ട്. കൊവിഡ് കാലത്ത് സമയം നോക്കാതെ ജോലി ചെയ്യുന്ന ജില്ലയിലെ പൊലീസുകാര്‍ക്കിടയില്‍ വ്യാപക അതൃപ്തിയാണ് സര്‍ക്കുലര്‍ സൃഷ്ടിച്ചിരിക്കുന്നത്.
അവധിയിലായ പൊലീസുകാര്‍ ക്വാറന്റൈനില്‍ പോയാല്‍ വകുപ്പുതല നടപടി: ഉത്തരവ് വിവാദമാവുന്നു